കൊല്ലം: അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള ബോട്ട് സര്‍വീസ് രണ്ടാഴ്ചയായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് നിഷേധിക്കപ്പെട്ടത് മികച്ച ഒഴിവുകാല വിനോദകേന്ദ്രം. പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറന്നതിനെച്ചൊല്ലി ഒരുവിഭാഗം ബോട്ട് ഓപ്പറേറ്റര്‍മാര്‍ സൃഷ്ടിച്ച തര്‍ക്കവും ഉപരോധവുമാണ് പ്രശ്‌നത്തിനു കാരണം.

To advertise here,

പൂജാ അവധിക്കാലത്ത് തുരുത്ത് അടച്ചിട്ടത് കുട്ടികളെയാണ് ഏറെ വിഷമത്തിലാക്കിയത്. ഒപ്പം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ലക്ഷങ്ങളുടെ വരുമാനവും നഷ്ടമായി. അവധിദിവസങ്ങളില്‍ ആയിരക്കണക്കിനുപേര്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.

നവംബര്‍ ഒന്നിന് ബോട്ട് സര്‍വീസ് പുനരാരംഭിക്കാനാണ് കളക്ടറുടെ നേതൃത്വത്തില്‍ ബോട്ടുടമകളുമായി നടത്തിയ ചര്‍ച്ചയിലെടുത്ത തീരുമാനം. ടിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈനാക്കും. ഡി.ടി.പി.സി.യുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് സാമ്പ്രാണിക്കോടി ബോട്ട് സര്‍വീസ്.

എന്നാല്‍ ദിശാ ബോര്‍ഡുകളില്ലാത്തതിനാല്‍ ദൂരെസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ കടവിലേക്കുപോകാന്‍ എങ്ങോട്ടു തിരിയണമെന്നു നിശ്ചയമില്ലാതെ കുഴങ്ങുന്ന സ്ഥിതിയുണ്ട്. ഗതാഗതക്കുരുക്കിനും ഇത് വഴിവെക്കുന്നു. കടവില്‍ മതിയായ പാര്‍ക്കിങ് സൗകര്യമില്ലാത്തതും പ്രശ്‌നമാണ്.

കണ്ടല്‍ച്ചെടികള്‍ നിറഞ്ഞ സാമ്പ്രാണിക്കോടി തുരുത്ത് ജില്ലയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. സ്ഥലത്തിന്റെ ഭംഗി കേട്ടറിഞ്ഞ് ജില്ലയില്‍നിന്നും പുറത്തുനിന്നും സഞ്ചാരികള്‍ ധാരാളമായി എത്തിയതോടെയാണ് കൂടുതല്‍ ബോട്ടുകള്‍ ഇവിടേക്ക് സര്‍വീസ് തുടങ്ങിയത്.

യാത്രക്കാരെ എത്തിക്കുന്നതിനെച്ചൊല്ലി ബോട്ടുകാര്‍ തമ്മിലുള്ള വഴക്ക് പലപ്പോഴും സംഘര്‍ഷത്തിലെത്തി. കൂടാതെ മുന്‍കരുതലില്ലാതെയുള്ള ടൂറിസം സുരക്ഷാപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചു. തുരുത്തില്‍ കച്ചവടം കഴിഞ്ഞ് മടങ്ങിയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് നേരത്തേ ആറുമാസം ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഡി.ടി.പി.സി. നിയന്ത്രണം ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ക്ക് ക്രമവും ചിട്ടയും ഉണ്ടായത്. ഇപ്പോള്‍ ഫിറ്റ്‌നെസും ലൈസന്‍സും ഉള്ള ബോട്ടുകള്‍ക്കു മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതി.

സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട് സര്‍വീസ് മൂന്നുസ്ഥലങ്ങളില്‍നിന്ന് നടത്താനാണ് തീരുമാനം. സാമ്പ്രാണിക്കോടി, മണലില്‍, കുരീപ്പുഴ കടവുകളില്‍നിന്നായിരിക്കും ബോട്ട് സര്‍വീസ്. സുരക്ഷയും നിയന്ത്രണവും ജനങ്ങളുടെ സൗകര്യവും ഇതുവഴി കൂടും. 52 ബോട്ടുകള്‍ക്കാണ് നിലവില്‍ അനുമതി. തുരുത്തില്‍ ഒരുസമയം എത്രപേരെ സുരക്ഷിതമായി ഉള്‍ക്കൊള്ളാനാകുമെന്ന് കണക്കാക്കിയാകും ടിക്കറ്റ് അനുവദിക്കുക. ടിക്കറ്റിങ് സോഫ്റ്റ്വേറും കടവുകളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രാഥമികസൗകര്യം ഒരുക്കലും പൂര്‍ത്തിയായിവരുന്നു.