
ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം പ്രതിഭകളുടെ പട്ടികയില്‍ ഇടം നേടിയ ആളാണ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ബഹുജനസംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തകനുമായ അദ്ദേഹം ഇസ്ലാമിക ചിന്തകളെയും സമകാലികപ്രശ്‌നങ്ങളെയും കുറിച്ച് ആയിരക്കണക്കിന് വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിദ്യാഭ്യാസത്തിന്റെ വെളിച്ചം എത്തിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഖലീല്‍ തങ്ങളുടെ ഇതുവരെയുള്ള ജീവിതം മാതൃഭൂമി ബുക്‌സിനുവേണ്ടി രേഖപ്പെടുത്തിയത് മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍.ഗിരീഷാണ്. ഖലീല്‍ തങ്ങളുടെ ജീവിതം ഇതുവരെ എന്ന പുസ്തകത്തില്‍ നിന്നുള്ള ചില അധ്യായങ്ങള്‍ വായിക്കാം.
പ്രാര്‍ത്ഥനയും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്
കക്ഷിരാഷ്ട്രീയം എന്റെ വഴിയല്ല. മതപരമായ വഴിയിലൂടെ യാത്ര ചെയ്യാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഇക്കാലത്തിനിടെ ഒരിക്കല്‍മാത്രമേ എനിക്ക് കക്ഷിരാഷ്ട്രീയത്തിലിടപെടേണ്ടിവന്നിട്ടുള്ളൂ. അതിന് വഴിയൊരുക്കിയത് സ്വലാത്ത് മജ്ലിസായിരുന്നു.
മുസ്ലിം എന്ന ജനസാമാന്യത്തെയാകെ പ്രതിനിധാനം ചെയ്യേണ്ട രാഷ്ട്രീയപ്പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ഒരുകാലത്ത് നാമനിര്‍ദ്ദേശപത്രിക കൊടുക്കാന്‍ മാത്രമായി മലപ്പുറത്തെത്തിയ ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നത് ആ വിശ്വാസത്തിലാണ്. സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെത്തിയില്ലെങ്കിലും വിജയിച്ചിരിക്കും. പൊന്നാനിയിലും മഞ്ചേരിയിലും (ഇപ്പോള്‍ മലപ്പുറം) അത്ര സുഭദ്രമായിരുന്നു കാര്യങ്ങള്‍.
മലപ്പുറത്തെക്കുറിച്ചുള്ള ആ വിശ്വാസം ഒരിക്കലേ ഉടഞ്ഞിട്ടുള്ളൂ. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍. അന്ന് മഞ്ചേരി മണ്ഡലത്തില്‍ മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.പി.എ. മജീദ് പരാജയപ്പെട്ടു. സി.പി.എം. സ്ഥാനാര്‍ത്ഥി ടി.കെ. ഹംസ വിജയിച്ചു. ഏറനാടിന്റെ രാഷ്ട്രീയചിത്രം വഴിതിരിച്ചുവിട്ട സംഭവമായിരുന്നു അത്.
എനിക്ക് എന്റെ ഉപ്പയുടെ വസീയത്തുണ്ട്. കക്ഷിരാഷ്ട്രീയത്തില്‍ ഇറങ്ങരുത്. മതകാര്യങ്ങള്‍ ശ്രദ്ധിച്ചു നടക്കണമെന്നതാണത്. എന്നാല്‍ മതത്തിന് ഭീഷണിയാവുന്നവിധത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് എന്തെങ്കിലുമുണ്ടായാല്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു.
ആദര്‍ശവും രാജ്യസ്നേഹവും കൂട്ടിയിണക്കി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എന്നാല്‍ കഴിയുന്നതൊക്കെ ചെയ്യാറുണ്ട്. അവശരും അശരണരുമായവരുടെ സംരക്ഷണം, യത്തീംകുട്ടികളുടെ സംരക്ഷണം തുടങ്ങി അള്ളാഹുവും റസൂലും ഇഷ്ടപ്പെടുന്ന നല്ല കാര്യങ്ങള്‍ ചെയ്താണ് ഞങ്ങള്‍ മുന്നോട്ടുപോയിരുന്നത്.
ഒരുഘട്ടത്തിലും കക്ഷിരാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടണമെന്ന് ആഗ്രഹിച്ചയാളല്ല ഞാന്‍. പക്ഷേ, 2004-ലെ തിരഞ്ഞെടുപ്പില്‍ അതു വേണ്ടിവന്നു. സ്വലാത്ത് നഗറിലെ പ്രഭാഷണത്തിനിടെ കോണി ഇസ്ലാമിന്റെ ചിഹ്നമാണെന്ന ധാരണ ശരിയല്ലെന്ന് മലപ്പുറത്തുകാരോട് എനിക്ക് പറയേണ്ടിവന്നു. അതിന് തക്കതായ കാരണവുമുണ്ട്.
മഅ്ദിന്‍ സെക്കന്‍ഡറി സ്‌കൂളിന് അംഗീകാരത്തിനായി ഒട്ടേറെത്തവണ നേതാക്കളെക്കണ്ടു. പെട്ടിപ്പീടികയ്ക്ക് ലൈസന്‍സ് കൊടുക്കുന്നതുപോലെ
സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍, മഅ്ദിനു മാത്രമല്ല, സുന്നി സ്ഥാപനങ്ങള്‍ക്കാകെ അംഗീകാരം തരാതെ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ വിവേചനം കാണിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അവഗണിച്ചു.
ഞങ്ങള്‍ അണ്‍-എയ്ഡഡ് സ്ഥാപനമാണ് ചോദിച്ചത്. അതിന് സര്‍ക്കാരിന് ഒരു ചെലവുമില്ല. എന്നിട്ടും സുന്നികളെ അവഗണിച്ചു. അപ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ അതിനുള്ള മറുപടി കൊടുക്കുക മാത്രമായിരുന്നു ഞങ്ങളുടെ മുമ്പിലുള്ള വഴി. കോണ്‍ഗ്രസ് നേതാക്കള്‍ മുഖേന മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി ബന്ധപ്പെട്ടപ്പോള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ എതിരാണെന്ന മറുപടിയാണ് കേട്ടത്. മാത്രവുമല്ല, 'ആന്റണിയല്ല, സോണിയതന്നെ പറഞ്ഞാലും തരുന്ന പ്രശ്നമില്ലെ'ന്ന് നാലകത്ത് സൂപ്പി പ്രഖ്യാപിക്കുകയും ചെയ്തു.
ചാലിയത്ത് ക്രെസന്റ് സ്‌കൂളിന്റെ ഉദ്ഘാടനത്തിന് മന്ത്രി സൂപ്പി വന്നു. ഞാന്‍ അദ്ധ്യക്ഷനും സൂപ്പി ഉദ്ഘാടകനും. ഉദ്ഘാടനപ്രസംഗത്തില്‍ സൂപ്പി എന്നെ ഇരുപതു മിനിറ്റില്‍ പതിനാലുതവണ പുകഴ്ത്തി. തങ്ങള്‍ പറഞ്ഞിട്ടാണ് താന്‍ മന്ത്രിസഭായോഗം മാറ്റിവെച്ച് വന്നതെന്നുപോലും പറഞ്ഞു.
പിന്നെയും സ്റ്റേജില്‍ ഞങ്ങള്‍ കുശലം പറഞ്ഞിരുന്നു. അവസാനം മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം വേണമെന്ന നിവേദനം ഞാനും ഡി.സി.സി. ഭാരവാഹി ചെമ്മാട് എം.എന്‍. കുഞ്ഞഹമ്മദ് ഹാജിയും ചേര്‍ന്ന് കൊടുത്തു. അതോടെ മന്ത്രിയുടെ മട്ടുമാറി. 'നിങ്ങളാണോ ആ തങ്ങള്‍' എന്നു ചോദിച്ച് അവര്‍ കുപിതനായി. എന്താണതിനു കാരണമെന്ന് എനിക്കു മനസ്സിലായില്ല.
ഇങ്ങനെയൊക്കെയായപ്പോഴും ഞങ്ങള്‍ എതിര്‍ക്കാന്‍ തീരുമാനിച്ചില്ലായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സ്വലാത്ത് ദിനത്തില്‍ (ഏപ്രില്‍ 11ന്) രാവിലെ കെ.പി.എ. മജീദിന്റെ വീട്ടില്‍ എം.എന്‍. കുഞ്ഞഹമ്മദ് ഹാജിയും പി.എം.കെ. ഫൈസിയും മഅ്ദിന്‍ സെക്രട്ടറി മാനുപ്പ ഹാജിയും ചെന്നു കാര്യങ്ങള്‍ പറഞ്ഞു.
ഞങ്ങളുടെ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ സ്വലാത്ത് നഗറില്‍വെച്ചു പരസ്യമായി ആഹ്വാനം ചെയ്യുമെന്ന് സൂചന നല്‍കി. അപ്പോള്‍ മജീദ് പറഞ്ഞു:
''നിങ്ങളുടെ സ്ഥാപനത്തിന് അംഗീകാരം തരുന്ന കാര്യമൊക്കെ ശരിയാവുന്നുണ്ട്. തങ്ങന്മാരൊക്കെ ഏതാണ്ട് സമ്മതിച്ചിട്ടുണ്ട്. ഇനി മുത്തുമോന്‍ (ഉമറലി ശിഹാബ് തങ്ങള്‍) കൂടി സമ്മതിച്ചാല്‍ മതി. തിരഞ്ഞെടുപ്പൊക്കെ കഴിയട്ടെ, നമുക്ക് അതും ശരിയാക്കാം.''
അങ്ങനെ പറഞ്ഞാല്‍ പോരെന്ന് ഞങ്ങള്‍ പറഞ്ഞു. ഉറപ്പുതരണമെന്നു പറഞ്ഞെങ്കിലും മജീദിന് അതിനായില്ല.
അപ്പോഴാണ് സ്വലാത്തില്‍വെച്ച് മജീദിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഞാന്‍ പറഞ്ഞു: ''കോണി ഇസ്ലാമിന്റെ പ്രതീകമാണെന്ന ധാരണ മലപ്പുറത്തുണ്ട്. മലപ്പുറത്തുള്ള പാവങ്ങളെ കാലാകാലങ്ങളായി അങ്ങനെ ധരിപ്പിച്ചുവെച്ചിരിക്കുകയാണ്.''
മജീദ് തോല്‍ക്കുമെന്ന് പരസ്യമായി പറഞ്ഞ എന്റെ ആത്മവിശ്വാസം കണ്ട് ദര്‍സിലെ വിദ്യാര്‍ത്ഥികളും എന്നെ സ്നേഹിക്കുന്നവരും വരെ അമ്പരന്നു. അതിന്റെ പ്രത്യാഘാതമെന്താകുമെന്നോര്‍ത്ത് ആശങ്കപ്പെട്ടവരുമേറെ.
വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു അത്. കോഴിക്കോട് എസ്.വൈ.എസിന്റെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം നടക്കുകയാണ്. അവിടെ പ്രഭാഷണത്തിനിടെ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ സുന്നികളെ ഭരണാധികാരികള്‍ അവഗണിക്കുന്നതിനെതിരേ കത്തിക്കയറി. തങ്ങള്‍ പറഞ്ഞു:
'ഭരണാധികാരികളും കുറച്ച് കണ്ണു തുറക്കണം. ഭരണാധികാരികള്‍ കണ്ണു തുറന്നോളണം (ആവര്‍ത്തിക്കുന്നു). വഖഫ് ബോര്‍ഡ് പിന്നെ, ആര്‍ക്കുള്ളതാണെടോ, വഖഫ് സംരക്ഷിക്കാനുള്ളതല്ലേ... വഖഫ് ബോര്‍ഡില്‍ ഒരൊറ്റ നമ്മളെ സുന്നികളാരും ഇല്ല. ഹജ്ജ് കമ്മിറ്റിയില്‍ ഒറ്റൊന്നുമില്ല. ഇതാരുണ്ടാക്കിയത്. ങ്ളെ രാഷ്ട്രീയാ...
