മുംബൈ: സൗമ്യനായ വിരാട് കോലിയെ നമ്മള്‍ കണ്ടിട്ടില്ല. എപ്പോഴും ഗ്രൗണ്ടില്‍ അക്രമണോത്സുകതയോടെ മാത്രമേ കോലി പ്രത്യക്ഷപ്പെടാറുള്ളു. ഇതോടെ ഇന്ത്യന്‍ ടീമിലെ കലിപ്പന്‍ എന്ന് കോലി അറിയപ്പെടാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കോലിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്വത വന്ന താരത്തെപ്പോലെ കോലി പെരുമാറാന്‍ തുടങ്ങി. ഈ മാറ്റത്തിന് കാരണം അന്വേഷിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരമായ സന്ദീപ് പാട്ടീല്‍.

To advertise here,

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു സന്ദീപ്. എപ്പോഴും ക്ഷോഭിക്കുന്ന വ്യക്തയില്‍ നിന്ന് കോലി ശാന്തനായി മാറിയത് എങ്ങനെയാണ്. അതിന്റെ കാരണം എനിക്കറിയണമെന്നുണ്ട്- സന്ദീപ് പറയുന്നു. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നേടുന്ന കാലത്തുതന്നെ കോലിയെ തനിക്ക് അറിയാമായിരുന്നു എന്നും അന്നത്തെ കോലിയില്‍ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു. അന്നുള്ളതു പോലെ ഇപ്പോഴും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാത്ത താരമാണ് കോലിയെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

2012 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ചീഫ് സെലക്ടറായിരുന്നു സന്ദീപ്. 2013-ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയത് സന്ദീപ് സെലക്ടറായിരിക്കുമ്പോഴാണ്. രോഹിത് ശര്‍മ്മ, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങള്‍ ടെസ്റ്റില്‍ അരങ്ങേറിയതും സന്ദീപ് ചീഫ് സെലക്ടറായിരുന്ന സമയത്താണ്. പിന്നീട് 2016-ല്‍ എം.എസ്.കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി. 

 

Content Highlights: Sandeep Patil wants to ask Virat Kohli a cheeky question