ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെ മിഡ് സൈസ്‌ എസ്‌യുവി മോഡലായ കിക്‌സിന്റെ മുഖംമിനുക്കിയ ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ചു. കിക്‌സ് ഇ-പവര്‍ എന്നുപേരിട്ടിരിക്കുന്ന ഈ വാഹനം ആദ്യഘട്ടമെന്നോണം തായ്‌ലന്‍ഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 21 ലക്ഷം രൂപയാണ് ഇ-പവറിന്റെ എക്‌സ്‌ഷോറും വില. 

To advertise here,

എസ്, ഇ, വി, വിഎല്‍ എന്നീ നാല് വേരിയന്റുകളിലാണ് കിക്‌സ് ഇ-പവര്‍ തായ്‌ലന്‍ഡില്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഈ വേരിയന്റുകളായായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ഇതിനൊപ്പം കിക്‌സിന്റെ മുഖം മിനുക്കിയ പതിപ്പിന്റെ അവതരണവും ഇ-പവറിനൊപ്പം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിസാന്റെ പതിവ് ഡിസൈന്‍ ശൈലിയില്‍ ലുക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്.  വി-ഷേപ്പ് ക്രോമിയം ബോഡറുകള്‍ നല്‍കിയുള്ള വലിയ ഗ്രില്ല്, ഡിആര്‍എല്‍ നല്‍കിയുള്ള നീളമുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ബമ്പറിന്റെ വശങ്ങളിലായി ഉള്‍വലിഞ്ഞിരിക്കുന്ന ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് മുന്‍വശത്തുള്ളത്. 

പിന്‍ഭാഗത്തും കാര്യമായ മാറ്റം ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, ഇ-പവര്‍ ബാഡ്ജിങ്ങ്, എല്‍ഇഡി ടെയ്ല്‍ലാമ്പ്, ബ്ലാക്ക് സ്‌പോയിലര്‍. ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ പിന്നിലെ മാറ്റങ്ങളാണ്. പുതിയ ഡിസൈനിലുള്ള അഞ്ച് സ്‌പോക്ക് അലോയി വീല്‍, ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ച്. വാഹനത്തിന് ചുറ്റിലും നീളുന്ന പ്ലാറ്റിക് ക്ലാഡിങ്ങ് എന്നിവയും കിക്‌സിലെ പുതുമയാണ്.

മുന്‍ മോഡലിലേത് പോലെ ചിട്ടയായൊരുങ്ങിയ ഇന്റീരിയറാണെങ്കിലും അല്‍പ്പം പുതുമകള്‍ നല്‍കിയിട്ടുണ്ട്. ഗിയര്‍ ലിവര്‍ പുതിയതാണ്, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതല്‍ സാങ്കേതിക തികവുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ന്യു കളര്‍ കോഡഡ് ലെതര്‍ ഡാഷ്‌ബോര്‍ഡ്, സീറ്റുകളും ലെതറില്‍ പൊതിഞ്ഞതാണ്.

നിസാന്റെ ഇ-പവര്‍ സീരീസ് ഹൈബ്രിഡ് സംവിധാനമാണ് ഈ വാഹനത്തിന്റെ ഹൈ-ലൈറ്റ്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.57kWh ലിഥിയം അയേണ്‍ ബാറ്ററിയും നല്‍കിയിട്ടുണ്ട്. ഇത് 127 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. 23.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Content Highlights: Nissan Kicks e-Power Launched