യോഗ്യത പ്രശ്നമല്ല, പിഎസ്സി അംഗമായാൽ ലക്ഷങ്ങൾ ശമ്പളം, ആജീവനാന്ത പെൻഷൻ; ഇത് പണം കായ്ക്കുന്ന പദവിയോ?
‘2025ലെ ശമ്പള പരിഷ്കരണം പ്രകാരം പിഎസ്‌സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കണം’- കണക്കുകൾ നിരത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഫെ്യ്സ്ബുക്കിൽ കുറിച്ചതിൽ എത്രത്തോളം അടിസ്ഥാനമുണ്ട്? പണം കായ്ക്കുന്ന പദവിയാണോ പിഎസ്സി ചെയർമാനും അംഗവും...? നിയമനങ്ങളിൽ വൻ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ ഏറ്റുവാങ്ങുന്നവർ സർക്കാറിന്റെ എന്തൊക്കെ ആനുകൂല്യങ്ങൾ പറ്റുന്നുണ്ട്?
2025 ഫെബ്രുവരിയിലാണ് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമുള്ള ശമ്പളം അന്നത്തെ പിണറായി സർക്കാർ വർധിപ്പിക്കുന്നത്. അതും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന, ഓണറേറിയം വർധിപ്പിക്കാനായി ആശാ വർക്കർമാർ തെരുവിൽ സമരം ചെയ്തിരുന്ന അതേ സമയത്ത്. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്‌കെയിലിലെ പരമാവധി തുക, അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സിലക്‌ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുക- അതായിരുന്നു പുതുക്കിയ ശമ്പളം. അതായത് ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമായി ശമ്പളം. കഴിഞ്ഞില്ല, 53% കേന്ദ്ര ഡിഎയും വീട്ടുവാടകയും ഗതാഗത ചെലവുമായി ശമ്പളത്തിന്റെ 16%വും വേറെ ലഭിക്കും. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിൽസ ഉൾപ്പെടെ സൗജന്യം.
ചെയർമാന് ഇഷ്‌ടാനുസരണം എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്‌ക്കെടുക്കാം. വാടക സർക്കാർ നൽകും. അതുപോലെയാണ് വാഹനവും. സർക്കാർ വാഹനമല്ല, പകരം ഇഷ്ട വാഹനം ഔദ്യോഗിക കാലാവധി മുഴുവൻ ഉപയോഗിക്കാം. ചെലവ് സർക്കാർ വഹിക്കും. സ്വന്തമായി ഒരു ഡ്രൈവറെ നിയമിക്കാം. ഡ്രൈവർക്കുള്ള ശമ്പളവും സർക്കാർ നൽകും. അംഗങ്ങൾക്ക് കാറില്ല, പകരം കാർ വാങ്ങുന്നതിന് പലിശരഹിത വായ്പയുമുണ്ട്. വാഹനത്തിന് സർക്കാർ സ്‌കെയിലിൽ ഒരു ഡ്രൈവറെ കാലാവധി കഴിയും വരെ നിയമിക്കുകയും ചെയ്യാം. ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാർ തുടങ്ങി സൗകര്യങ്ങൾ വേറെയുമുണ്ട്.
ആറു വർഷമാണ് പിഎസ്‌സിയിലെ സേവന കാലപരിധി. പ്രായവും കാലാവധിയും പ്രശ്നമല്ല, ചുമതല ഒഴിയുന്നതിന്റെ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും. അതിപ്പോൾ ഒരു ദിവസം ജോലി ചെയ്താലും ആറ് വർഷം ജോലി ചെയ്താലും. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാണ് പെൻഷൻ. കൂടാതെ ഡിഎയും ഉണ്ടാകും. ഒരിക്കൽ അംഗമായാൽ മരണം വരെ സർക്കാർ ചികിത്സാ ചിലവുകൾ വഹിക്കും.
ജില്ലാ ജഡ്ജിയുടെ ശമ്പള സ്‌കെയിലിൽ ശമ്പളം വാങ്ങുന്ന പിഎസ് സി അംഗമാകാൻ എന്താണ് യോഗ്യത? പ്രത്യേകിച്ചൊന്നും വേണ്ട. രാഷ്ട്രീയ പരിഗണനയാണ് നിയമന മാനദണ്ഡം. 62 വയസ്സ് കഴിയരുതെന്ന് മാത്രം.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായി താരതമ്യപ്പെടുത്തുമ്പാഴാണ് ഇതിന്റെ വൈരുദ്ധ്യം കൃത്യമായി മനസിലാവുക. യുപിഎസ്‌സിയിൽ ചെയർപഴ്‌സനെക്കൂടാതെ 6 പേരാണ് അംഗങ്ങൾ. തമിഴ്നാട് പിഎസ്സിയിൽ 14 ഉം കർണാടകയിൽ 13ഉം ആണ് അംഗങ്ങൾ. പിഎസ്സിയിലാവട്ടെ, ചെയർമാനടക്കം 21 അംഗങ്ങൾ. മൊത്തം ജീവനക്കാരുടെ എണ്ണമെടുത്താൽ 1755 പേർ. യുപിഎസ്‌സിയിലെ ഭരണസമിതിയിൽ ചെയർപഴ്‌സനടക്കം സിവിൽ സർവീസിൽ പ്രവർത്തിച്ചിരുന്നവരോ ഇപ്പോൾ പ്രവർത്തിക്കുന്നവരോ ആണ്. അംഗങ്ങൾ ഇന്ത്യൻ സൈന്യത്തിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും. പിഎസ്‌സിയുടെ കാര്യം വീണ്ടും പറയണ്ടല്ലോ.
യുപിഎസ്‌സി അധ്യക്ഷന്റെ മാസശമ്പളം 2.5 ലക്ഷം രൂപയാണ്, അംഗങ്ങൾക്ക് 2.25 ലക്ഷവും. അത് തന്നെ അവസാനമായി വര്‌ധിപ്പിച്ചത് എട്ടു വർഷം മുൻപാണ്. കേരളം കഴിഞ്ഞാൽ കർണാടകയിലാണ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സണിനാണ് കൂടുതൽ ശമ്പളമുള്ളത്. സർക്കാർ അലവൻസുകൾ, സ്റ്റാൻഡേർഡ് മെഡിക്കൽ ആനുകൂല്യങ്ങൾ, ഔദ്യോഗിക താമസം എന്നിവയുൾപ്പെടെ പ്രതിമാസം 3,06,580 രൂപ. സംസ്ഥാനത്തെ ഉന്നതതല സീനിയർ അഡ്മിനിസ്ട്രേറ്റീവ് സ്കെയിലിന് തുല്യമാണിത്. മൂന്നാം സ്ഥാനത്തുള്ളത് പ്രതിമാസം 1,82,000 രൂപ ചെയർമാന് ശമ്പളം നൽകുന്ന തമിഴ്നാടാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന കേരളത്തിലെ പിഎസ്സിസിയിലാണ് ഇന്ന് ക്രമക്കേടുകളുടെ നീണ്ട നിര ഉയരുന്നതും.
Content Highlights: In 2025, PSC chairman's gross salary reached 4.10 lakh rupees. PSC members receive benefits equivalent to District Judges, including housing, vehicle, and medical coverage. Pension eligibility begins immediately after the term ends, regardless of tenure length. Appointments are primarily based on political considerations rather than strict academic or service criteria. Kerala PSC has 21 members, significantly higher than UPSC and other state commissions.
Published: 07 Jul 2026, 09:21 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented