
ജപ്പാൻ മൊബിലിറ്റി ഷോ 2025-ൽ നടന്ന ടൊയോട്ട സെഞ്ച്വറി കൂപ്പെ കൺസെപ്റ്റിന്റെ വാർത്താ സമ്മേളനത്തിൽ ടൊയോട്ട ചെയർമാൻ അക്കിയോ ടൊയോട്ട സംസാരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോകളിൽ ഒന്നായ ജപ്പാൻ മൊബിലിറ്റി ഷോ 2025 ഒക്ടോബർ 29-നാണ് ആരംഭിച്ചത്. നൂതന ആശയങ്ങളാൽ സജീവമായ ഇവിടെ, ഒരുപക്ഷേ ഇന്ത്യയോളം ശ്രദ്ധ നേടുന്ന മറ്റൊരു രാജ്യം ഉണ്ടാകില്ല. സുസുക്കി, ഹോണ്ട, ടൊയോട്ട, നിസ്സാൻ തുടങ്ങിയ ജാപ്പനീസ് വാഹന ഭീമന്മാർ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ ഭാവി പദ്ധതികൾ അനാവരണം ചെയ്യാനും 'മെയ്ഡ്-ഇൻ-ഇന്ത്യ' വാഹനങ്ങൾ പ്രദർശിപ്പിക്കാനും ഈ ഷോയെ ഉപയോഗിക്കുന്നു.
മാരുതി സുസുക്കി 'മെയ്ഡ്-ഇൻ-ഇന്ത്യ' ജിംനി 5-ഡോർ ആണ് പ്രദർശിപ്പിച്ചത്. ജിംനിയുടെ ഒരുലക്ഷത്തിലധികം യൂണിറ്റുകൾ ഇതിനകം ഇന്ത്യയിൽനിന്ന് സുസുക്കി കയറ്റുമതി ചെയ്തിട്ടുണ്ട്. 2025 ജനുവരിയിൽ ജിംനി നൊമാഡ് എന്ന പേരിൽ ജപ്പാനിൽ പുറത്തിറക്കിയപ്പോൾ വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചതെന്നും ദിവസങ്ങൾക്കുള്ളിൽ 50,000-ത്തിലധികം ഓർഡറുകൾ ലഭിച്ചുവെന്നും കമ്പനി പറഞ്ഞു.
ഇന്ത്യയിൽ ഉടൻ പുറത്തിറക്കാനിരിക്കുന്നതും 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പൂർണമായും ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയും പ്രദർശനത്തിനുണ്ടായിരുന്നു.
കാർ നിർമാതാക്കൾ തങ്ങളുടെ മൾട്ടി-പവർട്രെയിൻ സമീപനം വ്യക്തമാക്കിക്കൊണ്ട് ഫ്രോങ്സ് എഫ്എഫ്‌വി (ഫ്ലെക്സിബിൾ ഫ്യൂവൽ വെഹിക്കിൾ), വിക്ടോറിസിൻ്റെ സിബിജി (കംപ്രസ്ഡ് ബയോമീഥേൻ ഗ്യാസ്) വേരിയൻ്റ് എന്നിവയും പ്രദർശിപ്പിച്ചു. ഇവ രണ്ടും ഇന്ത്യയിൽ നിർമ്മിച്ചവയാണ്. സിഎൻജിയേക്കാൾ (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ശുദ്ധമായ ഇന്ധനമായാണ് സിബിജി കണക്കാക്കപ്പെടുന്നത്.
കാരണം ഇത് കാർഷികാവശിഷ്ടങ്ങൾ, ചാണകം, മുൻസിപ്പൽ മാലിന്യങ്ങൾ, മലിനജല സംസ്കരണ പ്ലാന്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിലെ തങ്ങളുടെ ഇവി അഭിലാഷങ്ങൾ ഹോണ്ടയും ഊട്ടിയുറപ്പിക്കുന്നു. 2027 മുതൽ ഇന്ത്യയിലും ജപ്പാനിലും പുറത്തിറക്കുന്ന ഹോണ്ട 0 α (ആൽഫ) പ്രോട്ടോടൈപ്പ് ആഗോളതലത്തിൽ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്ന് നിർമ്മാതാക്കൾ സൂചിപ്പിച്ചു. ഇത് രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ ഒരു വലിയ നിക്ഷേപത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ടൊയോട്ടയും നിസ്സാനും ഇന്ത്യയിലുള്ള തങ്ങളുടെ തന്ത്രപരമായ ശ്രദ്ധയാണ് എടുത്തുകാണിച്ചത്. ഇന്ത്യയിൽ സുസുക്കിയുടെ ഒരു പ്രധാന പങ്കാളിയാണ് ടൊയോട്ട. കൂടാതെ ഇവി വികസനത്തോടൊപ്പം ശക്തമായ ഹൈബ്രിഡുകളുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ട് ഒന്നിലധികം പവർട്രെയിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
നിസ്സാൻ, പുതുക്കിയ ആരിയ ഇവി ക്രോസ്ഓവറും, ഭാവിയിൽ തങ്ങളുടെ ഇന്ത്യൻ മോഡലുകളിലേക്ക് എത്തിയേക്കാവുന്ന നൂതന ഇ-പവർ ഹൈബ്രിഡ് സിസ്റ്റം പോലുള്ള പുതിയ തലമുറ സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചു. താങ്ങാനാവുന്ന ആഗോള ഇവി വിഭാഗത്തോടുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് പുതിയ നിസ്സാൻ ലീഫും പ്രദർശിപ്പിച്ചു.
ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യ മറ്റൊരു വിപണി മാത്രമല്ല. അടുത്ത തലമുറയിലെ ഗതാഗത സംവിധാനങ്ങളെ നയിക്കുന്ന ഒരു സുപ്രധാന നിർമാണ കേന്ദ്രം കൂടിയാണെന്ന് ജപ്പാൻ മൊബിലിറ്റി ഷോ 2025 വ്യക്തമാക്കുന്നു.
Content Highlights: Discover India`s growing automotive influence at the Japan Mobility Show 2025. Explore India-made EVs and future mobility from Suzuki, Honda, Toyota, & Nissan.
Published: 30 Oct 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented