പനജി: ബീച്ച് പരിസരങ്ങളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നത് ഗോവയില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്കുകുറയാന്‍ കാരണമായതായി ബി.ജെ.പി. എം.എല്‍.എ. മൈക്കല്‍ ലോബോ. വിദേശികളുടെ എണ്ണം കുറയുന്നതിന് സര്‍ക്കാരിനെമാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ബീച്ച് പരിസരങ്ങള്‍ മറ്റുസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

To advertise here,

ബെംഗളൂരുവില്‍നിന്നുള്ള ചിലര്‍ 'വട പാവ്' വിളമ്പുന്നു, ചിലര്‍ ഇഡ്ഡലി-സാമ്പാര്‍ വില്‍ക്കുന്നു. ഇതോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ കുറയുകയാണ്. തീരദേശമേഖലയില്‍ അത് തെക്കോ വടക്കോ ആകട്ടെ, വിദേശസന്ദശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങള്‍ ഇതിന് കാരണമാണ്. പങ്കാളികള്‍ എന്ന നിലയില്‍ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണം, എംഎല്‍എ പറഞ്ഞു. 

എല്ലാ വര്‍ഷവും ചില വിദേശികള്‍ ഗോവ സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍, വിദേശത്തുനിന്നുള്ള യുവ വിനോദസഞ്ചാരികള്‍ സംസ്ഥാനത്തുനിന്ന് അകന്നുപോകുകയാണെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. വിദേശസഞ്ചാരികള്‍ ഗോവയിലേക്ക് വരാത്തതിന്റെ കാരണം പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'വിദേശ വിനോദസഞ്ചാരികള്‍ ഗോവയിലേക്ക് വരാന്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേര്‍ന്ന് പഠിക്കണം,'' അദ്ദേഹം പറഞ്ഞു. ഇക്കാര്യം പരിഹരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍, സംസ്ഥാനത്തെ ടൂറിസം മേഖല ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമെന്നും മൈക്കല്‍ ലോബോ മുന്നറിയിപ്പ് നല്‍കി.