തിരുവനന്തപുരം: നിർമാണം പൂർത്തിയാകാത്ത ബസുകൾ വ്യാജരേഖയിൽ കൊല്ലം ഓഫീസിൽ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ക്രമക്കേട് കാട്ടിയ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ നീക്കം. ഫെബ്രുവരിയിൽ കൊല്ലത്ത് രജിസ്റ്റർ ചെയ്ത ബസുകളെല്ലാം കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. ബസുകളുടെ നിർമാണം പൂർത്തിയായി സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നതിന്റെ സൂചനയാണിത്.

To advertise here,

ഉടമകളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് സൂചന. ബസ് വിറ്റുവെന്ന് മൊഴി നൽകിയ ബസ്സുടമ ആർക്കാണ് കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ആർക്കോ വിറ്റുവെന്ന ഒഴുക്കൻ മറുപടിയാണ് നൽകിയത്. അതേസമയം, ബസിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടുമില്ല. ബസ് രജിസ്റ്റർ ചെയ്ത ദിവസം സംബന്ധിച്ച് ജീവനക്കാരും ഉടമകളും നൽകുന്ന മൊഴിയിലും വൈരുദ്ധ്യമുണ്ട്. അവധിദിവസമായ ഞായറാഴ്ച ബസ് എത്തിച്ചെന്നാണ് ഡ്രൈവറുടെ മൊഴി

ഒരു മാസത്തെ സാവകാശം ലഭിച്ച സ്ഥിതിക്ക് ബസ് കേരളത്തിൽ എവിടെയെങ്കിലും എത്തിച്ചാലും ആരോപണവിധേയരായ ഉദ്യാഗസ്ഥർക്ക് രക്ഷപ്പെടാം. രജിസ്ട്രേഷൻ സമയത്ത് ബസിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും പരിശോധന നടന്നിട്ടില്ലെന്നും വ്യക്തമായാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് കുരുക്കാകുകയുള്ളൂ. അതിനാൽ അന്വേഷണം പരമാവധി വൈകിപ്പിക്കാനാണ് ശ്രമമെന്ന് ആക്ഷേപമുണ്ട്. ബെംഗളൂരുവിലെ കോച്ച് നിർമാണ കമ്പനിയും കൃത്യമായ വിവരങ്ങൾ നൽകുന്നില്ല.

ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം

തിരുവനന്തപുരം: കൊല്ലം ആർ.ടി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം അറിയിച്ചു. രണ്ട് ഇൻസ്‌പെക്ടർമാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം തുടങ്ങിയെന്നും കമ്മിഷണർ പറഞ്ഞു.