
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ പുസ്തകമായ ‘ആരും കാണാത്ത യുദ്ധങ്ങളി’ൽനിന്ന് ഒരു ഭാഗം;
Who knows, perhaps God is simply the search for God. -Nikos Kazantzakis
അപ്പൻ ഞങ്ങൾ മക്കളോടു നിരന്തരം പറഞ്ഞിരുന്ന, കുട്ടിക്കാലം തുടങ്ങി ഞങ്ങളെ ബലപ്പെടുത്തിയിരുന്ന ഒരു വാചകമുണ്ട്, 'എല്ലാ ദിവസവും തമ്പുരാന്റെ മുൻപിൽ കൈവിരിച്ച് പ്രാർത്ഥിക്കുന്ന ഒരപ്പൻ നിങ്ങൾക്കുണ്ട്.' പരീക്ഷയ്ക്കു പോകുമ്പോൾ, ഇന്റർവ്യൂവിനു വേണ്ടി വീട്ടിൽനിന്നിറങ്ങുമ്പോൾ, കുറേക്കാലമായി ആഗ്രഹിച്ച ഒരു കാര്യം നടക്കാതെ വരുമ്പോഴൊക്കെ ഈ വാചകത്തിനോടു ചേർത്താണ് അപ്പൻ ഞങ്ങൾക്ക് ആശംസകൾ നൽകിയിരുന്നത്. സത്യമായിട്ടും അത് ഞങ്ങൾക്കു നൽകിയിരുന്ന ആത്മവിശ്വാസം വലുതായിരുന്നു. അപ്പന് ദൈവത്തോടുള്ള അചഞ്ചലമായ ഭക്തിയും സ്നേഹവും വിശ്വാസവും കണ്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. അവനവനുവേണ്ടിയും ഞങ്ങൾക്കു വേണ്ടിയും അപ്പൻ ദൈവങ്ങളുമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അതേ ദൈവങ്ങളുമായി കലഹിച്ചുകൊണ്ട് അതേ വീട്ടിൽ മറ്റൊരാളുണ്ടായിരുന്നു!
അമ്മ പള്ളിയിൽ പോയിട്ട് വർഷങ്ങളായി. ബന്ധുക്കളുടെ വിവാഹമോ, പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമോ, അല്ലെങ്കിൽ മറ്റു ചടങ്ങുകളുടെ ഭാഗമായോ പള്ളിയിൽ പോകുന്നതല്ലാതെ അമ്മയെ ഞാൻ പള്ളിയിൽ കണ്ടിട്ടില്ല. ദുഃഖവെള്ളിയാഴ്ച ഞങ്ങളുടെ കൂടെ കുർബാനയ്ക്കു വന്നപ്പോൾ, 'മനസ്സ് മാറിയോ' എന്ന എന്റെ ചോദ്യത്തിനു കിട്ടിയ ഉത്തരം ഇങ്ങനെയായിരുന്നു:
''ഇന്ന് അയൽപക്കക്കാരും നാട്ടുകാര് മുഴുവനും പള്ളിയിലായിരിക്കും. കള്ളന്മാരൊക്കെ നോക്കി വയ്ക്കണ ദിവസമാണ്. എനിക്ക് ജീവനിൽ കൊതിയുള്ളതുകൊണ്ട് നിങ്ങടെയൊപ്പം പള്ളിയിൽ വരാമെന്നു കരുതി, അത്രമാത്രം.''
അമ്മയുടെ ഭാഷയിൽ 'എനിക്ക് ഈ പുരോഹിതവർഗത്തെ കണ്ണെടുത്താൽ കണ്ടുകൂടാ' എന്നാണ് എപ്പോഴും പറയുക. അമ്മയുടെ കുട്ടിക്കാലം മുതൽ കണ്ട, അറിഞ്ഞ ചില കയ്പേറിയ അനുഭവങ്ങളുടെ ആകത്തുകയാണ് അവരെക്കൊണ്ട് ഇതു പറയിപ്പിച്ചത്. അമ്മ മരിക്കുമ്പോൾ അടക്കിന് 'ഒപ്പീസ് ചൊല്ലാൻ പാടില്ല' എന്ന് പോസ്റ്റർ ഒട്ടിക്കണമെന്നും, മരണപ്പാട്ടുകൾക്കു പകരം അമ്മയ്ക്കിഷ്ടമുള്ള സിനിമാഗാനങ്ങൾ മാത്രമേ വെക്കാവൂവെന്നും, പള്ളിയിൽ അടക്കരുതെന്നും, ശരീരം കത്തിച്ചുകളയണമെന്നുമാണ് അമ്മ എഴുതിവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് കൊന്തചൊല്ലി പ്രാർത്ഥിച്ചിരുന്ന, ഞായറാഴ്ചകളിൽ പള്ളിയിൽ പോയിരുന്ന, ഓശാന ഞായർ കുരുത്തോലയുമായി വന്നിരുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ എവിടെവെച്ചാണ് അമ്മയ്ക്ക് ഭക്തരുടെ ഭാഷയിൽ 'വഴി തെറ്റിയത്?'
എന്റെ അമ്മയെ 'വഴിതെറ്റിച്ചത്' അപ്പന്റെ കുടുംബത്തെ മറന്നുള്ള പള്ളിപ്രവർത്തനങ്ങളാണ് എന്നതാണ് ഒരു മകൻ എന്ന നിലയിൽ എന്റെ കണ്ടെത്തൽ. അമ്മയെക്കാൾ ആദരവ് അപ്പൻ പള്ളീലച്ചന്മാർക്ക് കൊടുത്തിരുന്നു. വെള്ള വസ്ത്രം ധരിച്ചവരെ കണ്ടാൽ താനേ വളയുന്ന നട്ടെല്ലാണ് എന്റെ അപ്പന്റേത്. അമ്മയോട്, ദിവസവും കുടുംബത്തിനുവേണ്ടി കൈവിരിച്ചു പ്രാർത്ഥിച്ച് കുർബ്ബാന കാണുന്ന അപ്പന്റെ കരുതലിനെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്കു കിട്ടിയ മറുപടി ഇതാണ്:
'നിന്റെ അപ്പൻ രാവിലെ എഴുന്നേറ്റ്, യൂട്യൂബ് എടുത്ത് സെർച്ച് ചെയ്ത് കുർബാന കണ്ട് കൈ കൂപ്പി നിൽക്കുബോൾ ഞാൻ രാവിലെ എഴുന്നേറ്റ് പുട്ടിന് നനച്ച്, തേങ്ങാ ചിരണ്ടി, ചായയും കടലക്കറിയും ഉണ്ടാക്കി കൈ നടുവിന് കൊടുത്തുനിൽക്കുന്നു. കുർബാന കഴിഞ്ഞുവരുമ്പോൾ മേശയിൽ പുട്ടും കടലയും ചായയും ഉണ്ടാകുമെന്ന ഉറപ്പുള്ളതുകൊണ്ടല്ലേ അപ്പന് രാവിലെ മൊബൈൽ നോക്കി കൈകൂപ്പി ഇരിക്കാൻ സാധിക്കുന്നത്? രാവിലെ കൈകൂപ്പി പ്രാർത്ഥിക്കുന്ന ഒരാൾക്ക് കിട്ടുന്ന ഗ്ലോറി രാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കുന്ന വ്യക്തിക്ക് കിട്ടില്ലെന്നു മാത്രം. കഴിഞ്ഞ നാൽപ്പതു വർഷക്കാലം ഒരിക്കൽപ്പോലും ഒരു ഞായറാഴ്ച ഞങ്ങൾ ഒരുമിച്ച് പള്ളിയിൽ പോയിട്ടില്ല. കാറ്റിക്കിസം പിള്ളേരെ നന്നാക്കാൻ നിന്റെ അപ്പൻ വെളുപ്പിനേ എട്ടുമണിക്ക് പള്ളിയിലേക്കിറങ്ങും, എത്തുന്നതോ വൈകിട്ടും! നീതന്നെ ചോദിക്ക് നിന്റെ അപ്പനോട്, ഇതൊക്കെ ചെയ്തത് സമൂഹത്തിൽ ആളാകാനാണോ അതോ ഈശോയോടുള്ള സ്നേഹത്തെ പ്രതിയാണോ എന്ന്? അപ്പന്റെ സ്വാർത്ഥതയുടെ ഏറ്റവും വലിയ തെളിവാണ് അപ്പന്റെ പള്ളിപ്രവർത്തനങ്ങളും പ്രാർത്ഥനയും. പ്രാർത്ഥിക്കാൻ എളുപ്പമാണ്, പ്രവർത്തിക്കാനാണ് പ്രയാസം. ശ്വാസംമുട്ടുമ്പോഴല്ലാതെ എന്നെങ്കിലും മനുഷ്യർ ശ്വാസത്തെ സീരിയസായി എടുത്തിട്ടുണ്ടോ? അത് പിന്നെ എപ്പോഴും ഉണ്ടല്ലോ, ഒരുവശത്തുകൂടെ അതങ്ങ് നടന്നുപോകുന്നുണ്ടല്ലോ. രണ്ടു മിനിറ്റ് ഒന്നു നിന്നുപോകട്ടെ, അപ്പോ അറിയാം. നിന്റെ അപ്പന്റെ ശ്വാസമാണെടാ ഞാൻ! എന്റെ കൈപ്പണിയെക്കാൾ കൂടുതൽ മഹത്ത്വം അപ്പന്റെ കൈവിരിക്ക് ദൈവം കാണുന്നുണ്ടെങ്കിൽ ആ ദൈവത്തോട് എനിക്ക് വലിയ മതിപ്പുമില്ല, ഭയവുമില്ല.'
അപ്പന്റെ വിശ്വാസത്തിനും അമ്മയുടെ അവിശ്വാസത്തിനും നടുവിൽ പെട്ടുപോയ ഒരു മകൻ എന്ന നിലയിൽ എന്റെ ദൈവവിശ്വാസം അങ്ങോട്ടും ഇങ്ങോട്ടും ചായുന്നതാണ്. പരീക്ഷയ്ക്ക് എല്ലാം പഠിച്ചവനും ഒന്നും പഠിക്കാത്തവനും ടെൻഷനുണ്ടാകില്ല എന്നു പറയുന്നപോലെ. ഈശ്വരവിശ്വാസിക്ക് ഈശ്വരനും, നിരീശ്വരവാദിക്ക് അവനവനും ഉള്ള ഈ ലോകത്തിൽ, ഇടയിൽപ്പെട്ടവന് ആരുണ്ട്?
വിശുദ്ധന്മാരുടെ ഇടയിൽ ഒരു 'ഗുമ്മില്ല' എന്ന് ഞാൻ പലപ്പോഴും കരുതിയിരുന്ന ഒരാളാണ് യൗസെപ്പ് എന്ന ജോസഫ്. യേശുവിന്റെ അപ്പനാണ് എന്നതു മാത്രമാണ് അദ്ദേഹത്തിന് എന്തെങ്കിലുമൊക്കെ ഒരു ബഹുമാനം എന്റെ കണ്ണിൽ കിട്ടാൻ കാരണം. കുഞ്ഞുന്നാൾ തുടങ്ങി എന്തേലുമൊക്കെ ആവശ്യം വന്നാൽ ഓടിപ്പോയി പ്രാർത്ഥിച്ചിരുന്ന വിശുദ്ധന്മാരുടെ ലിസ്റ്റെടുത്താൽ അതിൽ അദ്ദേഹമില്ലായിരുന്നു. ബൈബിളിൽ യൗസെപ്പ് അങ്ങനെ വലിയ അദ്ഭുതങ്ങളൊന്നും ചെയ്തതായി പറയുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള റഫറൻസ് പോലും വളരെ മിനിമലാണ്. പക്ഷേ, അദ്ദേഹത്തോട് ഏറ്റവും ഭക്തിയുള്ള, പ്രാർത്ഥിക്കുന്നുണ്ടെങ്കിൽ യൗസേപ്പിതാവിനോടു മാത്രം പ്രാർത്ഥിക്കുന്ന ഒരാളുണ്ട് വീട്ടിൽ. അമ്മയാണ്. പ്രാർത്ഥിക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഭയങ്കര 'ഭക്തി' ലൈൻ ആയിപ്പോകും. ഇത് ശരിക്കും അടുത്തറിയാവുന്ന, അല്ലെങ്കിൽ സ്വന്തം വല്യേട്ടനോടു സംസാരിക്കുന്ന ലാഘവത്തോടെയാണ് അമ്മയുടെ വർത്തമാനങ്ങൾ മുഴുവൻ.
'എന്റെ യൗസേപ്പിതാവേ, നിനക്കറിയാലോ ഒരു കുടുംബം കൊണ്ടുപോകുന്ന ബുദ്ധിമുട്ട്.'
'എന്റെ പൊന്ന് യൗസേപ്പിതാവേ, ആവശ്യത്തിൽ കൂടുതൽ പണികൾ ഇപ്പോൾത്തന്നെ ഉണ്ട്. ഇനിയൊരു പുതിയ ഭാരംകൂടി താങ്ങാൻവയ്യാ. അതുകൊണ്ട് ഈ പ്രശ്നത്തിൽനിന്ന് ഒന്ന് ഒഴിവാക്കിത്തരണം.'
ഇത്രയും കരുതലോടെ സ്വന്തം ഭർത്താവിനെപ്പോലും അമ്മ വിളിക്കുന്നത് ഞാനീ ജന്മത്തിൽ കേട്ടിട്ടില്ല. അത് ഒരുപക്ഷേ, പുള്ളിക്കാരി വിളിച്ചപ്പോഴൊക്കെ 'തിരക്കിട്ട് നാട് നന്നാക്കാൻ' പോയതുകൊണ്ട് സ്നേഹത്തോടെ സ്വാഭാവികമായി വിളിക്കാനുള്ള ആ കഴിവ് നഷ്ടപ്പെട്ടുപോയതായിരിക്കാം.
ഒരിക്കൽ അമ്മ അലക്കിക്കൊണ്ടിരിക്കുമ്പോൾ വെറുതേ ഈ യൗസേപ്പിനോടുള്ള സ്നേഹത്തെക്കുറിച്ച് ചോദിച്ചു.
''എടാ, അങ്ങേരെപ്പോലെ കുടുംബം നോക്കിയ വേറെ ഒരാളുണ്ടോ ഈ വിശുദ്ധന്മാരുടെ ഇടയിൽ? നീ കെട്ടാൻ പോകുന്ന പെണ്ണിന് ദിവ്യഗർഭം ഉണ്ടെന്നു പറഞ്ഞാൽ നിനക്ക് അംഗീകരിക്കാൻ പറ്റോ? ഇനിയിപ്പോ ഏതു മാലാഖ വന്ന് നിന്നോട് അവളെ സ്വീകരിക്കുക എന്നു പറഞ്ഞാലും നീ സ്വീകരിക്കുമോ? എന്നിട്ടും ആ പെൺകൊച്ചിനു വേണ്ടിയിട്ടാകാം അങ്ങേര് അതെല്ലാം വിശ്വസിച്ചത്, അവളെ വലിയ മാനക്കേടിൽനിന്ന് രക്ഷിക്കാനുമാകാം. മാലാഖയ്ക്കും ഈ പറഞ്ഞ ദൈവത്തിനുമൊക്കെ കാര്യങ്ങൾ എന്തൊരു എളുപ്പമായിരുന്നു. ഇടയ്ക്കിടയ്ക്ക് സ്വപ്നത്തിൽ മാലാഖയെ അയയ്ക്കുക, എന്നിട്ട് ഓരോ ടാസ്‌ക് കൊടുക്കുക, 'നീ ഇപ്പോൾ അവളെയും കുഞ്ഞിനെയുംകൊണ്ട് ഇന്ന സ്ഥലത്തേക്ക് പോകുക,' 'ഇനി അവിടെനിന്ന് വഴിമാറി വേറെ സ്ഥലത്തേക്കു പോകുക.' ദൈവപുത്രന് ജന്മം നൽകാൻ പോകുന്ന സ്ത്രീയാണ് അയാളുടെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെന്നാണ് മാലാഖമാരും മനുഷ്യരും അങ്ങേരോടു പറഞ്ഞത്. എന്നിട്ടോ? പെരുവഴിയിൽ പേറ്റുനോവ് വന്നു, കാലിത്തൊഴുത്തിൽ ഭാര്യയുടെ പ്രസവം നടത്തേണ്ടിവന്നു. 'ഇതെന്തോന്ന് ദൈവപുത്രൻ, എല്ലാരുംകൂടി തന്നെ പറ്റിക്കുകയായിരുന്നു' എന്ന് അങ്ങേര് ചിന്തിച്ചുപോയാലും കുറ്റം പറയാൻ പറ്റില്ല, പക്ഷേ, എന്ത് ഭംഗിയായിട്ടാണ് അയാൾ തന്റെ ഉത്തരവാദിത്വം നോക്കിയത്. നീ ഈ പറയണ ഏതു വിശുദ്ധന്മാരെക്കാളും വലിയ അദ്ഭുതം ഈ മനുഷ്യനാണ്.
രോഗങ്ങൾ സൗഖ്യമാക്കാൻ ഇവിടെ ഡോക്ടേർസ് ഉണ്ട്, കാണാതെപോയ സാധനങ്ങൾ കണ്ടെത്താൻ പോലീസുണ്ട്, അസാധ്യകാര്യങ്ങൾ നടത്താനൊക്കെ ഒരു പരിധിവരെ പണംകൊണ്ട് മനുഷ്യനു സാധിക്കും. പക്ഷേ, സ്നേഹത്തോടെ കൂടെയായിരിക്കുക, എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ഒരു വിളിപ്പാടകലെ ഉണ്ടായിരിക്കുക, നമ്മളെ വിശ്വസിക്കുക, പരിഗണിക്കുക എന്നൊക്കെ പറയുന്നതാണ് എന്റെ കണ്ണിൽ മനുഷ്യനു വേണ്ടുന്ന 'ബേസിക് അദ്ഭുതം'.''
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് 'ബേസിക് അദ്ഭുതം' എന്നൊരു പ്രയോഗം കേൾക്കുന്നത്. ഭക്തിയോടു ചേർത്ത് വല്ലാതെ ദുരുപയോഗിക്കപ്പെട്ട വാക്കാണ് അദ്ഭുതം. 'ഒരിക്കലും സാധ്യമല്ലാത്തതിനെ സാധ്യമാക്കുക' എന്നൊക്കെ ഇതിനെ നിർവചിക്കാം. അങ്ങനെയെങ്കിൽ 'ബേസിക് അദ്ഭുതത്തെ' എങ്ങനെ നിർവ്വചിക്കും? സാധ്യമായതിനെ സാധ്യമാക്കുക, യൗസേപ്പിതാവിനെപ്പോലെ. ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാൾക്ക് എത്താവുന്ന ഏറ്റവും മഹത്തരമായ ഇടം 'നല്ല മനുഷ്യൻ' ആയിരിക്കുക എന്നതാണ്. നമ്മളിലെ മനുഷ്യത്വത്തെ നൂറു ശതമാനം എക്സ്പ്ലോർ ചെയ്യാതെ തൊട്ടതിനും പിടിച്ചതിനും ദൈവമേ എന്നു വിളിക്കുന്നതിൽ അർത്ഥമുണ്ടോ?
ദൈവങ്ങളോടു മനുഷ്യർക്ക് ഇത്ര ഭയവും ബഹുമാനവും എന്തുകൊണ്ടാണെന്നറിയാമോ? വിഗ്രഹങ്ങൾ, പ്രതിമകൾ തിരിച്ചു സംസാരിക്കില്ലല്ലോ! ദൈവങ്ങൾ മറുപടി നൽകുമായിരുന്നെങ്കിൽ 'ദൈവം പറയണത് ശരിയല്ല' എന്നും പറഞ്ഞ് ഭക്തൻ അടുത്ത ദൈവത്തെ തേടി പോയേനേ.
മനുഷ്യത്വരഹിതമായി ചെയ്തുകൂട്ടുന്ന കാര്യങ്ങളെ ന്യായീകരിക്കാൻ മതഗ്രന്ഥങ്ങളിലെ വചനങ്ങളെ വിശ്വാസികൾ കൂട്ടുപിടിക്കുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യരെ തള്ളിപ്പറയാനും തല്ലിച്ചതയ്ക്കാനും കൈ വെട്ടാനും തലയറുക്കാനും 'ദൈവവചനം' വിശ്വാസിയെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ, ഭൂമിയെന്നത് ദൈവത്തിന്റെ കണ്ണിൽ ഒരു കൊളോസിയമായിരിക്കും, ദൈവം അതു കണ്ട് ആസ്വദിക്കുന്ന രാജാവും. ദൈവം അവന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചോ അതോ മനുഷ്യൻ അവന്റെ ഛായയിൽ ദൈവത്തെ സൃഷ്ടിച്ചോ?
ഇസ്രയേൽ-പാലസ്തീൻ യുദ്ധം നടന്നപ്പോൾ സോഷ്യൽ മീഡിയയിൽ എന്നെ ഫോളോ ചെയ്യുന്ന നൂറുകണക്കിന് മുസ്ലിംസുഹൃത്തുക്കൾ പാലസ്തീന് എതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് എതിരെ വീഡിയോ ചെയ്യണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. അതിനു മുമ്പ് റഷ്യയും ഉക്രെയിനും തമ്മിൽ അതിതീവ്രയുദ്ധം നടന്നപ്പോൾ, മണിപ്പൂരിൽ മുന്നൂറോളം ക്രിസ്ത്യൻ പള്ളികൾ കത്തിച്ചപ്പോൾ, 258 മനുഷ്യർ കൊല്ലപ്പെട്ടപ്പോൾ, കശ്മീരിൽ പഹൽഗാമിൽ തീവ്രവാദികൾ ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ചു കൊന്നപ്പോൾ, സുഡാനിൽ പന്ത്രണ്ടു ലക്ഷം ആളുകൾക്ക് വീടു നഷ്ടപ്പെട്ടപ്പോൾ, അറബ് അല്ലാത്തവർ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ ഇവരാരും, ഒരൊറ്റയൊരാൾപോലും എന്നോട് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. അപ്പോൾ അതിലെന്തോ അപാകതയില്ലേ? മനുഷ്യത്വമല്ല, മതം കലർന്ന മനുഷ്യസ്നേഹം മാത്രമാണത്.
