ഇന്ത്യയുടെ ദീർഘകാല സ്വപ്‌ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷത്തോടെ ട്രാക്കിൽ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഘട്ടംഘട്ടമായി പ്രവർത്തനം ആരംഭിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സൂറത്ത്-ബിലിമോറ ഭാഗത്തായിരിക്കും ആദ്യം ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുക.

To advertise here,

അഹമ്മദാബാദിലെ സബർമതിയിൽനിന്ന് മുംബൈയിലേക്കുള്ള ഹൈസ്പീഡ് റെയിൽ കോറിഡോറിന് 508 കിലോ മീറ്റർ ദൈർഘ്യമാണുള്ളത്. 12 സ്റ്റേഷനുകളാണ് ഈ പാതയിൽ ഉള്ളത്. ഈ 508 കിലോമീറ്റർ ദൂരം ബുള്ളറ്റ് ട്രെയിൻ കേവലം രണ്ടുമണിക്കൂർ 17 മിനുട്ടുകൊണ്ട് പിന്നിടും. നവംബറിൽ സൂറത്തിലെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തനപുരോഗതി വിലയിരുത്തിയിരുന്നു.

2017-ൽ തറക്കല്ലിട്ട പദ്ധതി 2023 ഡിസംബറിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യം. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലുണ്ടായ കാലതാമസമാണ് പദ്ധതി നിർവഹണം വൈകിപ്പിച്ചത്. ആദ്യത്തെ ഹൈഡ്രജൻ പവേർഡ് കോച്ചുകളുടെ നിർമാണവും ഉടൻ യാഥാർഥ്യമാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

സൂറത്ത്-ബിലിനോറ പാതയ്ക്ക് പിന്നാലെ രണ്ടാം ഘട്ടമായി വാപ്പി-സൂറത്ത് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. പിന്നീട് വാപ്പിയിൽ നിന്ന് അഹമ്മദാബാദിലേക്കും ഒടുവിൽ താനെയിൽ നിന്ന് അഹമ്മദാബാദിലേക്കും ഹൈ സ്പീഡ് ട്രെയിൻ ഓടിത്തുടങ്ങും. 2027 ഓഗസ്റ്റ് 15-ഓടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

മുൻ റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാനിലെ ഏറ്റവും പുതിയ ഇ 10 സീരീസ് ഷിങ്കൻസെൻ ട്രെയിനുകൾ അതിവേഗ പാതയിൽ സർവീസ് നടത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. മുംബൈ-അഹമ്മദാബാദ് പദ്ധതിയിൽ കടലിനടിയിലൂടെയുള്ള തുരങ്ക പാത ശ്രദ്ധേയമാണ്.