'ഞമ്മള്‍ക്ക് ഒരു രാഷ്ട്രീയവുമില്ല. നോക്കിക്കോ... അട്ത്ത തെരഞ്ഞെടുപ്പില്‍ ഒരൊറ്റൊന്നിന് വോട്ട് കിട്ടൂല കേട്ടോ... സുന്നികളെ സഹായിക്കാത്ത ഒറ്റൊന്നിനും വോട്ട് കൊടുക്കരുത്. വേറൊന്നും പറയ്ണില്ല. ഓലെ പൂതി ആള് കൊറെ ഞമ്മളേയ്ലാന്നാ... കാണാ ഞമ്മക്ക്... അടുത്ത തെരഞ്ഞെടുപ്പില് വാ... നിങ്ങള് മനസ്സിലാക്കണം... ജനങ്ങള് മനസ്സിലാക്കണം...'
അല്‍പ്പം മൗനത്തിനു ശേഷം തങ്ങള്‍ തുടര്‍ന്നു: മലപ്പുറത്ത് എന്തേപ്പത്... മുട്ടിപ്പടി ഒരു തങ്ങള് ദറസ് നടത്ത്ണ്. അവടെ കൊറേ സ്ഥലങ്ങളൊക്കായി ദിഖ്റും സ്വലാത്തും ഒക്കെ തുടങ്ങി നോക്ക്യപ്പോ ആളങ്ങ് കൂടി... അവടെ സ്‌കൂള് കൊടുക്കൂല. ഗവര്‍മെന്റ് അനുവദിക്കുന്ന സ്‌കൂള് ഇവര് അനുവദിച്ച് കൊടുക്കൂല. അതൊക്കെ നിങ്ങള് തുറന്ന് മനസ്സിലാക്കണം.
'അതിന്റെ പണി... ഈ കൂടിയ ആളുകള്‍ തൊള്ളോണ്ട് അള്ളാഹ്ന് പറഞ്ഞാല്‍ പോരാ... എല്ലാ സ്ഥലത്തും അത് നിങ്ങള്‍ക്ക് കാണാം... അത്രേ ഞാന്‍ പറയുന്നുള്ളൂ... ഞമ്മക്ക് ആരെയും പേടിയില്ല. അള്ളാഹുവിനെയും റസൂലിനെയും പേടിച്ചാല്‍ ആരേടാ പേടിക്കേണ്ടത്. ഞമ്മള് ദുന്‍യാവിന് ഒരു വെലയും കാണുന്നില്ല. അതോണ്ട് ഹഖിന്റെ മേല്‍ ഉറച്ച് നില്‍ക്കണം എപ്പൊളും...'
കടുത്ത ഭാഷയിലുള്ള ഉള്ളാള്‍ തങ്ങളുടെ പ്രസംഗം അവിടെ കൂടിയിരുന്നവരെയും ആവേശഭരിതരാക്കി. ഒരു തീരുമാനമെടുത്തതുപോലെയാണ് ആ ജനസഞ്ചയം അന്നു പിരിഞ്ഞത്.
സ്വലാത്ത് നഗറില്‍ ഞാന്‍ പരസ്യമായി ലീഗിനെതിരേ പറഞ്ഞതോടെ, എനിക്ക് ധാരാളം ശത്രുക്കളുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എന്റെ കോലങ്ങള്‍ തൂക്കി. ഇവിടെ സ്വലാത്ത് നടക്കുമ്പോള്‍ മലപ്പുറത്തുനിന്നും പ്രകടനം നടത്തി. ക്രമസമാധാന പ്രശ്നമുന്നയിച്ച് സ്വലാത്ത് നിര്‍ത്തിവെപ്പിക്കുമെന്നും മറ്റും തിരഞ്ഞെടുപ്പിനുമുമ്പ് വ്യാപകമായി പ്രസംഗിച്ചു. തിരഞ്ഞെടുപ്പുഫലം വരുന്ന മേയ് 13ന് രാവിലെ കത്തിക്കാനായി എന്റെയും കാന്തപുരം ഉസ്താദിന്റെയുമൊക്കെ കോലങ്ങള്‍ ഉണ്ടാക്കിവെച്ചു.
തേക്കുംകാട്ടില്‍ മുത്തുക്കോയയെ (പി. സീതിഹാജിക്കെതിരെ കൊണ്ടോട്ടിയില്‍ മത്സരിച്ച അഖിലേന്ത്യാ ലീഗ് സ്ഥാനാര്‍ത്ഥിയായ മുത്തുക്കോയ തങ്ങള്‍) കുളിപ്പിച്ചുകിടത്തിയപോലെ ഖലീല്‍ തങ്ങളെയും കുളിപ്പിച്ചുകിടത്തുമെന്ന് പ്രസംഗിച്ചുനടന്നു.
ഞാന്‍ അക്കാര്യത്തിലൊന്നും ഇടപെട്ടില്ല. തിരഞ്ഞെടുപ്പിനുശേഷം നടന്ന സ്വലാത്തില്‍ ആരേയും അധിക്ഷേപിക്കുന്ന തരത്തില്‍ പെരുമാറരുതെന്ന് ഞാന്‍ പ്രത്യേകം പറഞ്ഞു. തിരഞ്ഞെടുപ്പുഫലത്തിന്റെ ആവേശത്തില്‍ ഈമാന്‍ നഷ്ടപ്പെടാതിരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നല്‍കിയത്.
ആ തിരഞ്ഞെടുപ്പിലെ പ്രഖ്യാപനത്തോടെ സുന്നി വോട്ടുകളപ്പാടെ എതിര്‍ചേരിയിലേക്ക് തിരിയുമെന്ന തെറ്റിദ്ധാരണയൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പ് കൊടുക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. മാത്രമല്ല, കേരളത്തിലെ സുന്നികള്‍ ഉദ്ബുദ്ധരാണ്. നാടിന്റെയും ഇസ്ലാമിന്റെയും ശത്രുക്കളെ തിരിച്ചറിയാനുള്ള വകതിരിവൊക്കെ സുന്നികള്‍ക്കുണ്ട്. കക്ഷിരാഷ്ട്രീയകാര്യങ്ങളില്‍ സുന്നികള്‍ക്ക് താത്പര്യമില്ല.
അന്നത്തെ അവഗണന അത്രത്തോളമായിരുന്നു. സുന്നി സ്ഥാപനങ്ങളും പള്ളികളുമൊക്കെ മറ്റുള്ളവര്‍ കൈവശപ്പെടുത്തി. പള്ളികള്‍ പൂട്ടി പോലീസിനെ കാവല്‍ നിര്‍ത്തി. സുന്നികളെ തുണയ്ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. പള്ളികള്‍ പിടിച്ചടക്കുന്ന പുത്തന്‍ വാദക്കാര്‍ക്ക് ലീഗ് നേതാക്കളുടെ പിന്തുണയും.
വഖഫ് ബോര്‍ഡില്‍ സുന്നികളെ തഴഞ്ഞു. പുത്തന്‍ വാദക്കാര്‍ക്ക് സ്ഥാനങ്ങള്‍ വാരിക്കൊടുത്തപ്പോള്‍ സുന്നികള്‍ക്ക് ഒരു സ്ഥാനംപോലും നല്‍കിയില്ല. ഇവിടെയുള്ള മഖ്ബറകളും മറ്റു വഖഫ് സ്വത്തുക്കളും പുത്തന്‍ വാദക്കാര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തു.
സൗദിയിലെ അധികാരം ഞങ്ങളുടെ കൈവെള്ളയിലായാല്‍ നബിയുടെ റൗള്വാ ശരീഫിലെ പച്ച ഖുബ്ബ അടിച്ചുപൊളിക്കുമെന്ന് പരസ്യമായി പറഞ്ഞവരാണ് പുത്തന്‍ വാദക്കാര്‍. അവര്‍ക്കാണ് വഖഫ് ബോര്‍ഡ് ഏല്‍പ്പിച്ചുകൊടുത്തത്.
കേരളത്തില്‍ ഏറ്റവും നല്ല സ്വകാര്യ ഹജ്ജ് സര്‍വീസ് നടത്തുന്നത് എസ്.വൈ.എസാണ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ഹജ്ജ് സര്‍വീസാണത്. എന്നിട്ടും സുന്നികള്‍ക്ക് ഹജ്ജ് കമ്മിറ്റിയില്‍ പ്രാതിനിദ്ധ്യം നല്‍കിയില്ല. ഓറിയന്റല്‍ കോളേജുകളിലൂടെയും സ്‌കൂള്‍ പുസ്തകങ്ങളിലൂടെയുമൊക്കെ സര്‍ക്കാര്‍ ചെലവില്‍ ഇവര്‍ പുത്തന്‍വാദം പ്രചരിപ്പിക്കുന്നു. സുന്നി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുക എന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടോ എന്നു സ്വാഭാവികമായും സംശയിക്കേണ്ട സാഹചര്യമായിരുന്നു അത്. മഅ്ദിന്‍ സ്‌കൂളിന് അംഗീകാരം നല്‍കുന്നതിനെ ലീഗ് നേതാക്കള്‍ എതിര്‍ത്തതുകൂടി പരിഗണിച്ചപ്പോള്‍ അവഗണന മൂര്‍ദ്ധന്യത്തിലാണെന്നു മനസ്സിലായി. ഉള്ളാള്‍ തങ്ങളുടെ പ്രസംഗം ആ അവഗണന സമൂഹത്തില്‍ ചര്‍ച്ചയാക്കുകയും ചെയ്തു.
എന്നാല്‍, മുസ്ലിം ലീഗിലെ എല്ലാ നേതാക്കള്‍ക്കും എന്നോട് ആ സമീപനമായിരുന്നില്ല. ലീഗിന്റെ തമിഴ്നാട്ടിലെ ഒട്ടുമിക്ക നേതാക്കളും ഇവിടെ വരാറുണ്ട്. ലീഗിന്റെ ഇപ്പോഴത്തെ ദേശീയാദ്ധ്യക്ഷനും തമിഴ്നാട്ടില്‍നിന്നുള്ള എം.പിയുമായ ഖാദര്‍ മൊയ്തീന്‍ തുടക്കംമുതല്‍ക്കേ മഅ്ദിനുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. മിക്കവാറും ഇവിടെ വരാറുമുണ്ടായിരുന്നു. ഇപ്പോഴും ആ ബന്ധം നിലനിര്‍ത്തുന്നുമുണ്ട്.
കേരളത്തിലെ ലീഗിന്റെതന്നെ സംസ്ഥാന നേതാക്കളില്‍ പലരും സുന്നികളോടുള്ള അവഗണനയില്‍ അസംതൃപ്തി രഹസ്യമായി എന്നോടു പറഞ്ഞിട്ടുണ്ട്. ചിലര്‍ അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇവിടെ സ്വലാത്തുമായി സഹകരിക്കുന്ന ഭൂരിഭാഗം പേരും മുസ്ലിം ലീഗുകാരാണ്. എന്നാല്‍ നേതൃത്വത്തിലുള്ള ചിലരുടെ പിടിവാശിയാണ് അന്ന് കാര്യങ്ങള്‍ വഷളാകാനിടയാക്കിയത്.
സ്വലാത്തില്‍ ഇതുപോലൊരു നിമിഷം പിന്നീടിതുവരെ ഉണ്ടായിട്ടില്ല. ലീഗ് നേതാക്കളുമായും പാണക്കാട് കുടുബവുമായുമൊക്കെ നല്ല ബന്ധം പുലര്‍ത്തുന്നു. അക്കാലത്ത് കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി വരുന്നുവെന്നൊക്കെയുള്ള പ്രചാരണം ശക്തമായി നടന്നിരുന്നു. അങ്ങനെയൊരു ചിന്തയും സുന്നികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കാന്തപുരം ഉസ്താദടക്കമുള്ള സുന്നി നേതാക്കളെ സമൂഹത്തിന്റെ മുന്നില്‍ വിലകുറച്ചുകാണിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അതൊക്കെ.
സുന്നികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിച്ചത് കാന്തപുരം ഉസ്താദും ഉള്ളാള്‍ തങ്ങളുമൊക്കെയാണ്. അള്ളാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചരിച്ച് ദീനിനെ സംരക്ഷിക്കുന്നവരാണ് സുന്നികള്‍. സുന്നികള്‍ക്ക് എല്ലാ പാര്‍ട്ടികളോടും സമദൂരസിദ്ധാന്തമാണ്. അതില്‍ മാറ്റമില്ല. സഹായിക്കുന്നവരെ സഹായിക്കും. എതിര്‍ക്കുന്നവരെ എതിര്‍ക്കും.
