വരാപ്പുഴ: പെരിയാറിൽ മത്സ്യക്കുരുതിയിൽ മത്സ്യ കർഷകർക്ക് അഞ്ചുകോടിക്കുമുകളിൽ നാശനഷ്ടമുണ്ടായതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്തിനുണ്ടായിട്ടുള്ള നാശനഷ്ടം ഉൾപ്പെടുത്താതെയുള്ള കണക്കാണിത്.

To advertise here,

മത്സ്യക്കുരുതിയിൽ നാശനഷ്ടം സംഭവിച്ചിട്ടുള്ള കർഷകരുടെ വിവരശേഖരണം കഴിഞ്ഞ ദിവസങ്ങളിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽ വെച്ച് ഫിഷറീസ് വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി ശേഖരിച്ചിരുന്നു. നാനൂറോളം അപേക്ഷകളാണ് ഇതിനോടകം കർഷകരിൽനിന്നു ലഭിച്ചിട്ടുള്ളത്.

നാശനഷ്ടം സംഭവിച്ചവരിൽ ബഹുഭൂരിപക്ഷവും കൂടുമത്സ്യ കർഷകരാണ്. കൂടുകളിൽ ഇട്ടിട്ടുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വില, ഇക്കാലയളവിൽ ഉപയോഗിച്ച തീറ്റ, മൂന്നുമാസത്തെ പരിപാലന ചെലവ്, വളർച്ചയെത്തിയ ഘട്ടത്തിലെ മീനുകളുടെ മാർക്കറ്റ് വില എന്നിവ മാനദണ്ഡമാക്കിയാണ് പ്രധാനമായും നാശനഷ്ടം കണക്കാക്കിയിട്ടുള്ളത്.

മാർക്കറ്റിൽ ഏറെ വിലയുള്ള മീനുകളായ കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മീനുകളാണ് ഏറിയപങ്കും കൂടുകളിലും വളർത്തുന്നത്. കരിമീനിന്‌ കിലോയ്ക്ക് 600, കാളാഞ്ചിക്ക് 550, തിലോപ്പിയയ്ക്ക് 300 രൂപ എന്നിങ്ങനെയാണ് നിലവിലുള്ള ശരാശരി മാർക്കറ്റ് വില. ഒരു കൂടിൽ 300 കിലോ മുതൽ 500 കിലോ വരെയുള്ള മീനുകളാണ് സാധാരണയായിട്ടുണ്ടാവുക. സംഘകൃഷിയായി 16 കൂടുകൾ വരെയുള്ളവർക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്.

ഇതിനിടെ നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ചും കൂടുതൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. മത്സ്യ കർഷകർ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ പരിധിയിൽ വരാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ കർഷകർക്കു നഷ്ടപരിഹാരം നൽകുന്ന കാര്യവും ആലോചനയിലുണ്ട്. ഫിഷറീസ് വകുപ്പ്‌ അധികൃതരും ഇതിനുള്ള സാധ്യതയാണ് പറയുന്നത്.

കഴിഞ്ഞ ദിവസം നാശനഷ്ടം സംഭവിച്ച കർഷകരെ സന്ദർശിച്ച മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഇക്കാര്യം പരാമർശിച്ചിരുന്നു.

പെരിയാറിലെ മത്സ്യക്കുരുതിയിൽ തൊഴിൽ നഷ്ടം വന്നിട്ടുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ഒട്ടേറെയുണ്ട്. ഇവരുടെ കാര്യത്തിലും തീരുമാനമുണ്ടാക്കേണ്ടതായിട്ടുണ്ട്.

പല കർഷകരിലും ചെലവാക്കിയ തുകയ്ക്കുള്ള രേഖകളില്ല

വരാപ്പുഴ : മത്സ്യക്കുരുതിയിൽ നാശനഷ്ടം സംഭവിച്ചവരിൽ കുറച്ചു കർഷകർ മാത്രമാണ് കൃഷിയിടത്തിൽ ചെലവാക്കിയ തുകയ്ക്കുള്ള രേഖകൾ കൈവശം െവച്ചിട്ടുള്ളത്. മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയ ഇനത്തിലും മീനുകൾക്കുള്ള തീറ്റ വാങ്ങിയ ഇനത്തിലും പലരുടെ െെകയിലും രേഖാമൂലമുള്ള കണക്കുകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടുള്ളത്.

തൊഴിലാളികൾക്ക് നൽകിയിട്ടുള്ള തുകയ്ക്കും പലരുടെ െെകയിലും രേഖകളൊന്നുമില്ല. ഇതൊക്കെ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പല കർഷകരും.

പല കർഷകരുടെയും കൈവശമുള്ളത് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന്‌ കൃഷിക്കായി വായ്പയെടുത്തിട്ടുള്ളതിന്റെ രേഖകൾ മാത്രമാണ്. പരമാവധി 1.80 ലക്ഷം രൂപ മാത്രമാണ് ഫിഷറീസ് വകുപ്പിന്റെ ശുപാർശ പ്രകാരം എടുത്തിട്ടുള്ള വായ്പ. ഇതുകൂടാതെയുള്ള വായ്പകളെല്ലാംതന്നെ കർഷകർ സ്വന്തം നിലയിലെടുത്തിട്ടുള്ളതുമാണ്.