സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്ന ചൈനീസ് എയറോസ്‌പേസ് സ്റ്റാര്‍ട്ടപ്പ് അടുത്തിടെയാണ് തങ്ങളുടെ സൂപ്പര്‍സോണിക് പാസഞ്ചര്‍ ജെറ്റ് പ്രോട്ടോടൈപ്പിന്‍റെ പരീക്ഷണപറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചത്. യുന്‍സിങ് (Yunxing) എന്ന് വിളിക്കപ്പെടുന്ന ഈ വാണിജ്യ ജെറ്റ് വിമാനം കോണ്‍കോര്‍ഡ് എന്ന സൂപ്പര്‍സോണിക് വിമാനത്തേക്കാള്‍ ഇരട്ടി വേഗതയില്‍ ഏകദേശം മാക്ക് 4 (മണിക്കൂറില്‍ 4830 കിമീ) വേഗത്തില്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍, ബെയ്ജിങില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് വെറും രണ്ട് മണിക്കൂറിലും അല്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് 70 മിനിറ്റിലും യാത്ര ചെയ്യാന്‍ വിമാനത്തിനാവും. 

To advertise here,

മറ്റൊരു ചൈനീസ് കമ്പനിയായ ലിങ് കോങ് ടിയാന്‍സിങ് ടെക്‌നോളജിയും 2027-ഓടുകൂടി പൂര്‍ണ രൂപത്തിലുള്ള സൂപ്പര്‍സോണിക് പാസഞ്ചര്‍ ജെറ്റിന്റെ ആദ്യ പറക്കല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.

2003 -ല്‍ സേവനം അവസാനിപ്പിച്ച കോണ്‍കോര്‍ഡ് വിമാനത്തിന് ശേഷം പുതിയ സൂപ്പര്‍സോണിക് യാത്രാ വിമാനം അവതരിപ്പിക്കാനുള്ള യുഎസ്സിന്റെ ശ്രമങ്ങളില്‍ ചൈന വലിയൊരു മത്സരത്തിന് ഒരുങ്ങിയിരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

placeholder
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ലോഖീദ് മാര്‍ട്ടിനുമായി സഹകരിച്ച് നിർമിക്കുന്ന എക്‌സ് 59 | Photo:NASA 

റിപ്പോര്‍ട്ടുകളനുസരിച്ച് യുഎസ്സില്‍ നിന്ന് പുതിയൊരു സൂപ്പര്‍ സോണിക് വിമാനം ആകാശം കാണാന്‍ 2030 എങ്കിലുമാവും. യുഎസ്സിലെ ബൂം ടെക്‌നോളജി ഒരുക്കുന്ന 'ഓവര്‍ച്വര്‍' എന്ന സൂപ്പര്‍ സോണിക് പാസഞ്ചര്‍ ജെറ്റ് 2029 ന് മുമ്പ് ഒരിക്കലും ആകാശം കാണില്ലെന്നുറപ്പാണ്. അവിടെയാണ് 2027- ഓടെ സൂപ്പര്‍ സോണിക് യാത്രാ വിമാനത്തിന്റെ ആദ്യ പറക്കല്‍ നടത്തുമെന്ന് ലിങ് കോങ് ടിയാന്‍സിങ് ടെക്‌നോളജി  എന്ന ചൈനീസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

എക്സ്59 ക്വെസ്റ്റ് (Quiet SuperSonic Technology)  പദ്ധതിയിലൂടെ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയും ലോഖീദ് മാര്‍ട്ടിനുമായി സഹകരിച്ച് എക്‌സ് 59 എന്ന സൂപ്പര്‍സോണിക് വിമാനം നിര്‍മിക്കുന്നുണ്ട്. 

യുന്‍സിങ് സൂപ്പര്‍സോണിക് വിമാനം

ചൈനീസ് സ്റ്റാര്‍ട്ടപ്പായ യുന്‍സിങിന്റെ സൂപ്പര്‍ സോണിക് ജെറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. 2018 -ല്‍ സ്ഥാപിച്ച കമ്പനി ഇതുവരെ 6 കോടി ഡോളര്‍ (504 കോടി രൂപ) സമാഹരിച്ചിട്ടുണ്ടെന്ന് മാത്രമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. 

placeholder
ബൂം ടെക്നോളജിയുടെ ഓവർച്വർ സൂപ്പര്‍ സോണിക് വിമാനം | Photo: https://boomsupersonic.com

അതേസമയം 2003-ല്‍ സേവനം അവസാനിപ്പിച്ച കോണ്‍കോര്‍ഡ് ഉള്‍പ്പടെ ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന സൂപ്പര്‍സോണിക് വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുത്തനെ ടേക്ക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യാനും സാധിക്കുന്ന വിമാനമായിരിക്കും യുന്‍സിങ് സൂപ്പര്‍സോണിക് ജെറ്റ്. അതുകൊണ്ടുതന്നെ ഈ വിമാനത്തിന് സമതലമായ എവിടെയും ഇറങ്ങാനും ഉയര്‍ന്ന് പറക്കാനും സാധിക്കും. പ്രത്യേകമായ റണ്‍വേ ആവശ്യമായി വരില്ല. കോണ്‍കോര്‍ഡ് സൂപ്പര്‍സോണിക് വിമാനത്തിന് 3370 മീറ്റര്‍ നീളമുള്ള റണ്‍വേ ആവശ്യമായിരുന്നു. 

ഇതിന്റെ ഒരു ആനിമേഷന്‍ വീഡിയോ സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കുത്തനെ ടേക്ക് ഓഫ് ചെയ്യാനാകുന്ന വിമാനം 20000 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോള്‍ അതിലെ ബൂസ്റ്ററുകള്‍ വേര്‍പെടുകയും സാധാരണ വിമാനങ്ങളോ പോലെ തിരശ്ചീനമായി പറക്കുകയും ചെയ്യും. ലക്ഷ്യസ്ഥാനം എത്തുന്നതിന് മുമ്പ് വേഗം കുറയ്ക്കുന്ന വിമാനം ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ സഹായത്തോടെ കുത്തനെ താഴേക്കിറങ്ങും. 

സൂപ്പര്‍സോണിക് വിമാനങ്ങള്‍

ശബ്ദവേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന വിമാനങ്ങളാണ് സൂപ്പര്‍ സോണിക് വിമാനങ്ങള്‍. 75 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയയിലെ മരുഭൂമിയ്ക്ക് മുകളിലൂടെ ആദ്യ സൂപ്പര്‍സോണിക് വിമാനം പറന്നത്. 1947 ഒക്ടോബര്‍ 14 -നായിരുന്നു അത്. അന്നത്തെ നാഷണല്‍ അഡൈ്വസറി കമ്മറ്റി ഫോര്‍ എയറോനോട്ടിക്‌സിലേയും (എന്‍എസിഎ), എയര്‍ഫോഴ്‌സിലെയും പുതിയതായി രൂപം നല്‍കിയ എക്‌സ്-1 സംഘമാണ് ശബ്ദവേഗത്തെ മറികടന്ന് അക്കാലത്ത് അപ്രാപ്യമെന്ന് കരുതിയ നേട്ടം കൈവരിച്ചത്.  

placeholder
കോൺകോർഡ് സൂപ്പർസോണിക് വിമാനം | Photo: Eduard Marmet, CC BY-SA 3.0 GFDL 1.2, via Wikimedia Commons

1970- കളില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡിമിനിസ്‌ട്രേഷന്‍ യുഎസിലെ ഭൂപ്രദേശത്തിന് മുകളിലൂടെയുള്ള സൂപ്പര്‍സോണിക് വിമാനങ്ങളുടെ പറക്കല്‍ നിരോധിച്ചിരുന്നു. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കാരണം. ഇക്കാരണത്താല്‍ അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന കോണ്‍കോര്‍ഡ് വിമാനങ്ങള്‍ക്ക് സമുദ്രത്തിന് മുകളിലൂടെ മാത്രമേ പറക്കാന്‍ സാധിച്ചിരുന്നുള്ളൂ. കോണ്‍ കോര്‍ഡ് വിമാനങ്ങള്‍ 2003- ല്‍ സേവനം അവസാനിപ്പിച്ചതിന് ശേഷം മറ്റൊരു സൂപ്പര്‍സോണിക് വിമാനം ആരും അവതരിപ്പിച്ചിട്ടില്ല. 

യുഎസ്സില്‍ നിലനില്‍ക്കുന്ന നിരോധനം മറികടക്കാന്‍ ശബ്ദരഹിത സൂപ്പര്‍സോണിക് അവതരിപ്പിക്കാനാണ് നാസയും ലോഖീദ് മാര്‍ട്ടിനും 'എക്‌സ് 59' വിമാനത്തിലൂടെ ശ്രമിക്കുന്നത്.