ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി തുടങ്ങുന്നത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും വ്യവസായികളും ഇത്തരത്തില്‍ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. 

To advertise here,

ഭൂട്ടാന്‍ ആര്‍മിയും മറ്റും ഉപേക്ഷിച്ച വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാനില്‍ നിന്ന് സൈന്യം ലേലം ചെയ്ത എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ ഹിമാചല്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത ശേഷം ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ നികുതി വെട്ടിച്ച് എത്തിയിട്ടുള്ള വാഹനങ്ങള്‍ 200 എണ്ണം കേരളത്തില്‍ മാത്രം വിറ്റിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഈ വാഹനങ്ങള്‍ എല്ലാം കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ എത്തിയിട്ടുള്ള വാഹനങ്ങള്‍ കേരളത്തില്‍ രജിസ്‌ട്രേഷന്‍ മാറ്റിയോ എന്നതും അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ഭൂട്ടാന്‍ വാഹന ഇടപാട് സംബന്ധിച്ചുള്ള സൂചനകള്‍ ഡി.ആര്‍.എ, കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നതാണ് വിവരം. പഴയ മോഡല്‍ ഡിഫന്‍ഡര്‍ അടക്കമുള്ള വാഹനങ്ങളാണ് ഇത്തരത്തില്‍ രാജ്യാതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

ഭൂട്ടാന്‍ സൈന്യത്തിന്റെ വാഹന വ്യൂഹനത്തിലെ പഴക്കം ചെന്ന വാഹനങ്ങള്‍ തുച്ഛമായ തുകയ്ക്ക് ലേലം ചെയ്യുകയും, ഇവ നികുതി അടയ്ക്കാതെ ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയുമാണ് പതിവ്. ഇത്തരത്തിലുള്ള വാഹനങ്ങളാണ് കേരളത്തിലെ നടന്മാരും വ്യവസായ പ്രമുഖരും വാങ്ങിച്ചിരിക്കുന്നതെന്നാണ് വിവരം.

ഇത്തരത്തില്‍ എത്തിയിട്ടുള്ള വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യമാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്ത്യയിലെത്തുന്ന വാഹനങ്ങള്‍ നാലിരട്ടി വിലയിലാണ് പല സംസ്ഥാനങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് വിറ്റഴിച്ചിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്‌, കസ്റ്റംസ് എന്നീ വിഭാഗങ്ങളാണ് കേസ് അന്വേഷണം നടത്തുന്നത്. 

ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, വിവിധ എസ്‌യുവികള്‍, ട്രക്കുകള്‍, എന്നിവയും കടത്തികൊണ്ടുവന്ന വാഹനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശിലെ എച്ച്പി 52 രജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും നമ്പര്‍ എടുത്തിട്ടുള്ളത്. ആ ആര്‍ടി ഓഫീസില്‍ നിന്നുള്ള എന്‍ഒസി ഉള്‍പ്പെടെയാണ് കേരളത്തില്‍ വിറ്റഴിച്ചിരിക്കുന്ന വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് അനായാസം കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.