'കാൻസർ ബാധിച്ച സ്തനം മുറിച്ചുമാറ്റിയതിൽ നിരാശയില്ല,ടാർഗറ്റ് തികഞ്ഞോയെന്ന ചോദ്യം സമാധാനം തകർക്കുന്നു'

ഡോക്ടർ... ലക്ഷ്മിയാണ് വിളിക്കുന്നത്. തിരക്കില്ലെങ്കിൽ ഒരു മിനിറ്റ് സംസാരിക്കട്ടെ. ഈ വർഷത്തെ ടാർഗറ്റ് എത്തിയില്ല. കുറച്ച് പൈസ... ഒരു മാസത്തേക്ക് ഇട്ടാൽ മതി. ഡോക്ടറുടെ ബാങ്കിലെ തുക തന്നെ മാറ്റാൻ സമ്മതിച്ചാൽ മതി. ഞാൻ പേപ്പറുമായി അങ്ങോട്ട് വരട്ടെ. ഒന്ന് ഒപ്പിട്ട് തന്നാൽ മതി. എല്ലാ സാമ്പത്തിക വർഷാവസാനത്തിലും കേൾക്കുന്ന ഒരു സംഭാഷണമാണിത്. വിളിക്കുന്നത് ലക്ഷ്മിയായിരിക്കില്ലെന്ന് മാത്രം. അത് മണിയോ കലയോ ഗ്രേസിയോ ആകാം. പക്ഷേ, ആവശ്യം ഒന്ന് മാത്രം... ടാർഗറ്റ് തികയ്ക്കാൻ സഹായിക്കണം.
അരമണിക്കൂറിനകം ലക്ഷ്മി എന്റെ പരിശോധനാമുറിയിലെത്തി. സോറി, മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് ഞാൻ ഡോക്ടറെ ബുദ്ധിമുട്ടിക്കുന്നത്. കളിയാക്കലും ചീത്തവിളിയും കേട്ടുമടുത്തു. ഒറ്റയ്ക്ക് വിളിച്ചുവരുത്തി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ... സങ്കടം വരുമെങ്കിലും കേട്ടുനിന്നാൽ മതിയല്ലോ. ഒറ്റയ്ക്കായതുകൊണ്ട് കരഞ്ഞാലും കുഴപ്പമില്ല. കോൺഫറൻസ് എന്ന പേരിൽ മറ്റ് ജീവനക്കാരുടെ മുമ്പിൽവെച്ച് ഒന്നിനും കൊള്ളാത്തവൾ എന്ന് വരുത്തിത്തീർക്കുമ്പോൾ... ആ അവഹേളനം... അത് ഡോക്ടർക്ക് മനസ്സിലാക്കാൻ പ്രയാസമാണ്. രണ്ടുമൂന്നുമാസം മുമ്പ് തന്നെ ടാർഗറ്റിനെ ഓർമിപ്പിച്ചുകൊണ്ട് മെയിലുകൾ വന്നു തുടങ്ങും. അതോടെ എനിക്ക് തലവേദനയും ഛർദ്ദിയും ആരംഭിക്കും. ബ്ലഡ് പ്രഷർ കൂടും. ഇടയ്ക്കിടക്ക് നെഞ്ചിടിപ്പും ശ്വാസംമുട്ടും അനുഭവപ്പെടും. ജോലി മടുത്തു ഡോക്ടറെ, പക്ഷേ കുട്ടികൾ പഠിക്കുകയല്ലേ. ഒരാളുടെ വരുമാനം കൊണ്ട് മാത്രം ജീവിതം മുന്നോട്ടു പോകില്ല. അതുകൊണ്ട് ഓരോ വർഷവും ഈ ആട്ടും തുപ്പും ഏറ്റുവാങ്ങി ജോലി തുടരുകയാണ്. എല്ലാത്തിനും നന്ദി സാറെ... ഒപ്പിട്ട കടലാസും വാങ്ങി ലക്ഷ്മി യാത്രയായി.
Content Highlights: oncologist dr vp gangadharan column on work pressure