ഷോപ്പ് ലിഫ്റ്റിങ് (കടകളിൽനിന്ന് മോഷ്ടിക്കുന്നത്) ഒരിടത്തും നിയമപരമല്ല. നിങ്ങൾ വിദേശയാത്ര ചെയ്യുമ്പോൾ, പുതിയ സ്ഥലങ്ങൾ, സംസ്കാരങ്ങൾ എന്നിവയുടെ ആവേശത്തിൽ മതിമറന്നുപോകാൻ എളുപ്പമാണ്. എന്നാൽ ഷോപ്പ് ലിഫ്റ്റിങ് പോലുള്ള ഒരു എടുത്തുചാട്ടം നിങ്ങളുടെ സൽപ്പേരിന് കളങ്കം വരുത്തുക മാത്രമല്ല, യാത്രയെ മുഴുവൻ പ്രതിസന്ധിയിലാക്കുകയും ചെയ്യും.
കൂടാതെ, മിക്ക രാജ്യങ്ങളിലും മോഷണത്തിന് പിഴ മാത്രമല്ല ശിക്ഷയെന്ന് ഓർക്കുക. ഒരു വിനോദസഞ്ചാരി എന്ന നിലയിൽ അറസ്റ്റ്, ജയിൽവാസം, നാടുകടത്തൽ എന്നിവ പോലും നേരിടേണ്ടി വന്നേക്കാം. ഷോപ്പ് ലിഫ്റ്റിങ് നിങ്ങളെ ഗുരുതരമായ പ്രശ്നത്തിലാക്കുകയും എന്നെന്നേക്കുമായി രാജ്യത്തിന് പുറത്താക്കുകയും ചെയ്യുന്ന ചില രാഷ്ട്രങ്ങൾ ഇതാ.
സിങ്കപ്പൂർ
വൃത്തി, നിയമം കൃത്യമായി അനുസരിക്കുന്ന സ്വഭാവം എന്നിവയ്ക്ക് പേരുകേട്ടതാണ് സിങ്കപ്പൂർ. ഷോപ്പ് ലിഫ്റ്റിങ് ഒരു ഗുരുതരമായ കുറ്റമാണ് ഇവിടെ. ആദ്യമായി കുറ്റം ചെയ്യുന്നവരെ പോലും അറസ്റ്റ് ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യാം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പിഴ, ജയിൽവാസം, ചൂരലടി, അല്ലെങ്കിൽ വിദേശികളുടെ കാര്യത്തിൽ, ശിക്ഷ അനുഭവിച്ചതിന് ശേഷം ഉടൻ നാടുകടത്തൽ എന്നിവ നേരിടേണ്ടി വന്നേക്കാം.സിങ്കപ്പൂരിൽ മോഷണം ഒരു സാമൂഹിക കളങ്കമാണ്. വിനോദസഞ്ചാരികളോട് ഒരു ദയയും കാണിക്കാറില്ല. ഒരു മുന്നറിയിപ്പും പ്രതീക്ഷിക്കരുത്.
ജപ്പാൻ
ജപ്പാനിലെ കുറഞ്ഞ കുറ്റകൃത്യ നിരക്കിന് ഒരു കാരണം സത്യസന്ധതയ്ക്കും പൊതു ക്രമത്തോടുള്ള ബഹുമാനത്തിനും സമൂഹം നൽകുന്ന ശക്തമായ ഊന്നലാണ്. ഷോപ്പ് ലിഫ്റ്റിങ് നിയമവിരുദ്ധം മാത്രമല്ല, അങ്ങേയറ്റം ലജ്ജാകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാരികൾക്ക് ഇതിന്റെ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കും.
പിടിക്കപ്പെട്ടാൽ നിങ്ങളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും ജപ്പാനിൽ വീണ്ടും പ്രവേശിക്കുന്നത് വിലക്കാനും കഴിയും. നാടുകടത്തൽ സാധാരണമാണ്. പ്രത്യേകിച്ചും മോഷണം കോടതിയിൽ തെളിയിക്കപ്പെടുകയോ നിങ്ങൾ കുറ്റം സമ്മതിക്കുകയോ ചെയ്താൽ.
ദക്ഷിണ കൊറിയ
ഇവിടെ മോഷണം ഒരു ക്രിമിനൽ കുറ്റമാണ്. ഇത് പിഴ, തടവ് എന്നിവയിലേക്ക് നയിച്ചേക്കാം. വിനോദസഞ്ചാരികൾ സ്വന്തം കാര്യങ്ങൾ നോക്കി പോകുന്നതാണ് നല്ലത്. നാടുകടത്തൽ പലപ്പോഴും ശിക്ഷയുടെ ഭാഗമാണ്. വിദേശികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ ദക്ഷിണ കൊറിയൻ അധികാരികൾ ഗൗരവമായി കാണുന്നു. കുറ്റം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ നാടുകടത്തൽ നടപടികൾ ആരംഭിക്കാൻ അവർക്ക് കഴിയും.
മലേഷ്യ
മലേഷ്യയുടെ പീനൽ കോഡ് പ്രകാരം മോഷണത്തിന് കർശനമായ നിയമങ്ങളുണ്ട്. അതുപോലെ, മോഷണം ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കി വിചാരണ ചെയ്യപ്പെടുന്നു. പൗരന്മാരല്ലാത്തവർ മോഷണക്കുറ്റത്തിൽ ശിക്ഷിക്കപ്പെട്ടാൽ ചുമത്തിയ ശിക്ഷ അനുഭവിച്ചതിന് ശേഷം നിർബന്ധിതമായി നാടുകടത്തപ്പെടാം. മോഷ്ടിച്ച വസ്തുവിന് കുറഞ്ഞ വിലയേ ഉള്ളൂവെങ്കിലും ഈ പ്രവൃത്തിയെ പൊതുവിശ്വാസത്തിന്റെ ലംഘനമായാണ് കാണുന്നത്.
ചില സന്ദർഭങ്ങളിൽ, കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വിനോദസഞ്ചാരികളെ കരിമ്പട്ടികയിൽപ്പെടുത്താനും സാധ്യതയുണ്ട്. രാജ്യം നിയമത്തിനും ക്രമസമാധാനത്തിനും നൽകുന്ന ഊന്നൽ കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ച് ക്വാലാലംപൂർ പോലുള്ള നഗരങ്ങളിലെ ഷോപ്പിങ് കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങളൊന്നും വാങ്ങാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒന്നിലും തൊടാതിരിക്കുന്നതാണ് നല്ലത്.
ഇന്തോനേഷ്യ
ഇന്തോനേഷ്യ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. പ്രത്യേകിച്ച് ബാലി പോലുള്ള സ്ഥലങ്ങൾ ലോകമെമ്പാടുമുള്ള ഒട്ടേറെ യാത്രക്കാരെ ആകർഷിക്കുന്നു. അതിനാൽ, ഷോപ്പ് ലിഫ്റ്റിങ്ങിനെ ഇവിടെയും വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. മോഷണം പിടിക്കപ്പെട്ടാൽ രാജ്യത്തെ ക്രിമിനൽ കോഡ് പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും ശിക്ഷിക്കാനും കഴിയും.
ജയിൽവാസം സാധാരണമാണെങ്കിലും വിദേശികളെ അവരുടെ ശിക്ഷയെത്തുടർന്നോ അല്ലെങ്കിൽ കേസിന്റെ ഗൗരവമനുസരിച്ച് ഉടനെയോ നാടുകടത്താറുണ്ട്. ഈ നിയമം വിദേശ രാജ്യത്ത് മാത്രമല്ല, യഥാർഥത്തിൽ ഏത് സ്ഥലത്തും ബാധകമാക്കണം. നിങ്ങളുടെ സ്വാതന്ത്ര്യമോ ഭാവിയിലെ യാത്രാ പദ്ധതികളോ അപകടത്തിലാക്കുന്നത് ഒട്ടും ആശാസ്യമല്ല.
Content Highlights: this 5 countries can get tourists deported where shoplifting
Published: 17 Jul 2025, 08:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented