അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. അടുത്തറിഞ്ഞാൽ വിട്ടുപോകാനാകാത്ത ആത്മബന്ധമുണ്ടാകും മണ്ണിനോടും മരങ്ങളോടും കൃഷിയോടുമെല്ലാം. അങ്ങനെ പ്രകൃതിയെ അറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരും ഒരു അത്ഭുതം തന്നെയാണ്. ലാഭനഷ്ടങ്ങളുടെയും സാമൂഹിക പരിഗണനയുടെയും തുലാസിൽ അളന്നു തിട്ടപ്പെടുത്തുമ്പോൾ കർഷകന് നഷ്ടങ്ങളും അവഗണനകളും മാത്രമായിരിക്കും ബാക്കി. അങ്ങനെ തലമുറമാറ്റത്തിൽ മണ്ണിനെയും കൃഷിയെയും പാടേ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന യുവതലമുറയെ കൃഷിയോട് അടുപ്പിക്കുന്ന ഒരു യുവകർഷകൻ ഇന്ന് ഇൻസ്റ്റഗ്രാമിൽ താരമാണ്. വയനാട് പുൽപ്പള്ളി സ്വദേശിയായ ബബിൻ ഐസക് എന്ന ഈ 29കാരൻ പറയും കൃഷിയാണ് തന്റെ ജീവിതമെന്ന്...

To advertise here,

അക്കൗണ്ടിങ്ങിൽ നിന്ന് മുഴുവൻ സമയ കൃഷിയിലേക്ക്

കർഷകരായ മാതാപിതാക്കൾക്കൊപ്പം ചെറുപ്പം മുതലേ മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞുവളർന്ന ബബിന് പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളോട് ആകാംക്ഷയായിരുന്നു. ഒരു വിത്ത് നട്ട്, നനച്ച്, പരിപാലിച്ച്, വളർച്ചയുടെ ഓരോ ഘട്ടവും കൗതുകത്തോടെ കണ്ടിരുന്ന ആ കൊച്ചുകുട്ടിയുടെ സന്തോഷം ഇന്നും ബബിനിൽ  ചോരാതെയുണ്ട്. മലയോരമണ്ണിലെ കർഷകർ വന്യമൃഗങ്ങളോടും പ്രകൃതിയോടും പോരാടി കൃഷിയെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോഴും തങ്ങളുടെ മക്കൾ സുരക്ഷിതമായ ജോലിയിലേക്ക് തിരിയണമെന്ന ചിന്താഗതിക്കാരാണ്. അത്തരത്തിൽ തന്നെയാണ് ബബിന്റെ മാതാപിതാക്കളും ചിന്തിച്ചത്. മക്കൾ ഇരുവർക്കും നല്ല വിദ്യാഭ്യാസം നൽകി അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്നു. ബികോം ബിരുദധാരിയായ ബബിൻ നാട്ടിൽ തന്നെ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചിരുന്നു. ഒഴിവുസമയങ്ങൾ കൃഷിയിൽ വ്യാപൃതനായി.

ഇൻസ്റ്റഗ്രാമിൽ വിവിധ വിഷയങ്ങളിൽ യുവാക്കളെ  ആകർഷിക്കുന്ന നിരവധി പേജുകൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എന്തുകൊണ്ട് കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ഒരു യുറ്റ്യൂബ് ചാനൽ ആരംഭിച്ചുകൂടാ എന്ന് ബബിൻ ചിന്തിച്ചത്. തനിക്ക് കൃഷിയിലൂടെ കിട്ടുന്ന സന്തോഷം പങ്കുവെക്കുന്നതിലൂടെ ഒരാൾക്കെങ്കിലും സ്വന്തം വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളെങ്കിലും സ്വയം ഉത്പാദിപ്പിക്കാൻ തോന്നിയാൽ അതിലും വലിയ സംതൃപ്തി മറ്റൊന്നിനും തരാൻ കഴിയില്ലെന്നാണ് ബബിൻ പറയുന്നത്.

യൂത്തിന് ഇഷ്ടമാണ് ഫാമിറ്റ്

2023ലാണ് ഫാമിറ്റ് എന്നപേരിൽ യുറ്റ്യൂബ് ചാനൽ ആരംഭിക്കുന്നത്. 2024ൽ ഇൻസ്റ്റഗ്രാം പേജും തുടങ്ങി. കൃഷിക്കൊപ്പം തന്നെ ദൃശ്യങ്ങൾ പകർത്താനും എഡിറ്റ് ചെയ്യാനുമൊക്കെയുള്ള താത്പര്യമാണ് തനിക്ക് പറയാനും പങ്കുവെക്കാനും എളുപ്പമുള്ള കൃഷിവിഷയങ്ങൾ പങ്കുവെക്കാൻ സാമൂഹികമാധ്യമങ്ങൾ പ്രയോജനപ്പെടുത്താൻ ബബിനെ പ്രേരിപ്പിച്ചത്. കാർഷിക യാത്രകളും വിത്ത് മുളപ്പിക്കുന്നതു മുതലുള്ള കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചെറുവീഡിയോകളായി ചിത്രീകരിച്ച് ആദ്യം യുറ്റ്യൂബിലും പിന്നീട് ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചുതുടങ്ങി. സ്വന്തം ശബ്ദത്തിൽ വളരെ ലളിതമായി ഒരു കഥ പറയുംപോലെയുള്ള ബബിന്റെ അവതരണം സോഷ്യൽ മീഡിയ ഏറ്റെടുത്തു. യുവാക്കൾ ഫാമിറ്റിനെ സ്വീകരിച്ചുവെന്നതിന് തെളിവായി കമന്റ് ബോക്സുകൾ സംശയങ്ങൾക്കൊണ്ടും അഭിനന്ദനങ്ങൾക്കൊണ്ടും നിറഞ്ഞു. കൃത്യമായ ഇടവേളകളിലെത്തുന്ന വീഡിയോകൾ മികച്ച റീച്ചിലെത്തി. വീഡിയോ കണ്ട് ഒഴിവുസമയങ്ങളിൽ ചെറിയ രീതിയിൽ കൃഷി ഒപ്പം കൂട്ടിയ യുവതികളും യുവാക്കളും അനവധി.

ഈ ബി കോമുകാരൻ പറയുന്നതിൽ പതിരില്ല

കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഈ യുവകർഷകൻ തന്റെ വീഡിയോകളിലൂടെ കർഷകർക്ക് ആവശ്യമായ ചില പൊടിക്കൈകളും നൽകാറുണ്ട്. 'അങ്ങനെ ആരും എന്തും പറയുന്നത് കൃഷിയിൽ പ്രയോഗിക്കാൻ പാടില്ലലോ? മണ്ണിനും ചെടിക്കും വേണ്ടത് മാത്രമേ കൊടുക്കാവൂ.' അതുക്കൊണ്ടുതന്നെ ബയോടെക്നോളജി പഠിച്ച ജ്യേഷ്ഠനോട് ചോദിച്ച് മനസ്സിലാക്കിയാണ് മണ്ണിനാവശ്യമായ പോഷകങ്ങൾ നൽകുന്നത്. മാത്രമല്ല, കൃത്യമായ മണ്ണ് പരിശോധന നടത്തി മാത്രമാണ് വളപ്രയോഗവും. ഇത് തന്നെയാണ് തന്റെ വീഡിയോകളിലും ബബിൻ ആവർത്തിക്കുന്നത്. നമുക്ക് ബോധ്യമുള്ള വിശ്വാസയോഗ്യമായ കാര്യങ്ങൾ മാത്രമേ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറയുന്നു.

കാര്യങ്ങൾ അറിയാനുള്ള ത്വരയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ബബിൻ പറയുന്നു. കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് കാർഷിക വിളകളെയും കാണേണ്ടത്. രോഗങ്ങൾ തിരിച്ചറിയുകയും കൃത്യമായ പരിചരണം നൽകുകയും വേണം. അതുകൊണ്ടുതന്നെ വിളകൾക്കുണ്ടാകുന്ന രോഗങ്ങളിൽ വിദഗ്ധോപദേശം തേടണം. നമ്മൾ കൃഷി ചെയ്യുന്ന ഏതൊരു വിളയെയും എന്തൊക്കെ ബാധിക്കുന്നു എന്ന് നമ്മൾ തന്നെ നോക്കി അതിനെക്കുറിച്ച് റിസർച്ച് ചെയ്ത് പരിഹാരം കണ്ടെത്തി അത് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.

വന്യമൃഗശല്യത്തിന് മുന്നിൽ തോൽക്കില്ല, കൃഷി ചെയ്യാൻ സ്വന്തം ഭൂമി വേണമെന്നില്ല

വയനാട് പുൽപ്പള്ളിയിൽ കർഷകരെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന പ്രതിസന്ധികളിലൊന്ന് വന്യമൃഗശല്യമാണ്. കൃഷി ചെയ്യാൻ താത്പര്യമുണ്ടായിട്ടും പലരും കൃഷി പാടേ ഉപേക്ഷിക്കുകയോ കൃഷിയോട് വിമുഖത കാണിക്കുകയോ ചെയ്യുന്നത് ഇതുക്കൊണ്ടാണ്. വീടിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ പച്ചക്കറിയും മറ്റും കൃഷി ചെയ്യാറുമുണ്ട്. എന്നാൽ വന്യമൃഗശല്യം വർധിച്ചതോടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടുതുടങ്ങി. ഫെൻസിങ് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരം കാണാതെ കൃഷി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. വീടിന്റെ പണികളുമായി ബന്ധപ്പെട്ട് ഫെൻസിങ് ഉൾപ്പെടെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നതായി ബബിൻ പറയുന്നു. വീട് പണി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ വാടകവീട്ടിലേക്ക് മാറിയപ്പോഴും ആ ചുറ്റുവട്ടത്തും പച്ചക്കറികളും നട്ടുപരിപാലിക്കുന്നുണ്ട്.

കർണാടകയിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കൂടുതലായി ഇഞ്ചി കൃഷിയാണ് നടത്തുന്നത്. ഇഞ്ചി കൃഷി കഴിഞ്ഞ നിലത്ത് വാഴയും കൃഷി ചെയ്യാറുണ്ട്. ഒരേ വിളകൾ ആവർത്തിച്ച് കൃഷി ചെയ്യുന്നത് വിളവ് കുറയുന്നതിന് കാരണമാകുമെന്ന് ബബിൻ പറയുന്നു. കർണാടകയിൽ മാത്രമല്ല സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഞ്ചി കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് മുമ്പ് ആ നിലത്ത് ഇഞ്ചിയല്ല കൃഷി ചെയ്തതെന്ന് ഉറപ്പുവരുത്തണം. ഇനി അഥവാ മുമ്പ് അവിടെ ഇഞ്ചി കൃഷി ചെയ്തിട്ടുണ്ടെങ്കിൽ കുറഞ്ഞത് 10 വർഷങ്ങൾക്ക് മുമ്പാണെന്ന് ഉറപ്പുവരുത്തണം. അതുകൊണ്ട് തന്നെ ആ പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആരുടെയെങ്കിലും സഹായം തേടുന്നത് ഉചിതമായിരിക്കും. കൂടാതെ മണ്ണ് പരിശോധനയും നടത്തണം. രണ്ടു തവണ വ്യത്യസ്ത ലാബുകളിൽ പരിശോധിച്ചതിന് ശേഷം മാത്രം ലീസിനെടുക്കുന്നതാവും ഉചിതം. ജലലഭ്യതയും ഉറപ്പുവരുത്തണം. കർണാടകയിൽ കൃഷി ആവശ്യത്തിനുള്ള ഇലക്ട്രിസിറ്റി സൗജന്യമാണ് (നിശ്ചിത മണിക്കൂർ നേരത്തേക്ക്). മാത്രമല്ല തൊഴിലാളികളെ ലഭിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ പഠനവും പരിചയവും അത്യാവശ്യം

എടുത്തു ചാടി ഒരു സുപ്രഭാതത്തിൽ കൃഷി ചെയ്യാമെന്ന് കരുതി ഇറങ്ങിത്തിരിച്ചാൽ നഷ്ടമായിരിക്കും ഫലം. പപ്പയുടെ കൂടെ നിന്ന് കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചാണ് ബബിൻ കൃഷിയിലേക്ക് പൂർണമായും തിരിഞ്ഞത്. ഒരു ആത്മവിശ്വാസം കിട്ടിയതിന് ശേഷമാണ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കൃഷി തിരഞ്ഞെടുത്തത്. കർണാടകയിലെ മിർലയിലാണ് നിലവിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. സ്ഥലം നേരിൽ പോയി കണ്ട് മണ്ണ് പരിശോധിച്ച് ജലസൗകര്യവുമുണ്ടെന്ന് ഉറപ്പുവരുത്തിയാണ് കൃഷിസ്ഥലം തിരഞ്ഞെടുക്കുന്നത്. മാത്രമല്ല, കൃത്യമായ പരിചരണവും വിപണി സാധ്യതയും അറിഞ്ഞിരിക്കണം.

ഇഞ്ചിക്ക്, പുതിയ ഇഞ്ചിക്കും പഴയ ഇഞ്ചിക്കും രണ്ട് വിലയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളാണ് ഇഞ്ചി വിത്ത് നടാൻ അനുയോജ്യം. നവംബർ ആകുമ്പോഴേക്കും ഇഞ്ചി വിളവെടുപ്പിന് പാകമാകും. ഇതാണ് പുതിയ ഇഞ്ചി. ഇളം പ്രായത്തിൽ വിളവെടുക്കുന്നതും നേരിയ തൊലിയും മൃദുവായതും, ഇളം മണവും ഉള്ളതാണിത്. ഈ സമയത്ത് ഇഞ്ചിയുടെ മണ്ണിനുമുകളിലായി നിൽക്കുന്ന ചെടിഭാഗം ഉണങ്ങി തുടങ്ങും. തുടർന്ന് ഇഞ്ചികണ്ടത്തിലേക്ക് മണ്ണ് വെട്ടിയിട്ട് മൂടും. ഏപ്രിൽ,മെയ് മാസത്തോടെ ഇതിൽ നിന്നും പുതിയ ഇഞ്ചി മുളച്ചുതുടങ്ങും. ഇതാണ് ഇളയ ഇഞ്ചി, മൂടിയിട്ട ഇഞ്ചി കട്ടിയുള്ള തൊലിയും എരിവുമുള്ളതുമായ ഇഞ്ചിയായി മാറും. ഇതാണ് പഴയ ഇഞ്ചി. മാർക്കറ്റ് വിലയ്ക്ക് അനുസൃതമായി പഴയ ഇഞ്ചി ആയിട്ടോ പുതിയ ഇഞ്ചി പരുവത്തിലോ വിൽപ്പന നടത്താം. ഇനി വാഴ നടുമ്പോഴാണെങ്കിൽ കർണാടകയിലെ ചില ഉത്സവ സമയങ്ങളിൽ നല്ല വില ലഭിക്കും. ആ സമയത്ത് വിളവെടുക്കാൻ സാധിക്കുന്നതുപോലെ വാഴ കൃഷിയിറക്കുന്നത് ലാഭകരമാണെന്ന് ബബിൻ പറയുന്നു.

ബയോടെക്നോളജിയിൽ നിന്ന് കൃഷിയിലേക്ക് തിരിഞ്ഞ സഹോദരൻ

തന്നെക്കാൾ കൂടുതൽ കൃഷിയോട് താത്പര്യം ചേട്ടനായിരുന്നു. ബയോടെക്നോളജി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചതിന് ശേഷവും ആ താത്പര്യം അതുപോലെ ഒപ്പമുണ്ടായിരുന്നതിനാലാണ് ജോലി ഉപേക്ഷിച്ച് പൂർണമായും കൃഷിയിലേക്ക് തിരിഞ്ഞത്. പപ്പയ്ക്കൊപ്പം നിന്ന് കാര്യങ്ങളെല്ലാം മനസ്സിലാക്കി സ്വന്തം നിലയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചേട്ടൻ തന്നെയാണ് റോൾമോഡലെന്ന് ബബിൻ പറയുന്നു. പപ്പയും അമ്മയും ഇഷ്ടങ്ങൾക്കൊപ്പം നിൽ‍ക്കുന്നതും പിന്തുണ നൽകുന്നതും മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നുവെന്നും ഈ യുവ കർഷകൻ ഓർമ്മിക്കുന്നു.

അഗ്രിബിസിനസും ലക്ഷ്യം

കർഷകർക്ക് സ്വന്തം ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനാകാത്തതും വിപണി കണ്ടെത്താൻ സാധിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവും കാർഷിക മേഖലയിലെ ലാഭ നഷ്ടങ്ങളെ നിർണയിക്കുന്നു. ഭാവിയിൽ ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന അഗ്രിബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതും ഭാവി പദ്ധതികളിലുണ്ട്.

യുവാക്കൾക്കിടയിൽ കൃഷിയറിവുകൾ പകർന്ന് മുന്നോട്ട് നീങ്ങുന്ന ബബിൻ പറയും '’എന്റെ ലക്ഷ്യം കർഷകരല്ല, ഇതുവരെയും കൃഷിയേക്കുറിച്ച് ചിന്തിക്കാത്തവരാണ്'’. ഒരാളെയെങ്കിൽ ഒരാളെ മാറി ചിന്തിപ്പിക്കാൻ സാധിക്കുന്നതിലും സന്തോഷം തരുന്ന മറ്റെന്താണുള്ളത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ സന്തോഷത്തോടെ ചെയ്യാൻ പറ്റുമ്പോഴാണ് ജീവിതത്തിൽ സന്തോഷമുണ്ടാകുന്നത്. ഏതൊരു ജോലിയേക്കാളും മാറുന്ന കാലാവസ്ഥയിൽ കൃഷിയിൽ നഷ്ടസാധ്യത കൂടുതലാണ്. പക്ഷേ, മണ്ണറിഞ്ഞ് കൃഷി ചെയ്താൽ ഇതിനെയെല്ലാം മറികടക്കാനാകുമെന്നാണ് ഈ യുവ കർഷകൻ പറയുന്നത്.