ഓരോ ഗോളും പിറക്കുന്ന വ്യത്യസ്ത കിക്കുകൾ, പിറന്ന ഗോളിനെ ആഘോഷിക്കുന്ന രീതികൾ എന്നിവയൊക്കെ ഫുട്‌ബോൾ എന്ന കളിയെ വ്യത്യസ്തമാക്കുന്നു.
ബൈസിക്കിൾ പോലൊരു കിക്ക്!
ബൈസിക്കിൾ കിക്ക്, ഓവർഹെഡ് കിക്ക്, സിസർ കിക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ കിക്കെടുക്കാൻ കളിക്കാരന് നല്ല മെയ്‌വഴക്കമാവശ്യമുണ്ട്. ശരീരത്തെ പുറകോട്ട് വളച്ച്, ഒരു കാൽ മുകളിലേക്കുയർത്തി ബോൾ കിക്ക് ചെയ്യുമ്പോൾ ഒരുപാട് തലകൾക്ക് മേലേ ഗോൾപോസ്റ്റ് ലക്ഷ്യംവെച്ച് അത് പായുന്നു.
സ്വിസ് താരം ഷാഗ്വിരി, ബ്രസീലിന്റെ റിവാൾഡോ, മെക്സിക്കൻ താരം ഹ്യൂഗോ സാഞ്ചസ്, ഇംഗ്ലണ്ടിന്റെ വെയ്ൻ റൂണി, പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ എന്നിവർ ബൈസിക്കിൾ കിക്കിന്റെ ആശാന്മാരാണ്. കേരള ബ്ലാസ്റ്റർ താരം സി.കെ.വിനീത് ഐ.എസ്.എല്ലിൽ സിസർ കിക്കിലൂടെ ഗോൾ നേടിയിരുന്നു
തേളിനും കിക്കോ?
റിവേഴ്‌സ് ബൈസിക്കിൾ കിക്ക്, ബാക്ക് ഹാമർ കിക്ക് എന്നൊക്കെ അറിയപ്പെടുന്ന സ്‌കോർപ്പിയൻ കിക്കാണീ താരം! കൊളംബിയൻ ഗോളി 'റെനെ ഹിഗ്വിറ്റ' അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ മാസ്മരിക 'തേൾ കിക്കി'ലൂടെയാണ്. ശരീരം മുന്നോട്ട് വളച്ച്, ബാക്ക് ഹീൽസുപയോഗിച്ച് ബോൾ കിക്ക് ചെയ്യുന്ന ഹിഗ്വിറ്റയുടെ പ്രകടനം അദ്ഭുതകരമായിരുന്നു. ഈയിടെ റെയ്‌ലി മക്ഗ്രീ സ്‌കോർപിയൻ കിക്കിലൂടെ നേടിയ ഗോൾ ശ്രദ്ധേയമായിരുന്നു.
ഇല പൊഴിയുന്നു... ഗോൾ പിറക്കുന്നു
2002ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയാണ് റൊണാൾഡീന്യോയുടെ ഇലവീഴും കിക്ക്. ബ്രസീൽ ഫുട്‌ബോൾ ഇതിഹാസതാരമായ ദിദിയാണ് 'ഫോൾവ കിക്ക്'എന്ന ഇലവീഴും കിക്കുകളുടെ ശില്പി. ഉയർന്ന് പൊന്തുമ്പോൾ ശക്തികുറഞ്ഞ് വലയിലേക്ക് വീഴുന്ന രീതിക്ക് പൊഴിഞ്ഞുവീഴുന്ന ഇലയോട് താരതമ്യമുണ്ടെന്ന് കണ്ടെത്തിയത് ഒരു പത്രപ്രവർത്തകനായിരുന്നു. ബ്രസീലിയൻ താരം ഗരിഞ്ച, റിവേലിനോ എന്നിവരും ഇലവീഴും കിക്കുകളിൽ സമർത്ഥരായിരുന്നു.
വളഞ്ഞ് തിരിഞ്ഞൊരു ബനാന!
19-ാം നൂറ്റാണ്ടിൽ 'സ്‌ക്രൂ ഷോട്ട്' എന്നറിയപ്പെട്ടത് ബനാന കിക്കാണെന്ന് പറയപ്പെടുന്നു. ഫ്രീ കിക്കിൽ ഗോൾപോസ്റ്റ് ലക്ഷ്യംവെച്ച് ബോളടിക്കുമ്പോൾ ബോൾ വളയുകയോ, ദിശ മാറി സഞ്ചരിക്കുകയോ ചെയ്ത് ഗോളായി മാറുന്നു. ബ്രസീലിന്റെ റോബെർട്ടോ കാർലോസ്, അർജന്റീന താരം മെസ്സി എന്നിവരൊക്കെ ബനാന കിക്കിലെ പുലികളാണ് കേട്ടോ.
ആഘോഷങ്ങൾ ആട്ടുതൊട്ടിലിൽ…
1994-ലെ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ, ഹോളണ്ടിനെതിരേ ബ്രസീലിന്റെ 2-ാം ഗോൾ നേടിയ ബെബറ്റോ അതാഘോഷിച്ച സ്റ്റൈൽ ചർച്ചയായിരുന്നു. രണ്ട് കൈകളും ഒരു തൊട്ടിൽപോലെ ചേർത്തുപിടിച്ച് ആട്ടിക്കൊണ്ടായിരുന്നു ബെബറ്റോയുടെ ആഹ്ലാദപ്രകടനം! തനിക്ക് ജനിച്ച കുഞ്ഞുമകന് ഡെഡിക്കേറ്റ് ചെയ്തതായിരുന്നു ആ ഗോൾ. ഈയടുത്ത് തന്റെ 20 വയസ്സായ മകനോടൊപ്പം ബെബറ്റോ ആ 'സീൻ' ഒന്നുകൂടി അഭിനയിച്ചു.
മകറീന... മാകറീന
2010-ലെ ലോകകപ്പിൽ ആതിഥേയരായ സൗത്ത് ആഫ്രിക്ക, മെക്സിക്കോക്കെതിരായി നേടിയ ഗോൾ! ഷാബലാലയുടെ കാലിൽ പിറന്ന ഈ ഗോൾ മറ്റ് കളിക്കാരോടൊപ്പം അദ്ദേഹം ആഘോഷിച്ചത് ദക്ഷിണാഫ്രിക്കയുടെ തനത് നൃത്തരൂപമായ മാകറീനയിലൂടെയാണ്.
Content Highlights: Detailed breakdown of technical kicks: Bicycle, Scorpion, Falling Leaf, and Banana.
Published: 21 Jul 2026, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented