
തന്റെ അവസാനശ്വാസം നിലയ്ക്കുന്നതുവരെ മതരാഷ്ട്രവാദത്തിനെതിരേ, സാമുദായികമൈത്രിക്കും മതനിരപേക്ഷതയ്ക്കുംവേണ്ടി പോരാടിയ ധീരനായിരുന്നു മുഹമ്മദ് അബ്ദുറഹിമാന് സാഹിബ്. 1945 നവംബര്‍ 23-ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് കൊടിയത്തൂരിലെ സമ്മേളനത്തില്‍ നടത്തിയ അവസാനപ്രസംഗത്തിലും മുഴങ്ങിയത് മതസൗഹാര്‍ദത്തിനുള്ള ആഹ്വാനമായിരുന്നു.
മതരാഷ്ട്രവാദചിന്തകള് കൂടുതല്‍ ആഴത്തിലും പരപ്പിലും നമ്മുടെ യുവതയിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കാലത്ത് അബ്ദുറഹിമാന് സാഹിബ് എന്ന യഥാര്‍ഥ മതവിശ്വാസിയുടെ ജീവിതത്തെ നമ്മുടെ വര്‍ത്തമാനകാലസമൂഹം ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
അഹിംസാസിദ്ധാന്തത്തില്‍ അടിയുറച്ചുവിശ്വസിച്ച സാഹിബ് ഏറെ വിഷണ്ണനായത് ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ കലാപത്തിലേക്ക് വഴിമാറിയപ്പോഴാണ്. ആലി മുസ്ലിയാരെയും അനുയായികളെയും സന്ദര്‍ശിച്ച് സമാധാനത്തിന്റെ പാതയിലേക്കുവരണമെന്ന ശാന്തിദൂതും സാഹിബ് നടത്തിയിരുന്നു.
മലബാര്‍കലാപത്തില്‍ നിരപരാധികളെയും സ്ത്രീകളെയും കുട്ടികളെയും പട്ടാളക്കാര്‍ വേട്ടയാടി. ഇവര്‍ക്ക് സംരക്ഷണവും ഭക്ഷണവും വസ്ത്രവും നല്കാന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സാഹിബ് കോഴിക്കോട് കളക്ടര്‍ക്ക് കത്തയച്ചു. എന്നാല്‍, കളക്ടര്‍ കത്തുകണ്ടഭാവമേ നടിച്ചില്ല. സാഹിബും വിട്ടുകൊടുത്തില്ല. ഈ കത്ത് ഹിന്ദു, ബോംബെ ക്രോണിക്കിള്‍ പത്രങ്ങള്‍ക്ക് നല്കി. പത്രങ്ങള്‍ ഇതുപ്രസിദ്ധീകരിച്ചതോടെ പട്ടാളത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞു. ഇതോടെ മാര്‍ഷല്‍ ലോ പ്രകാരം കത്തെഴുതിയ കുറ്റത്തിന് സാഹിബിനെ അറസ്റ്റുചെയ്ത് രണ്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.
ജയില്‍മോചിതനായ സാഹിബ് അക്ഷരം ആയുധമാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ അല്‍ അമീന് എന്ന പത്രം ആരംഭിച്ചു. ഞരമ്പുകളില്‍ തീപടര്‍ത്തിയ സാഹിബിന്റെ ലേഖനങ്ങള്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും സമരരംഗത്തേക്കിറക്കി. പത്രമാരണനിയമങ്ങള്‍ ഉപയോഗിച്ച് പലതവണ പത്രവും പ്രസും കണ്ടുകെട്ടി. എന്നാല്‍, സത്യത്തിന്റെ പാതയില്‍നിന്ന് ഒരിക്കലും അല്‍ അമീന് വ്യതിചലിച്ചില്ല.
48 വര്‍ഷത്തെ ഹ്രസ്വമായ ജീവിതത്തില്‍ ഒമ്പതുവര്‍ഷത്തെ യാതനാപൂര്‍ണമായ ജയില്‍വാസമാണ് സാഹിബ് നേരിടേണ്ടിവന്നത്.
രാജ്യരക്ഷാനിയമപ്രകാരം 1940-ല്‍ ജയിലിലടയ്ക്കപ്പെട്ട സാഹിബ് അഞ്ചുവര്‍ഷവും രണ്ടുമാസവും നീണ്ട ജയില്‍വാസത്തിനുശേഷം 1945 സെപ്റ്റംബര്‍ നാലിന് മോചിതനായശേഷം മരണംവരെയുള്ള 77 ദിവസങ്ങളില്‍ ഒരു കൊടുങ്കാറ്റായി അദ്ദേഹം മതരാഷ്ട്രത്തിനെതിരേയുള്ള പ്രചാരണത്തിലായിരുന്നു.
'പാകിസ്താന് അല്ലെങ്കില്‍ ഖബറിസ്താന്‍' വാദക്കാരോട് അദ്ദേഹം പറഞ്ഞു, ''നമുക്കിച്ചെറുതാം പാകിസ്താനല്ലൊരിക്കലും ലക്ഷ്യം, നമുക്കുനമ്മുടെ വിശാലഭാരതവിമോചനം ലക്ഷ്യം''
അണുവിടതെറ്റാത്ത മതനിഷ്ഠയില്‍ അധിഷ്ഠിതമായിരുന്നു അബ്ദുറഹിമാന് സാഹിബിന്റെ ജീവിതം. എന്നിട്ടും മതരാഷ്ട്രത്തെ എതിര്‍ത്തതിന്റെ പേരില്‍ കാഫിറെന്ന ആക്ഷേപമാണ് നേരിടേണ്ടിവന്നത്. സാഹിബിന്റെ തലയെടുക്കുമെന്നുള്ള ഭീഷണികള്വരെയുണ്ടായി. തെല്ലും കൂസാതെ ഭീഷണികള്‍ക്കുമുന്നില്‍ അക്ഷോഭ്യനായിനിന്ന് അദ്ദേഹം പോരാടി. അബ്ദുറഹിമാന് സാഹിബിന്റെ ജ്വലിക്കുന്ന ഈ ഓര്‍മകളും ജീവിതവുമാകണം വര്‍ത്തമാനകാലത്ത് മതനിരപേക്ഷവാദികളുടെ പോരാട്ടത്തിന് ഊര്ജംപകരേണ്ടത്.
Content Highlights: Muhammed Abdurahiman sahib death anniversary
Published: 23 Nov 2020, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented