തിരുവനന്തപുരം: കേരളപ്പിറവിദിനാഘോഷത്തിന്റെ ഭാഗമായി കോളേജ് - സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് (അശ്വതി പി.എ., ഗീതിക വി.കെ.) ഒന്നാം സ്ഥാനവും ദേവമാത കോളേജ് കുറവിലങ്ങാട് (അനുപ്രിയ ജോജോ, റോസ്‌മെറിന്‍ ജോജോ) രണ്ടാം സ്ഥാനവും കാര്യവട്ടം ക്യാംപസ് (ഉത്തരഉദയന്‍, മാളവിക)  മൂന്നാം സ്ഥാനവും നേടി. 'കേരളചരിത്രവും സംസ്‌കാരവും' എന്നതായിരുന്നു വിഷയം. 

To advertise here,

സംസ്ഥാനത്തെ ബിരുദ - ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ 150-ല്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരം ഡയറക്ടര്‍ ഡോ. എം. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് അണ്ടര്‍ സെക്രട്ടറി സാജുമോന്‍ എസ്. ക്വിസ് മത്സരം  നയിച്ചു. ഒരു കോളേജിനെ പ്രതിനിധീകരിച്ച് രണ്ടു പേരടങ്ങിയ ടീം പങ്കെടുത്ത മത്സരത്തില്‍ നാലായിരം രൂപയാണ് ഒന്നാം സമ്മാനമായി നല്‍കിയത്. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. 

പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒന്ന് മുതല്‍ ആറ് സ്ഥാനം വരെ കരസ്ഥമാക്കിയവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങള്‍ പ്രോത്സാഹന സമ്മാനമായി നല്‍കി. കേരളപ്പിറവിദിനാഘോഷവും സെമിനാര്‍ ഉദ്ഘാടനവും മലയാളം മിഷന്‍ ഡയറക്ടര്‍ കവി മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു. സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ ഡോ. എം. സത്യന്‍ ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ അമ്പിളി ടി.കെ. നന്ദിയും പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, ഡോ. ഷീബ ദിവാകരന്‍, പി.ആര്‍.ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സ്മിത ഹരിദാസ് കേരള ഗാനം ആലപിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ കലാപരിപാടികള്‍ അരങ്ങേറി.