ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്, ടെസ്‌ല, സ്പേസ് എക്സ് എന്നീ കമ്പനികളുടെ ആവശ്യങ്ങൾക്കായി സ്വന്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ചിപ്പുകൾ നിർമിക്കുന്നതിനായി 'ടെറാഫാബ്' എന്ന ചിപ്പ് നിർമാണ കേന്ദ്രം പ്രഖ്യാപിച്ചു. ടെക്സാസിലെ ഓസ്റ്റിനിലുള്ള ടെസ്‌ലയുടെ ആസ്ഥാനത്താണ് ഈ ചിപ്പ് നിർമാണ കേന്ദ്രം സ്ഥാപിക്കുന്നത്.

To advertise here,

എ.ഐ., റോബോട്ടിക്സ്, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്കായുള്ള അത്യാധുനിക ചിപ്പുകൾ നിർമിക്കുകയാണ് ഈ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഒരു ടെറാവാട്ട് കമ്പ്യൂട്ടിങ് പവർ ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഇത് നിലവിലെ ആഗോള ചിപ്പ് ഉത്പാദനത്തേക്കാൾ ഏകദേശം 50 മടങ്ങ് കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു.

എന്തുകൊണ്ട് സ്വന്തമായി ചിപ്പുകൾ?

നിലവിലെ ചിപ്പ് വിതരണക്കാരായ സാംസങ്, ടി.എസ്.എം.സി. തുടങ്ങിയ കമ്പനികൾക്ക് നൽകാൻ കഴിയുന്നതിനേക്കാൾ വലിയ അളവിൽ കമ്പ്യൂട്ടിങ് പവർ തന്റെ കമ്പനികൾക്ക് ഭാവിയിൽ ആവശ്യമായി വരുമെന്ന് മസ്ക് പറയുന്നു. ഈ സംരംഭത്തിനായി ഏകദേശം 1.6 ലക്ഷം കോടി മുതൽ രണ്ട് ലക്ഷം കോടി രൂപ വരെ (20 മുതൽ 25 ബില്യൺ ഡോളർ) പ്രാഥമിക നിക്ഷേപം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രണ്ടു പ്രധാന തരം ചിപ്പുകളാണ് ടെറാഫാബിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്:

  1. ഒപ്റ്റിമസ് ചിപ്പുകൾ: ടെസ്‌ല വാഹനങ്ങൾക്കും 'ഒപ്റ്റിമസ്' എന്ന ഹ്യൂമനോയിഡ് റോബോട്ടുകൾക്കുമായി ഒപ്റ്റിമൈസ് ചെയ്ത ചിപ്പുകൾ.

  2. ഡി3 ചിപ്പുകൾ: ബഹിരാകാശത്തെ കടുത്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ സ്പേസ് എക്സിന്റെ ഡാറ്റാ സെന്റർ ഉപഗ്രഹങ്ങൾക്കായി ഉപയോഗിക്കും.

ഭാവിയിൽ ഭൂമി മനുഷ്യരാശിക്ക് അനുയോജ്യമല്ലാതാകുമെന്നും അതിജീവനത്തിനായി മനുഷ്യർ മറ്റ് ഗ്രഹങ്ങളിലേക്ക് ചേക്കേറേണ്ടതുണ്ട് എന്നുമുള്ള കാഴ്ചപ്പാടാണ് ഇലോൺ മസ്ക് മുന്നോട്ടുവെക്കുന്നത്. ഒരു ഗാലക്ടിക് സിവിലൈസേഷനായി മനുഷ്യരാശിയെ മാറ്റാൻ അദ്ദേഹം പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി ചൊവ്വയിലും ചന്ദ്രനിലുമെല്ലാം മനുഷ്യവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി. ബഹിരാകാശത്ത് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകളും മറ്റും സ്ഥാപിക്കാനും മസ്ക് ആസൂത്രണം ചെയ്യുന്നുണ്ട്. ഇത്തരം വമ്പൻ പദ്ധതികൾ ലക്ഷ്യമിട്ടാണ് ചിപ്പ് നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മസ്ക് ശ്രമിക്കുന്നത്.

ഭൂമിയിൽ 100 മുതൽ 200 ജിഗാവാട്ട് (GW) വരെയും ബഹിരാകാശത്ത് ഒരു ടെറാവാട്ട് (TW) വരെയും കമ്പ്യൂട്ടിങ് പവർ പിന്തുണയ്ക്കുന്ന ചിപ്പുകൾ നിർമിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ, ടെറാഫാബ് പദ്ധതിക്ക് ഒട്ടേറെ വെല്ലുവിളികളുണ്ടെന്ന് സെമികണ്ടക്ടർ വ്യവസായ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രണ്ട് നാനോമീറ്റർ (2 nm) ചിപ്പുകൾ നിർമിക്കാനുള്ള സാങ്കേതിക പരിജ്ഞാനത്തിന്റെ അഭാവം, ഭീമമായ ചെലവ്, ആവശ്യമായ ഉപകരണങ്ങളുടെ ദൗർലഭ്യം എന്നിവ പദ്ധതിക്ക് തടസ്സമായേക്കാം എന്ന് ഇവർ കരുതുന്നു.

ഉത്പാദനത്തെക്കുറിച്ചോ ഉത്പന്നം പുറത്തിറക്കുന്നതിന്‍റെ സമയക്രമമോ മസ്ക് പങ്കുവെച്ചില്ല.മുമ്പും ഇത്തരം പ്രഖ്യാപനങ്ങൾ പറഞ്ഞ സമയത്തിനനുസരിച്ച് യാഥാർത്ഥ്യമാകാതെ പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ മസ്കിന്റെ ഈ വമ്പൻ പ്രഖ്യാപനത്തിനപ്പുറത്തേക്ക് പദ്ധതി മുന്നോട്ടുപോകുമോ എന്ന് കണ്ടറിയണം.