
കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്താക്കാനുള്ള ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയക്ക് ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. തനിക്ക് അഭിമുഖം തരണമെന്നായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്റെ ആവശ്യം. എന്നാല്‍ സാഹ ഇതിന് പ്രതികരിക്കാതിരുന്നതോടെ മാധ്യമപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ താരം ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഇതിന് പിന്നാലെ സാഹയ്ക്ക് പിന്തുണയുമായി വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്ങ്, പ്രഗ്യാന്‍ ഓജ, രവി ശാസ്ത്രി എന്നിവരെല്ലാം രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകന്റെ പേര് സാഹ വെളിപ്പെടുത്തണം എന്നായിരുന്നു മിക്കവരുടേയും ആവശ്യം. സാഹയുടെ ട്വീറ്റ് ഗൗരവമായി പരിഗണിക്കണമെന്ന് ബിസിസിഐയോട് മുന്‍താരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്റെ പേര് എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല എന്ന് വ്യക്തമാക്കുകയാണ് സാഹ.
ആരുടേയും കരിയര്‍ നശിപ്പിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ അയാളുടെ പേര് വെളിപ്പെടുത്തില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാഹ പറയുന്നു. ഇന്ത്യക്കായി കളിച്ച താരമാണെന്ന പരിഗണന പോലുമില്ലാതെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരുണ്ടെന്ന വസ്തുത തുറന്നുകാട്ടുകയാണ് തന്റെ ട്വീറ്റിന്റെ ലക്ഷ്യമെന്നും സാഹ കൂട്ടിച്ചേര്‍ത്തു. ബിസിസിഐയുടെ അന്വേഷണ സംഘം സമീപിക്കുകയാണെങ്കിലും ആ പേര് താന്‍ വെളിപ്പെടുത്തില്ലെന്നും സാഹ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന് ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഇതാണ് എനിക്ക് ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ചത് എന്ന കുറിപ്പോടെയാണ് സാഹ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനം ഇങ്ങനെയാണെന്നും സ്‌ക്രീന്‍ ഷോട്ടിനൊപ്പം സാഹ കുറിക്കുന്നു.
Content Highlights: Wriddhiman Saha On Explosive Tweet
Published: 22 Feb 2022, 05:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented