കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയില്‍ സ്വകാര്യ ബസുകളെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കല്ലുകടിയാകുന്നു. യാത്രക്കാരും യൂണിയനും എതിര്‍പ്പുമായെത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരം എന്നതാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ആനവണ്ടിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്ര ആഗ്രഹിച്ചാണ് കൂടുതല്‍പ്പേരും എത്തുന്നത്. മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് സ്വകാര്യബസില്‍ പുറപ്പെടാനൊരുങ്ങിയ സര്‍വീസ്യാത്രക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റേണ്ടിവന്നു. 

To advertise here,

കഴിഞ്ഞ ഞായറാഴ്ച ഈ യൂണിറ്റില്‍ ഊട്ടിയിലേക്കുള്ള യാത്ര തൊഴിലാളികളും തടഞ്ഞു. ബജറ്റ് ടൂറിസം ട്രിപ്പ് ഓടിക്കാന്‍ ബസ് ലഭ്യമാണെന്നാണ് യൂണിയന്റെ നിലപാട്. ആഡംബരയാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെ ഞായറാഴ്ചകളില്‍ ഉപയോഗിക്കാമെന്നും യൂണിയന്‍ പറയുന്നു. ആവശ്യം ചൂണ്ടിക്കാട്ടി എം.ഡി.ക്ക് കത്ത് നല്‍കിയെന്ന് കെ.എസ്.ആര്‍.ടി.ഇ.എ. ജനറല്‍ സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ പറഞ്ഞു.

സഞ്ചാരികളുടെ എണ്ണം കൂടിയതിനാലാണ് സ്വകാര്യബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൊറോണയ്ക്കുശേഷം കൂടുതല്‍ സര്‍വീസുകള്‍ സാധാരണനിലയിലാക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചതോടെ ബജറ്റ് ടൂറിസത്തിന് ബസ് കിട്ടാതായി. കാലവധി കഴിഞ്ഞവ ഒഴിവാക്കാന്‍ തീരുനിച്ചതും കാരണമായി പറയുന്നു.

വരുമാനം 1.61 കോടി രൂപ

ബജറ്റ് ടൂറിസത്തിന് മേയില്‍ ലഭിച്ചത് റെക്കോഡ് വരുമാനം. 1.61 കോടി രൂപ ഈ മാസം ലഭിച്ചു. നവംബര്‍ ഒന്നിന് തുടങ്ങിയ പദ്ധതിയില്‍ കൂടുതല്‍ സഞ്ചാരികളെത്തിയതും ഈ മാസമാണ്. 400 ട്രിപ്പില്‍ നിന്നാണ് ഈ വരുമാനം. 20,000 സഞ്ചാരികളെത്തിയെന്നാണ് കണക്ക്. നവംബര്‍മുതല്‍ മേയ്വരെ അഞ്ചരക്കോടി രൂപയാണ് ആകെ വരുമാനം. നാലുലക്ഷം കിലോമീറ്ററിലധികം സര്‍വീസ് നടത്തി. പാലക്കാട് യൂണിറ്റാണ് വരുമാനത്തില്‍ മുന്നില്‍. 21 ലക്ഷം രൂപ.

കൊച്ചിയില്‍ കപ്പല്‍യാത്ര ഉള്‍പ്പെടുന്ന ട്രിപ്പും നെല്ലിയാമ്പതിയിലേക്കുള്ള സര്‍വീസുമാണ് ഈ യൂണിറ്റിലെ പ്രധാനമായുള്ളത്. കോതമംഗലമാണ് രണ്ടാംസ്ഥാനത്ത്, 17 ലക്ഷം രൂപ. കപ്പല്‍യാത്രയും മൂന്നാറില്‍ കാട്ടിലൂടെ നടത്തുന്ന യാത്രയുമാണ് വരുമാനവര്‍ധനയ്ക്ക് സഹായമായത്.  ചാലക്കുടിയും കൊല്ലവുമാണ് തൊട്ടുപിന്നില്‍. 16 ലക്ഷം രൂപയാണ് ഈ യൂണിറ്റുകളുടെ വരുമാനം. ബജറ്റ് ടൂറിസം പാക്കേജിലൂടെ കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും വരുമാനവര്‍ധനയുണ്ടായി.