ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ അമേരിക്കൻ മേധാവിത്വത്തെ വെല്ലുവിളിക്കാനും ആഗോളതലത്തിൽ എഐ ഡാറ്റയുടെ പ്രധാന വിതരണക്കാരാകാനും ലക്ഷ്യമിട്ട് വൻ പദ്ധതികൾ ആവിഷ്കരിച്ച് ചൈന. പാശ്ചാത്യ ചിന്താഗതികൾ എഐ മോഡ‍ലുകളിൽ ആധിപത്യം സ്ഥാപിക്കുന്നത് തടയാനും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുമാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നത്.
ആദ്യകാലത്ത് ChatGPT ചൈനീസ് ഭാഷയിലുള്ള ചോദ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വലിയ പിഴവുകൾ വരുത്തിയതായി ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. പ്രശസ്ത എൻ.ബി.എ. താരം യാവോ മിങ്ങിനെ യു.എസിൽ കളിച്ച ആദ്യ ചൈനീസ് വനിതയായി ചാറ്റ്ബോട്ട് വിശേഷിപ്പിക്കുകയും രണ്ടു നൂറ്റാണ്ടുകളുടെ വ്യത്യാസത്തിൽ എഴുതപ്പെട്ട 'ജേർണി ടു ദി വെസ്റ്റ്', 'ഡ്രീം ഓഫ് ദി റെഡ് ചേമ്പർ' എന്നീ ക്ലാസിക് ചൈനീസ് സാഹിത്യകൃതികളെ പരസ്പരം മാറിപ്പോകുകയും ചെയ്തു. ചൈനയെക്കുറിച്ചുള്ള പക്ഷപാതപരമായ വീക്ഷണങ്ങൾ എഐ മോഡലുകൾ നൽകുന്നതായും രാഷ്ട്രീയചോദ്യങ്ങളിൽനിന്ന് അവ ഒഴിഞ്ഞുമാറുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

To advertise here,

അതിനുശേഷം ചാറ്റ്ജിപിടി പലതവണ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ അതിന്റെ പ്രതികരണങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടാവാം. എന്നാൽ, നിലവിലെ എഐ മോഡലുകൾ പ്രധാനമായും ഇംഗ്ലീഷ് ഭാഷയിലുള്ള ഡാറ്റയെ അടിസ്ഥാനമാക്കി പരിശീലിപ്പിക്കപ്പെടുന്നതിനാൽ, അവ പാശ്ചാത്യ ചിന്താഗതികളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചൈന നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ, തായ്‌വാൻ വിഷയം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ പാശ്ചാത്യ വീക്ഷണങ്ങൾക്ക് എഐ ലോകത്ത് മുൻഗണന ലഭിക്കുന്നത് തങ്ങൾക്ക് ഭീഷണിയാണെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കാണുന്നു.

ഈ പ്രതിസന്ധി മറികടക്കാൻ 2028 അവസാനത്തോടെ ചൈനയെ ഒരു ഡാറ്റാ പവർഹൗസ് ആക്കി മാറ്റുന്നതിനുവേണ്ടിയുള്ള ബ്ലൂപ്രിന്റ് ചൈനീസ് നാഷണൽ ഡാറ്റാ അഡ്മിനിസ്ട്രേഷൻ തയ്യാറാക്കിയിട്ടുണ്ട്. ശാസ്ത്രഗവേഷണം, വ്യവസായ നിർമാണം, സ്വയംനിയന്ത്രിത വാഹനങ്ങൾ ഉൾപ്പെടെയുള്ള രണ്ടു ഡസനിലധികം തന്ത്രപ്രധാന മേഖലകളിൽ മികച്ച ഡാറ്റാ സെറ്റുകൾ നിർമിക്കാനാണ് ചൈനയുടെ തീരുമാനം.

ഇങ്ങനെ നിർമിക്കുന്ന ഡാറ്റാ സെറ്റുകൾ ആഗോളതലത്തിൽ പങ്കുവെക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ഷാങ്ഹായിൽ നടന്ന വേൾഡ് നിർമിത ബുദ്ധി കോൺഫറൻസിൽ വികസ്വര രാജ്യങ്ങൾക്ക് സ്വന്തമായി എഐ നിർമിക്കാൻ ഡാറ്റ നൽകാമെന്ന് ചൈന വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത 'വാൻജുവാൻ' (WanJuan) എന്ന പേരിൽ വലിയൊരു ഡാറ്റാ ശേഖരം ഇതിനകം ഗിറ്റ്ഹബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഡൗൺലോഡിനായി ലഭ്യമാക്കിയിട്ടുണ്ട്. ചൈനീസ് ഭാഷയ്ക്കു പുറമെ അറബിക്, കൊറിയൻ, റഷ്യൻ, തായ്, വിയറ്റ്നാമീസ് ഭാഷകളിലും ഇത് ലഭ്യമാണ്.

ഈ നീക്കത്തിലൂടെ ചൈനീസ് അനുകൂലമായ വിവരങ്ങളും എഐയെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുകയും എഐ മോഡലുകളുടെ മറുപടികളിൽ ചൈനീസ് വിരുദ്ധ കാഴ്ചപ്പാടുകൾ പ്രചരിക്കുന്നത് തടയാനും സാധിക്കും.

എന്നാൽ, ചൈനയുടെ ഡാറ്റാ കയറ്റുമതി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണങ്ങൾ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ബെയ്ജിങ്ങിന് താല്പര്യമില്ലാത്ത വിവരങ്ങൾ സെൻസർ ചെയ്യപ്പെടാനും ഇടയാക്കുമെന്ന് പാശ്ചാത്യ സുരക്ഷാവിദഗ്ധർ ആശങ്കപ്പെടുന്നുണ്ട്. ഡീപ്‌സീക് (DeepSeek) പോലുള്ള പ്രമുഖ ചൈനീസ് ചാറ്റ്ബോട്ടുകൾ ഷി ജിൻപിങ്ങിനെക്കുറിച്ചോ രാജ്യത്തെ മുൻപത്തെ 'സീറോ കോവിഡ്' പോളിസികളെക്കുറിച്ചോ ഉള്ള സുപ്രധാന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കാണാം.

ഇതിനകംതന്നെ അമേരിക്കൻ എഐ മോഡലുകളായ ചാറ്റ്ജിപിടി, ക്ലോഡ് എന്നിവയിൽ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ പ്രചാരണങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് ഭാഷയിലുള്ള ചോദ്യങ്ങൾക്ക് ഈ ചാറ്റ്ബോട്ടുകൾ ബെയ്ജിങ്ങിന് അനുകൂലമായ മറുപടികളാണ് നൽകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.