മതത്തെ തള്ളിപ്പറയണമെന്നല്ല പറഞ്ഞുവരുന്നത്, നമ്മളിലെ മനുഷ്യനെ ചേർത്തുപിടിക്കണമെന്നാണ്. പ്രാർത്ഥനകൾ വഴി നടന്ന അദ്ഭുതങ്ങളും അതുമായി ബന്ധപ്പെട്ട സാക്ഷ്യംപറച്ചിലുകളും കാണുമ്പോൾ എനിക്ക് സിനിമകളുടെ ക്ലൈമാക്സുകളാണ് ഓർമ്മവരിക. സിനിമയിലെ നായകനും നായികയും ഒരുപാട് ബുദ്ധിമുട്ടുകൾക്കു ശേഷം ഒന്നാകുന്നു, അതൊരു വിജയിച്ച പ്രണയവിവാഹമാണെന്നു വിശ്വസിച്ച് നമ്മൾ സന്തോഷത്തോടെ തിയേറ്റർ വിടുന്നു. പിന്നീടവർക്ക് എന്തു സംഭവിച്ചു? ആ അറിയില്ല! നമ്മൾ ചിന്തിക്കാറില്ല.
യൂട്യൂബിൽ നമ്മൾ കാണുന്ന സാക്ഷ്യങ്ങളും ഏറക്കുറെ ഇങ്ങനെത്തന്നെ. എനിക്ക് വളരെ അടുത്തറിയാവുന്ന ദമ്പതികളിൽ പുരുഷന് നോൺ ആൽക്കഹോളിക് ലിവർ സിറോസിസായിരുന്നു. അവർ വളരെ നല്ല രണ്ടു മനുഷ്യരായിരുന്നു. 'നല്ലൊരു കുടുംബം' എന്ന പേരിന് അർഹരായവർ. ഒരു ധ്യാനംകൂടിയതിനു ശേഷം രോഗം മാറിയതായി ധ്യാനകേന്ദ്രത്തിൽ ചെന്ന് അവർ സാക്ഷ്യം പറഞ്ഞിരുന്നു. ദൈവം തൊട്ട് സുഖപ്പെടുത്തിയെന്ന് അവർ ഞങ്ങളോടും പറഞ്ഞിട്ടുണ്ട്. കൃത്യം ഒരു വർഷത്തിനുള്ളിൽ അദ്ദേഹം ലിവർ സിറോസിസ് കാരണം മരിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ രണ്ടു വർഷത്തിനുള്ളിൽ കിഡ്നി ഫെയ്ലിയർ മൂലം മരിക്കുകയും ചെയ്തു. ആ സാക്ഷ്യത്തിന്റെ വീഡിയോ ഇപ്പോഴും ആരുടെയൊക്കെയോ മൊബൈലുകളിൽ പ്ലേ ചെയ്യപ്പെടുന്നുണ്ട്.
'സ്വാഭാവിക സന്തോഷവും കൃത്രിമ സന്തോഷവും എന്നൊരു പഠനം തന്നെയുണ്ട്. സ്വാഭാവികമായ സന്തോഷം എന്നുവെച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്നപോലെ കാര്യങ്ങൾ നടക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം. കൃത്രിമ സന്തോഷം എന്നുവെച്ചാൽ നിങ്ങൾ ആഗ്രഹിച്ചപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അത് നല്ലതിനായിരിക്കുമെന്ന് പ്രതീക്ഷിച്ച് ആശ്വസിക്കാനുള്ള ശ്രമം.
ഉദാഹരണത്തിന്, ഇടവകപ്പള്ളിയിലെ ധ്യാനം പൊടിപൊടിക്കുകയാണ്. മൺസൂൺ കാലഘട്ടമാണ്. പെട്ടെന്ന് ഇടിച്ചുകുത്തി മഴ പെയ്യുന്നു. അപ്പോൾ ധ്യാനഗുരുവായ അച്ചൻ പറയുന്നു, 'ഇതാ അനുഗ്രഹമഴ.' ഇനി മഴ പെയ്യാതിരുന്നാലോ, 'മഴ പെയ്യിക്കാതെ ദൈവം നമ്മെ അനുഗ്രഹിച്ചു.' നമ്മൾ ചെയ്യുന്ന കർമ്മങ്ങൾക്ക് റിസൾട്ട് വരാതിരുന്നാൽ ദൈവത്തിന് നിന്നെക്കുറിച്ച് നല്ലൊരു പദ്ധതി വേറേ ഉണ്ടെന്നു പറയും, ദൈവത്തെ ന്യായീകരിക്കും, നടന്നാൽ ദൈവത്തിൽ കൂടുതൽ വിശ്വസിക്കും. ലോട്ടറി എടുക്കുന്നവർ എത്ര തവണ അടിച്ചില്ലെങ്കിലും പിന്നെയും എടുക്കുന്നതിന്റെ പിന്നിലെ സൈക്കോളജി നിങ്ങൾക്കറിയാമല്ലോ. തൊണ്ണൂറു ശതമാനവും അടിക്കില്ല എന്നുറപ്പുണ്ട്. പക്ഷേ, 'ഇനിയെങ്ങാനും അടിച്ചാലോ' എന്നുള്ള ആ പത്തുശതമാനമുണ്ടല്ലോ. ഓണം ബമ്പർ ലോട്ടറി പുറത്തിറങ്ങി മാസങ്ങൾക്കു ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. ലോട്ടറി എടുത്ത ആ വ്യക്തിക്ക് കുറച്ചുമാസങ്ങൾ ജീവിക്കാനുള്ള പ്രതീക്ഷ ആ ലോട്ടറിയിലാണ്. അതടിച്ചില്ലെങ്കിൽ ഉടനെ അടുത്തത്, പിന്നെ അതിന്റെ പ്രതീക്ഷയിൽ കുറച്ചുനാൾ. ചിലർക്ക് ആദ്യത്തെ ലോട്ടറിതന്നെ അടിക്കും. ചിലർക്കോ അവരുടെ ആയിരാമത്തെ ലോട്ടറി അടിക്കും. ചിലർ എന്നെങ്കിലും അടിക്കുമെന്ന പ്രതീക്ഷയിൽ വിജയികളെ നോക്കി ലോട്ടറി എടുത്തുകൊണ്ടേയിരിക്കും. അതുകൊണ്ട് പ്രാർത്ഥന ഒരു പ്രതീക്ഷയാണ്. ആ ഒരർത്ഥത്തിൽ, മതവും തീർത്ഥാടനകേന്ദ്രങ്ങളും മതപ്രഘോഷകരും ഒക്കെ ചെയ്യുന്നത് ഇതുതന്നെ...
'നാളെയാണ്... നാളെയാണ്... നാളെയാണ്...'
സ്വയം ചോദിക്കാവുന്ന ഒരു ചോദ്യമുണ്ട്? 'എന്റെ ദൈവവിശ്വാസം എന്റെ സ്വാഭാവിക സന്തോഷത്തിന്റെ ഭാഗമാണോ?'
കൃത്രിമസന്തോഷം മോശപ്പെട്ട കാര്യമൊന്നുമല്ല കേട്ടോ, പ്രതീക്ഷിക്കാൻ ഒരു കാരണം പോലുമില്ലെങ്കിലും 'പ്രതീക്ഷ' എന്ന വാക്ക് നമ്മളെ ജീവിച്ചിരിക്കാൻ സഹായിക്കുന്നില്ലേ. ദൈവവിശ്വാസം നിലനിന്നുപോകണമെങ്കിൽ കൃത്രിമ സന്തോഷം ഒഴിച്ചുകൂടാനാകാത്തതാണ്. അല്ലെങ്കിൽ പണ്ടേ നമ്മൾ ദൈവത്തെ ഉപേക്ഷിച്ചേനേ.
ഏതെങ്കിലും ധ്യാനകേന്ദ്രത്തിൽ പോയിട്ട് സ്പെഷ്യൽ ചൈൽഡായിട്ടുള്ള ഒരു കുട്ടി നോർമൽ അവസ്ഥയിലോട്ട് മാറിയിട്ടുണ്ടോ? ഒരാളുടെ മുറിഞ്ഞുപോയ കൈ വീണ്ടും പഴയപോലെ ആയിട്ടുണ്ടോ? ദൈവത്തിന് ചെയ്യാൻ സാധിക്കുന്ന അദ്ഭുതങ്ങൾ ഒരു പ്രത്യേക കാറ്റഗറിയിൽ വരുന്നത് മാത്രമാണോ? ദൈവത്തിന് പരിമിതികളുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അത് ദൈവമാണോ? Bruce Almighty സിനിമയിൽ അദ്ഭുതങ്ങൾ പ്രതീക്ഷിച്ച ബ്രൂസിനോട് ദൈവം പറയുന്നുണ്ട്, അദ്ഭുതങ്ങൾ ചോദിക്കരുത്; നീതന്നെ ഒരു അദ്ഭുതമായിരിക്കുക. Never ask for miracles, be a miracle. എന്നുവെച്ചാൽ, ഒരു മനുഷ്യൻ എന്ന സാദ്ധ്യതയിൽ ചെയ്യാവുന്നതെല്ലാം ചെയ്യുക. അവൻ തന്റെ ഛായയിലല്ലേ മനുഷ്യനെ സൃഷ്ടിച്ചുവെന്നു പറയുന്നത്? അത് മുഖച്ഛായ മാത്രമാണെന്ന് തെറ്റിദ്ധരിച്ചാൽ കഴിഞ്ഞു. അദ്ഭുതങ്ങൾ ചെയ്യാനുള്ള കഴിവും ആ ഛായയിൽപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. ഓരോ മനുഷ്യനും ഒരു തുള്ളി ദൈവമാണ്.
എന്നെ ഈ ഭൂമിയിൽ ഉരുവാകാൻ സഹായിച്ച ആരോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സുന്ദരമായ ഭൂമിയിൽ മനുഷ്യനായി ജനിച്ചു ജീവിച്ച് മരിക്കാനുള്ള അവസരം നൽകിയ ഒരാൾ. അയാളെ തള്ളിപ്പറയാൻപോലും, വിശ്വസിക്കാതിരിക്കാൻപോലുമുള്ള സ്വാതന്ത്ര്യം എന്റെ ബോധത്തിൽ സൃഷ്ടിച്ച ഏറ്റവും വലിയ മനുഷ്യനാണ് എനിക്ക് ദൈവം. ആ വലിയ മനുഷ്യന്റെ മുമ്പിൽ ഞാൻ തല കുനിച്ചു നിൽക്കാറുണ്ട്, ഞാൻ ജീവിക്കുന്ന ജീവിതം നീ ആഗ്രഹിക്കുന്നതുതന്നെയാണോ എന്നു ചോദിക്കാറുണ്ട്. മനുഷ്യമനസ്സിനെ എന്തിനാണ് ഇത്രയും സങ്കീർണ്ണമാക്കിയതെന്ന് ചിലപ്പോഴൊക്കെ പരിഭവം പറയാറുണ്ട്. ഞാൻ വിശ്വസിക്കുന്ന ദൈവം മതഗ്രന്ഥങ്ങളിലുള്ള അതേ വ്യക്തിയാകണമെന്നില്ല. എന്നെ ഈ തിരിച്ചറിവിലേക്ക് അല്ലെങ്കിൽ ബോദ്ധ്യത്തിലേക്കെത്താൻ സഹായിച്ചതിൽ മതത്തിനു പങ്കുണ്ട്, പുരോഹിതർക്കു പങ്കുണ്ട്. നമ്മളെ ഒരുകാലത്ത് ഒരുപാട് സഹായിച്ച ആശയങ്ങൾ നമ്മൾ മുമ്പോട്ടു പോകുന്തോറും സഹായിച്ചെന്നുവരില്ല, യഥാർത്ഥ അന്വേഷിക്ക്, പഠിച്ച പലതിനെയും ഉപേക്ഷിക്കേണ്ടതായിവരും. ചിലർ ദൈവത്തെ ഉപേക്ഷിക്കുന്നതും, ചിലർ ദൈവത്തിലേക്ക് തിരികെവരുന്നതുമെല്ലാം അന്വേഷണത്തിൽ സംഭവിക്കുന്നതാണ്.
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് (free will) ഈശ്വരൻ നൽകിയ ഏറ്റവും വലിയ ദാനമെന്നാണ് കുട്ടിക്കാലത്ത് വേദപാഠക്ലാസിൽ പഠിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ ഒരു അവിശ്വാസിയോളം സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരു വിശ്വാസിപോലും ഉണ്ടാകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം, അയാൾ ദൈവത്തിൽനിന്നുപോലും സ്വതന്ത്രനാണ്.
ഞാനിപ്പോഴും അന്വേഷണത്തിൽത്തന്നെ. നിക്കോസ് കസാൻദ്സാക്കിസ് പറഞ്ഞപോലെ ദൈവം എന്നത് ചിലപ്പോൾ ദൈവാന്വേഷണമാണെങ്കിലോ? ചിലപ്പോൾ കണ്ടെത്തും, ചിലപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കും. പക്ഷേ, രണ്ടിലും ഉണ്ടെന്ന് ഉറപ്പുള്ളത് മനുഷ്യനാണ്, മനുഷ്യത്വമാണ്.
സുഹൃത്തേ, ഉള്ളുനിറയേ സ്നേഹത്തോടെ ആശംസിക്കാനുള്ളത് ഒന്നു മാത്രമാണ്… നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... എന്റേത് എന്നെയും...
Content Highlights: A personal narrative contrasting a devout father and a skeptical, practical mother., Explores the difference between performative prayer and practical acts of love.
Published: 26 Feb 2026, 09:45 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented