മലപ്പുറം: ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറി വാടകയ്‌ക്കെടുത്ത് തുരന്നുകയറി 70 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയും കൊള്ളയടിച്ച അവിശ്വസനീയ സംഭവമായിരുന്നു മലപ്പുറം ചേലേമ്പ്രയില്‍ നടന്നത്. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്ന കവര്‍ച്ച അതിവിദഗ്ധമായി ആസൂത്രണംചെയ്ത് വളരെ കൃത്യമായി നടപ്പാക്കി. കവര്‍ച്ചയിലെ ആ പ്രൊഫഷണല്‍ മികവ് ദേശീയമാധ്യമങ്ങളെവരെ വാര്‍ത്തയിലേക്ക് ആകര്‍ഷിച്ചു.

To advertise here,

നേരിയ പാളിച്ചപോലുമില്ലാതെ, ഒരു പഴുതുപോലും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ച. 2007 ഡിസംബര്‍ 31 തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതറിയുന്നത്.

അന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന പി. വിജയന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. 70 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.

മാധ്യമങ്ങള്‍ കവര്‍ച്ചാവൈദഗ്ധ്യത്തിന്റെ സൂക്ഷ്മവിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു. കേരള പോലീസിന് ഒരു വെല്ലുവിളിയായിരുന്നു അന്വേഷണം. തെളിവിന്റെ ഒരു പൊടിപോലും അവശേഷിപ്പിക്കാത്ത കവര്‍ച്ച.

പി. വിജയന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. പോലീസ് നേരിയ തെളിവുകളുടെ സൂക്ഷ്മമായ പഴുതുകളിലൂടെ മുന്നേറി. 56-ാം ദിവസം പ്രതികള്‍ പിടിയിലായി. ആ അന്വേഷണവിവരവും മാധ്യമങ്ങള്‍ ലോകത്തിനുമുന്‍പിലെത്തിച്ചു. കവര്‍ച്ചയുടെ പതിന്മടങ്ങ് വൈദഗ്ധ്യത്തോടെയായിരുന്നു അന്വേഷണം.

ആ കവര്‍ച്ചയുടെയും അന്വേഷണത്തിന്റെയും കഥ അനിര്‍ബന്‍ ഭട്ടാചാര്യയെ ആകര്‍ഷിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളുെട കഥ ഡിറ്റക്ടീവ് നോവലിനേക്കാള്‍ ഉദ്വേഗം പകരുംവിധം ആവിഷ്‌കരിക്കുന്ന എഴുത്തുകാരനാണ് അനിര്‍ബന്‍ ഭട്ടാചാര്യ.

ആക്ഷന്‍ ത്രില്ലറുകളേക്കാള്‍ മികവോടെ അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകം അടുത്തിടെ മലയാളത്തില്‍ എത്തി. 'ചേലേമ്പ്ര ബാങ്ക് കവര്‍ച്ച' എന്ന പുസ്തകം മലയാളത്തിലാക്കിയത് സൈഫ് മുഹമ്മദ്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍.

ടീം സ്പിരിറ്റിന്റെ വിജയം -പി. വിജയന്‍

 'ഒരു ഇടിത്തീ വീണപോലെയായിരുന്നു ചേലേമ്പ്ര കവര്‍ച്ചാവിവരം കേട്ടത്'-അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയും ചേലേമ്പ്ര ബാങ്ക് കവര്‍ച്ച അന്വേഷിച്ച ഉദ്യോഗസ്ഥനുമായ പി. വിജയന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.

'സമാനമായ കേസ് മുന്‍പ് ഇല്ലാത്തതുകൊണ്ട് ടീമിനെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു. എങ്കിലും മികച്ച രീതിയില്‍ അന്വേഷിച്ച് 56 ദിവസംകൊണ്ട് പ്രതികളെ കണ്ടെത്തി. കൂടെയുള്ളവരുടെ ശക്തിയാണ് ആ വിജയം.

എന്തിലും ഒരു സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് ആ കേസിലും സംഭവിച്ചു. അനിര്‍ബന്‍ ഭട്ടാചാര്യയെ കോവിഡ് സമയത്താണ് പരിചയപ്പെടുന്നത്. അദ്ദേഹം പുസ്തകത്തിന്റെ മലയാളപരിഭാഷ തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനാണ് സൈഫ് മുഹമ്മദിനോട് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മികച്ച വായനാനുഭവമാണ് മലയാളം പുസ്തകം'.