82-ാം വയസ്സില്‍ ഐ.ഐ.ടി. വിദ്യാര്‍ഥി, കീമോയ്ക്കിടെ പഠനം; കാണാതെ പോവരുത് ഈ നിത്യയൗവ്വനം | സ്‌നേഹഗംഗ

സതീശന്‍, 82 വയസ്സ്
ഒ.പി. മുറിയുടെ തൊണ്ടയില്‍ മൈക്ക് പിടിപ്പിച്ചിരിക്കുന്ന വ്യക്തി എന്ന് ഞങ്ങള്‍ കളിയാക്കുന്ന രമ്യ ഒന്നുകൂടി ഉറക്കെ വിളിച്ചു; സതീശന്‍ 82 വയസ്സ്.
അദ്ദേഹം ഊണുകഴിക്കാന്‍ പോയിരിക്കുകയാണ്. അരമണിക്കൂറിനകം വരും. സിസ്റ്റര്‍ അടുത്ത രോഗിയെ വിളിച്ചോളു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. ഒ.പി.യിലെ അവസാനത്തെ രോഗിയേയും കണ്ടു കഴിഞ്ഞു എന്നു രമ്യ പറഞ്ഞു നിര്‍ത്തേണ്ട താമസം. സതീശന്‍ മുറിക്കുള്ളിലേക്ക് കയറിവന്നു. സോറി സാര്‍, സ്വല്പം താമസിച്ചുപോയി. ഉണ്ണാന്‍ പോയതാണ്. വഴിയിലെങ്ങും ഓണത്തിന്റെ തിരക്കും. ട്രാഫിക്ക് ബ്ലോക്കില്‍പ്പെട്ടു പോയി. അതാണ് വരാന്‍ താമസിച്ചത്. ഇന്ന് അച്ഛന്റെ 82-ാം പിറന്നാളാണ്. സദ്യ വിളമ്പിവെച്ച് അമ്മ വിളിച്ചതുകൊണ്ടാണ് പെട്ടെന്ന് പോയി വരാമെന്ന് തീരുമാനിച്ചത്. സോറി സാര്‍, സ്വല്പം താമസിച്ചുപോയി. കൂടെ വന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.
പിറന്നാള്‍ ആശംസകള്‍. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും കുറേ വര്‍ഷങ്ങള്‍ ജീവിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ. കൈപിടിച്ചു കുലുക്കിക്കൊണ്ട് ഞാന്‍ പറഞ്ഞു. ഹാപ്പി ബര്‍ത്ത് ഡെ ആന്‍ഡ് വിഷിങ്ങ് യു എ ഹാപ്പി റിട്ടയേര്‍ഡ് ലൈഫ്. എന്റെ കൂടെയുണ്ടായിരുന്ന കുട്ടി ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. റിട്ടയേര്‍ഡ് ലൈഫോ, അച്ഛനോ - കൂടെയുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. 82-ാം വയസ്സില്‍ ഇന്ന് അച്ഛന്‍ ഐ.ഐ.ടി.യിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. മക്കള്‍ രണ്ടുപേരും ഒരുമിച്ച് പറഞ്ഞു. ''നല്ലൊരു ദിവസം - അച്ഛന്റെ പിറന്നാള്‍ ദിനം - വെറുതെ അച്ഛനെ കളിയാക്കല്ലേ - രമ്യ പരിഭവത്തോടെ പറഞ്ഞു. അല്ല സിസ്റ്ററേ, സത്യമാണ്. ഞാന്‍ ഐ.ഐ.ടി.യില്‍ മൂന്നു വര്‍ഷത്തെ ബി.എസ്സി. ഡാറ്റാ സയന്‍സ് കോഴ്‌സിന് ചേര്‍ന്നു. സതീശന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഈ വയസ്സുകാലത്തോ. ചുമ്മാ കളിതമാശ പറയാതെ സാറേ!. രമ്യ തിരിഞ്ഞു നടന്നു. ''അല്ല ഡോക്ടറെ സത്യമാണ്. സതീശന്‍ എന്റെ നേരെ തിരിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷ എഴുതി കിട്ടിയതാണ്.
Content Highlights: oncologist dr vp gangadharan health column