നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗത്തിലാണ്. നിലവിലെ നൂതന എഐ ചാറ്റ്ബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും എഴുതാനും സംവദിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, ഇതിനെയെല്ലാം കടത്തിവെട്ടുന്ന എഐയുടെ അടുത്ത ഘട്ടമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അഥവാ എജിഐ (AGI) യെക്കുറിച്ചാണ് ഇപ്പോൾ സാങ്കേതിക ലോകത്തെ ചർച്ചകൾ. 2029-ഓടെ എജിഐ യാഥാർത്ഥ്യമായേക്കാമെന്നാണ് ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിൽ, ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസിന്റെ പുതിയ പ്രവചനം. മുൻപ് 2030-ൽ പ്രതീക്ഷിച്ചിരുന്ന ഈ മാറ്റം അതിലും വേഗത്തിൽ സംഭവിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

To advertise here,

ഈ സാഹചര്യത്തിൽ അതിവേഗത്തിലുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് ഹസ്സാബിസ് പറയുന്നു. എജിഐയുടെ വരവോടെ സമൂഹത്തിലുണ്ടാവാൻ പോവുന്ന വലിയ മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ സാങ്കേതിക രംഗത്തുള്ളവരിൽ മാത്രം ഒതുങ്ങിനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ, സർക്കാരുകളും സാമ്പത്തിക വിദഗ്ധരും പൊതുസമൂഹവും ഇതിനായി വേഗത്തിൽ തയ്യാറെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പ്രശ്നത്തിന്റെ ഗൗരവം പൊതുജനങ്ങളെ അറിയിക്കാനാണ് താൻ അല്പം നാടകീയമായ ഭാഷ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എജിഐ സാങ്കേതികവിദ്യയിലേക്കുള്ള നിർമിതബുദ്ധിയുടെ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ല് എഐ സംവിധാനങ്ങളുടെ 'റിക്കർസീവ് സെൽഫ് ഇംപ്രൂവ്‌മെന്റ്' ആണെന്ന് ഹസ്സാബിസ് പറയുന്നു. അതായത്, എഐ സിസ്റ്റങ്ങൾക്ക് അവയുടെ സ്വന്തം കഴിവുകൾ അതിവേഗം സ്വയം മെച്ചപ്പെടുത്താൻ സാധിക്കുന്ന അവസ്ഥയാണിത്. എഐ സിസ്റ്റങ്ങൾ പൂർണ്ണമായും സ്വന്തമായി മെച്ചപ്പെടുന്ന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും, ഇതിന്റെ വികസന വേഗത വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിൽ എഞ്ചിനീയർമാർക്ക് കൂടുതൽ സഹായകമാകുന്ന കോഡിങ് ഏജന്റുകൾ ഇതിന്റെ പ്രാരംഭ ഘട്ടമായ 'സോഫ്റ്റ് സെൽഫ് ഇംപ്രൂവ്‌മെന്റ്' ആണെന്നും അദ്ദേഹം പറയുന്നു.

എന്താണ് എജിഐ?

ലോകത്തെ മുൻനിര എഐ കമ്പനികൾ എജിഐക്ക് പിന്നാലെ പായുമ്പോഴും എന്താണ് എജിഐ എന്ന് കൃത്യമായ നിർവചനമോ വ്യക്തമായ ഏകാഭിപ്രായമോ ഇല്ല. എജിഐയുടെ സ്വഭാവം എന്തായിരിക്കുമെന്നതിൽ സങ്കൽപ്പങ്ങൾ മാത്രമാണുള്ളത്. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ അഭിപ്രായത്തിൽ, 'എജിഐ' എന്നതിന് വ്യക്തമായ നിർവചനമില്ല എങ്കിലും, മനുഷ്യന് സമാനമായി സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു സംവിധാനമായാണ് അദ്ദേഹം അതിനെ കാണുന്നത്. മനുഷ്യ പുരോഗതിയുടെ മറ്റൊരു ടൂളായും അതേസമയം, വ്യത്യസ്തമായ വലിയ മാറ്റത്തിന്റെ തുടക്കമായും ഓൾട്ട്മാൻ എജിഐയെ നോക്കിക്കാണുന്നു.

അതേസമയം, എജിഐ എന്ന പദത്തോടുതന്നെ യോജിക്കാത്തയാളാണ് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡെ. പകരം ഇതിനെ 'പവർഫുൾ എഐ' എന്ന് വിളിക്കാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നത്. 2024-ൽ അദ്ദേഹം ഇത്തരം സാങ്കേതികവിദ്യ 2026-ഓടെ എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും അത് ഇതുവരെ സംഭവിച്ചിട്ടില്ല.

അതേസമയം, ഒരു എഐ സംവിധാനം എജിഐ ആയി മാറിയോ എന്നറിയാൻ ഡെമിസ് ഹസ്സാബിസിന് സ്വന്തമായി ഒരു മാനദണ്ഡമുണ്ട്. മനുഷ്യരെപ്പോലെ തികച്ചും പുതിയ ശാസ്ത്രീയ ആശയങ്ങൾ സ്വതന്ത്രമായി കണ്ടെത്താൻ അതിന് കഴിയണം. ഉദാഹരണത്തിന്, 1911 വരെയുള്ള വിവരങ്ങൾ മാത്രം നൽകി പരിശീലിപ്പിച്ച ഒരു എഐ സിസ്റ്റത്തിന്, 1915-ൽ ആൽബർട്ട് ഐൻ‌സ്റ്റൈൻ കണ്ടെത്തിയ സാമാന്യ ആപേക്ഷിത സിദ്ധാന്തം സ്വയം കണ്ടെത്താൻ കഴിഞ്ഞാൽ, അത് പൂർണ്ണമായ ഒരു എജിഐ സിസ്റ്റം ആണെന്ന് ഉറപ്പിക്കാമെന്ന് അദ്ദേഹം പറയുന്നു.

മുൻനിര എഐ കമ്പനികളുടെ എജിഐയുടെ നിർവചനങ്ങളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ഈ സാങ്കേതികവിദ്യ വൈകാതെതന്നെ ലോകത്തെ മാറ്റിമറിക്കാൻ എത്തുമെന്ന കാര്യത്തിൽ അവർക്കെല്ലാം ഏകാഭിപ്രായമാണ്. അത് കരുതിയതിനേക്കാൾ വേഗത്തിലെത്തുമെന്ന സൂചനയും ഹസാബിസ്സിനെ പോലുള്ളവർ നൽകിക്കൊണ്ടിരിക്കുന്നു.