ഹ്യുണ്ടായിയുടെ പ്രീമിയം സെഡാന്‍ വാഹനമായ എലാന്‍ട്രയുടെ ബിഎസ്-6 ഡീസല്‍ മോഡല്‍ അവതരിപ്പിച്ചു. എസ്.എക്‌സ്., എസ്.എക്‌സ്. (ഒ) എന്നീ രണ്ടു വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 18.7 ലക്ഷം രൂപ മുതല്‍ 20.65 ലക്ഷം രൂപ മുതലാണ് ഡല്‍ഹിയിലെ എക്‌സ്ഷോ റൂം വില. എലാന്‍ട്രയുടെ ബിഎസ്-6 പെട്രോള്‍ മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. മൂന്ന് വേരിയന്റുകളിലെത്തുന്ന പെട്രോള്‍ പതിപ്പിന് 17.60 ലക്ഷം രൂപ മുതലാണ് വില. 

To advertise here,

1.5 ലിറ്റര്‍ യു 2 സി.ആര്‍.ഡി.ഐ. ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ആറ് സ്പീഡ് ടോര്‍ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ് രണ്ടു വേരിയന്റുകളിലുമുള്ളത്. 2.0 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 150 ബിഎച്ച്പി പവറും 192 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

പെട്രോള്‍ വാഹനത്തിന്റെ അതേ ഡിസൈനിങ്ങില്‍ തന്നെയാണ് ഡീസല്‍ പതിപ്പും. ഫ്ളൂയിഡിക് ഡിസൈനിലാണ് എലാന്‍ട്ര ഒരുങ്ങിയിരിക്കുന്നത്. ക്രോമിന്റെ സാന്നിധ്യം കുറഞ്ഞതൊഴിച്ചാല്‍ ഗ്രില്ലിന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. മുഖഭാവത്തിലെ ഹൈലൈറ്റ് എല്‍.ഇ.ഡി. ക്വാഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പാണ്. സി. പില്ലര്‍ ഡിക്കിയിലേക്ക് ഒഴുകിയിറങ്ങുകയാണ്. ട്രങ്ക് ഡോറിലാണ് റിയര്‍വ്യൂ ക്യാമ. ഡോറില്‍ 'എലാന്‍ട്ര' എന്ന് വിശാലമായി ക്രോമില്‍ കുറച്ചിരിക്കുന്നു. ബമ്പറിനുതാഴെ കറുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്.

'കോക്പിറ്റ്' എന്ന് വിളിക്കാവുന്ന ഇന്റീരിയറാണ് എലാന്‍ട്രയുടേത്. ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം. വിശാലമാണ് സീറ്റുകളും സൗകര്യങ്ങളും. ലെതറാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. ത്രീ സ്പോക് സ്റ്റിയറിങ് മള്‍ട്ടി ഫങ്ഷന്‍ വില്‍, സെന്റര്‍ കണ്‍സോളിലെ അലങ്കരിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കും. ഹ്യുണ്ടായിയുടെ മറ്റ് വാഹനങ്ങളില്‍ ഒരുക്കിയിട്ടുള്ള ബ്ലൂ ലിങ്ക് സംവിധാനം എലാന്‍ട്രയിലും നല്‍കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലുള്ള ഫീച്ചറുകള്‍, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് മുന്‍സീറ്റ്, ഇന്‍ഫിനിറ്റി സൗണ്ട് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, 10 രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, ഇലക്ട്രിക് സണ്‍റൂഫ്, അലുമിനിയം സ്‌കഫ് പ്ലേറ്റ്, അലുമിനിയം പെഡല്‍ തുടങ്ങിയവയും ഈ വാഹനത്തിന്റെ അകത്തളത്തെ കൂടുതല്‍ സമ്പന്നമാക്കുന്നുണ്ട്.

Content Highlights: Hyundai Elantra BS-6 Diesel Model Launched In India