അതിവേഗ എഐ മുന്നേറ്റം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കാളിയായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും. എഐയുടെ അപകട സാധ്യത സംബന്ധിച്ച വെളിപ്പെടുത്തലുകൾ യാഥാർഥ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതെല്ലാം തട്ടിപ്പാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ഗേറ്റ്‌സ് തള്ളി. ഒന്നും തട്ടിപ്പല്ലെന്നും എഐയുടെ മനുഷ്യ നിയന്ത്രണം ഉറപ്പാക്കാൻ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

'എഐ മനുഷ്യരെ കൊന്നൊടുക്കും'

എഐ മനുഷ്യരാശിക്കുതന്നെ ഭീഷണിയാണെന്നും എഐ മനുഷ്യരെ കൊന്നൊടുക്കുമെന്നുമുള്ള എഐ ഗവേഷകന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എഐ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. മുൻനിര എഐ കമ്പനിയായ ആന്ത്രോപിക്കിൽനിന്ന് രാജിവെച്ചതിന് പിന്നാലെ എഐ ഗവേഷകനായ ജേക്കബ് കോക്‌സണാണ് എഐ മനുഷ്യരെ കൊന്നടുക്കുമെന്ന മുന്നറിയിപ്പ് നൽകിയത്.

പിന്നാലെ ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയി, ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ, സ്‌പേസ്എക്‌സ് എഐ (മുൻപ് എക്‌സ് എഐ) മേധാവി ഇലോൺ മസ്‌ക് എന്നിവർ കോക്‌സണിന്റെ നിലപാട് ശരിവെക്കുകയും എഐ വികസനം മന്ദഗതിയിലാക്കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. ഇവർക്ക് പിന്തുണയുമായാണ് ഇപ്പോൾ ബിൽ ഗേറ്റ്‌സും എത്തിയിട്ടുള്ളത്.

എല്ലാം തട്ടിപ്പെന്ന് ട്രംപ്

എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലാപാടാണ് ട്രംപിനുള്ളത്. ഓപ്പൺഎഐയും ആന്ത്രോപിക്കുമടക്കം എഐ വികസനം മന്ദഗതിയിലാക്കിയാൽ ഈ രംഗത്ത് അമേരിക്കയ്ക്കുള്ള മുൻതൂക്കം നഷ്ടപ്പെടുമെന്നും ചൈന നേട്ടം കൊയ്യുമെന്നുമാണ് ട്രംപിന്റെ വാദം.

ചൈന സുരക്ഷ ഉറപ്പാക്കുമോ?

എഐ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന വാദത്തെക്കുറിച്ച് എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വിശദമായി ബിൽ ഗേറ്റ്‌സ് മറുപടി നൽകി. സുരക്ഷാ മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. ചൈന ഇത്തരം സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കില്ല എന്ന വാദത്തോട് പൂർണ്ണമായും വിയോജിക്കുന്നു എന്നും ബിൽ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

എഐ വികസനം നിരീക്ഷിക്കാൻ യു.എസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാൽ ചൈനയും അത് പിന്തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് നടപടി ഉറപ്പാക്കണം. ചൈനയും അത് പിന്തുടരേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർ

ട്രംപിന്റെ മനസുമാറ്റാൻ ഗേറ്റ്‌സിന് കഴിയുമോ?

ഈ വിഷയം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ബിൽ ഗേറ്റ്‌സ് പറയുന്നത്. എഐ വിഷയത്തിൽ യുഎസ് പ്രസിഡന്റിന്റെ മനസ്സ് മാറ്റാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ടെക്‌നോളജി രംഗത്തെ തന്റെ ജീവിതകാലത്തെ പ്രവർത്തനത്തിന്റെ വെളിച്ചത്തിലാണ് താൻ ഇക്കാര്യങ്ങൾ പറയുന്നതെന്ന് ബിൽ ഗേറ്റ്‌സ് അവകാശപ്പെടുന്നു. ഈ വിഷയം വളരെ വ്യത്യസ്തമാണ്. തനിക്ക് എത്രമാത്രം ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നതോടെ കേൾക്കുന്നവർക്ക് വിഷയത്തിന്റെ ഗൗരവം മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.- ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.

“എഐ നിയന്ത്രണം അത്യാവശ്യം”

എഐ നിയന്ത്രണത്തിന് കൂടുതൽ ഊന്നൽ നൽകേണ്ട സമയമാണിതെന്നും രാഷ്ട്രീയ നേതൃത്വത്തിൽനിന്ന് കൃത്മായ നിലപാടുകൾ ഉണ്ടാകേണ്ട സമയമാണിതെന്നും ഗേറ്റ്‌സ് ചൂണ്ടിക്കാണിച്ചു. ചർച്ചയിലേക്ക് നിയമ വിദഗ്ധരും രാഷ്ട്രീയക്കാരുമടക്കം കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് - അമോദെയി കൂടിക്കാഴ്ച എന്തിന്?

ആന്ത്രോപിക് സിഇഓ ഡാരിയോ അമോദെയിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്താൻ ഒരുങ്ങവെയാണ് ബിൽ ഗേറ്റ്‌സിന്റെ പരാമർശങ്ങൾ വരുന്നത്. വൈറ്റ് ഹൗസിലെ അത്താഴത്തിന്റെ അജണ്ട എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇരുവരും എഐ നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തേക്കുമെന്നാണ് അഭ്യൂഹങ്ങൾ.