യോജിപ്പിന്റെ വഴി
2024 ഓഗസ്റ്റ് 28 സ്വലാത്ത് നഗറിന് ഏറെ പ്രധാനപ്പെട്ട ദിവസമായിരുന്നു. അന്നാണ് സാദാത്ത് സംഗമത്തിന് ഇവിടം വേദിയായത്. സാദാത്ത് സംഗമം ഉദ്ഘാടനം ചെയ്തത് മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനും പാണക്കാട് കുടുംബത്തിന്റെ കാരണവരുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അദ്ധ്യക്ഷത വഹിച്ചത് ഞാനും. പുതിയൊരു തുടക്കമായിരുന്നു ആ സംഗമവേദി.
ഉദ്ഘാടനപ്രസംഗത്തില്‍ സാദിഖലി തങ്ങള്‍ എടുത്തുപറഞ്ഞത് മഅ്ദിന്‍ അക്കാദമിയുടെ നേട്ടങ്ങളെക്കുറിച്ചാണ്. വിദ്യാഭ്യാസരംഗത്ത് ദക്ഷിണേന്ത്യയിലെതന്നെ മാതൃകാസ്ഥാപനമാണ് മഅ്ദിന്‍ എന്ന് അവര് വിശേഷിപ്പിച്ചു. മനോഹരമായ ആ ഭാഷണത്തിലെ ഏതാനും വരികള്‍ ഞാനിവിടെ കുറിക്കട്ടെ: 'സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം എത്തിച്ചുകൊടുത്തുകൊണ്ട് അതിലൂടെ സമൂഹത്തിന്റെ ബുദ്ധിക്കും ബുദ്ധിവൈഭവത്തിനും കൂടുതല്‍ തിളക്കവും മാറ്റും വര്‍ദ്ധിപ്പിക്കുകയാണ് മഅ്ദിന്‍ അക്കാദമി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിച്ച് വിദേശ സര്‍വ്വകലാശാലകളുമായി കൂട്ടുകെട്ടുണ്ടാക്കി അത് കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി നടപ്പിലാക്കുകയാണ് ഖലീല്‍ തങ്ങള്‍. മഅ്ദിന്‍ മലപ്പുറത്തിനാകെ തിലകക്കുറിയാണ്.'
യോജിപ്പിന്റെ വഴികളിലേക്കും അദ്ദേഹം പ്രഭാഷണത്തിനിടെ ഇറങ്ങിച്ചെന്നു.
'സംഘടനകള്‍ ഒരുപാടുണ്ടാവും. എല്ലാ സംഘടനകളുടെയും എല്ലാ കാര്യങ്ങളും ശരിയാണ് എന്നു വിശ്വസിക്കേണ്ടതില്ലല്ലോ. തെറ്റൊക്കെ പറ്റിയിട്ടുണ്ടാവും. എല്ലാറ്റിനോടും നമുക്ക് യോജിക്കാനുമാവില്ല. പക്ഷേ, യോജിക്കാവുന്ന മേഖലകളും യോജിക്കാവുന്ന സന്ദര്‍ഭങ്ങളുമുണ്ട്. യോജിക്കാവുന്ന മേഖലകളിലെല്ലാം നമ്മള്‍ യോജിക്കുക. നമ്മളതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതൊരു തുടക്കമാണ്. ഇതിവിടെ അവസാനിക്കുകയില്ല. ഇന്‍ഷാ അള്ളാ, ഇത് മുന്നോട്ടുപോകണം.'
ആര് ജയിച്ചു, ആര് തോറ്റു എന്നന്വേഷിക്കലല്ല, അള്ളാഹുവിന്റെ മുന്നില്‍ നമുക്ക് ഒരുമിച്ച് ജയിക്കണം. അതിനുള്ള വഴികളാണ്, പ്രാര്‍ത്ഥനകളാണ് ഉണ്ടാവേണ്ടതെന്ന വലിയ സന്ദേശം നല്‍കിയാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണം അവസാനിപ്പിച്ചത്.
മഅ്ദിന്‍ അക്കാദമിയിലെ സാദാത്ത് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു ആ സംഗമം. ലോകത്ത് മുന്നൂറിലേറെ സാദാത്ത് ഖബീലകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ പ്രധാനപ്പെട്ട 49 ഖബീലകളും കേരളത്തിലുണ്ട്. കേരളത്തില്‍ ഏകദേശം മുപ്പതിനായിരം വീടുകളിലായി രണ്ടു ലക്ഷത്തോളം സാദാത്തുക്കളുണ്ടെന്നാണ് പറയപ്പെടുന്നത്.
കേരളത്തിലെ മത-സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ തിരുനബി സന്താനപരമ്പരയായ സാദാത്തുക്കളുടെ നേതൃപരമായ ഇടപെടലുകള്‍ ചരിത്രപരമാണ്. തിരുകുടുംബം ഈ മണ്ണിലെത്തിയതുമുതല്‍തന്നെ ആ മഹിതപാരമ്പര്യത്തിന്റെ നേതൃപാടവവും പരിലാളനകളും അനുഭവിച്ചും ആസ്വദിച്ചും ഉള്‍ക്കൊണ്ടും ജീവിക്കുന്നവരാണ് കേരളീയ പൊതുസമൂഹം.
എന്നാല്‍ ഇടക്കാലത്തെവിടെയോ പല കാരണങ്ങള്‍കൊണ്ടും സാദാത്തുക്കള്‍ മുഖ്യധാരയില്‍നിന്നും അകലംപാലിച്ചു. സാമൂഹികമായും സാമ്പത്തികമായുമെല്ലാം പിന്നാക്കമായി. ഈ പ്രതിസന്ധി പരിഹരിക്കണമെന്നും തരണംചെയ്യണമെന്നും ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സാദാത്ത് അക്കാദമിക്ക് തുടക്കംകുറിച്ചത് അങ്ങനെയാണ്. സാദാത്ത് കുടുംബത്തില്‍നിന്നുള്ള ആണ്‍-പെണ്‍ കുട്ടികളടക്കം 450-ലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
സാദാത്തുക്കളെ ഒരുമിച്ചുകൂട്ടുകയും വൈജ്ഞാനികമായി പ്രബുദ്ധരാക്കേണ്ടതും ആവശ്യമാണെന്നുകണ്ടാണ് അക്കാദമിക്ക് തുടക്കമിട്ടത്. സാമുദായികമായി വളരെ അത്യാവശ്യമായ കാര്യമായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ബഹുമാനപുരസ്സരം സമീപിക്കുന്നവരും ആശ്വാസം തേടിയെത്തുന്നവരുമാണ് സാദാത്തുക്കള്‍. എന്നാല്‍ ഈ സാദാത്തുക്കള്‍ക്ക് വൈജ്ഞാനികപ്രബുദ്ധതയും കാലോചിതപരിഷ്‌കരണങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഭാവിയിലെ സാമുദായികനേതൃത്വം അജ്ഞരാകും. അത് പരിഹരിക്കുകയാണ് സാദാത്ത് അക്കാദമിയുടെ ലക്ഷ്യം. മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്കെല്ലാം, പ്രത്യേകിച്ചും സാദാത്ത് അക്കാദമിക്ക് പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെനില്‍ക്കുന്ന മഹാവ്യക്തിത്വമാണ് രത്നഗിരി അബൂബക്കര്‍ ഹാജി.
സാദാത്ത് അക്കാദമിയുടെ നേതൃത്വത്തിലായിരുന്നു അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ മത്സരത്തിനെത്തി. സാദാത്ത് ഫെസ്റ്റിന്റെയും മുല്‍തഖല്‍ അഷ്റാഫിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന് അഭിവന്ദ്യരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെത്തിയത് ഏറെ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഉള്‍ക്കൊണ്ടത്. സയ്യിദ് അലി ബാഫഖി തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അസ്സഖാഫി, സയ്യിദ് അബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. തുടങ്ങി സാദാത്ത് കുടുംബത്തിലെ പണ്ഡിത-രാഷ്ട്രീയ നേതൃത്വങ്ങളും കാരണവന്മാരും കുട്ടികളും തുടങ്ങി വ്യത്യസ്ത തലമുറകളുടെ സംഗമംകൂടിയായി സാദാത്ത് ഫെസ്റ്റ്.
Content Highlights: sayyed ibrahimul khaleel al bukhari thagal biography jeevitham ithuvare r gireesh
Published: 30 May 2025, 06:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented