ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടക്കുന്ന മേജര്‍ ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണില്‍ തകര്‍ത്തടിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരാന്‍. മേജര്‍ ക്രിക്കറ്റ് ലീഗ് ഫൈനലില്‍ താരം 55 പന്തുകളില്‍ നിന്ന് 137 റണ്‍സാണ് അടിച്ചെടുത്തത്. 

To advertise here,

എം.ഐ ന്യൂയോര്‍ക്കിനുവേണ്ടി ബാറ്റേന്തിയ പൂരാന്‍ സീറ്റില്‍ ഓര്‍ക്കാസിനെതിരായ മത്സരത്തിലാണ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. പൂരാന്റെ മികവില്‍ എം.ഐ ന്യൂയോര്‍ക്ക് പ്രഥമ സീസണില്‍ കിരീടം നേടി. ഏഴുവിക്കറ്റിനാണ് ടീമിന്റെ വിജയം. 

ആദ്യം ബാറ്റുചെയ്ത ഓര്‍ക്കാസ് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ് മികവില്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. ഡി കോക്ക് 87 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂയോര്‍ക്കിനായി നായകന്‍ പൂരാന്‍ അടിച്ചുതകര്‍ത്തു. 13 സിക്‌സും 10 ഫോറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 

ഹര്‍മീത് സിങ് ചെയ്ത 16-ാം ഓവറില്‍ താരം 24 റണ്‍സാണ് അടിച്ചെടുത്തത്. അക്കൗണ്ട് തുറക്കുമുന്‍പ് വിക്കറ്റ് നഷ്ടപ്പെട്ട ന്യൂയോര്‍ക്കിനായി മൂന്നാമനായി ക്രീസിലെത്തിയ പൂരാന്‍ പുറത്താവാതെ വെറും 16 ഓവറില്‍ ടീമിന് വിജയം സമ്മാനിച്ചു. 10 റണ്‍സെടുത്ത ടിം ഡേവിഡ് പുറത്താവാതെ നിന്നു. 

ഈ പ്രകടനത്തിന്റെ മികവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരത്തിനുള്ള പുരസ്‌കാരം പൂരാന്‍ സ്വന്തമാക്കി. 388 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ ഒരു താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും പൂരാന്റെ പേരിലാണ്. മുംബൈ ഇന്ത്യന്‍സിന്റെ അധീനതയിലുള്ള ക്ലബ്ബാണ് എം.ഐ.ന്യൂയോര്‍ക്ക്. പൂരാന് പുറമെ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് വീസെ, റാഷിദ് ഖാന്‍, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ പ്രമുഖരും എം.ഐ ന്യൂയോര്‍ക്കിനുവേണ്ടിയാണ് കളിക്കുന്നത്.