തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും നിലനിർത്താനായപ്പോൾ, ബേസിൽ തമ്പി അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരാനും ഫോമിലുള്ള താരങ്ങളെ പുതുതായി ടീമിലെത്തിക്കാനും കൊച്ചി ബ്ലൂ ടൈഗേഴ്സിനായി. അനുവദിക്കപ്പെട്ട തുക പൂർണ്ണമായും വിനിയോഗിച്ച്, എല്ലാ മേഖലകളിലും സന്തുലിതമായൊരു ടീമിനെയാണ് ഇത്തവണ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ സാലി സാംസനെയും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ആഷിക്കിനെയും കൊച്ചി ലേലത്തിന് മുൻപെ തന്നെ നിലനിർത്തിയിരുന്നു. ബേസിൽ തമ്പിയെ സ്വന്തമാക്കിയാണ് ബ്ലൂ ടൈഗേഴ്സ് ഇത്തവണ ലേലത്തിന് തുടക്കമിട്ടത്. കെസിഎൽ ആദ്യ സീസണിൽ ടീമിനെ നയിച്ച ബേസിലിനെ 5.40 ലക്ഷത്തിനാണ് ഇത്തവണ ടീമിലെത്തിച്ചത്. ബേസിലിനൊപ്പം കെ.എം. ആസിഫും ഏദൻ ആപ്പിൾ ടോമും കൂടി ചേരുമ്പോൾ കരുത്തുറ്റൊരു പേസ് ബോളിങ് നിരയാണ് ഇത്തവണ കൊച്ചിയുടേത്.
കഴിഞ്ഞ സീസണിൽ ബാറ്റിങ് നിരയുടെ നെടുംതൂണായിരുന്ന വിനൂപ് മനോഹരൻ ഇത്തവണയും ടീമിനൊപ്പമുണ്ട്. കൂടാതെ ജോബിൻ ജോബിയും വിപുൽ ശക്തിയും സച്ചിൻ സുരേഷും മുഹമ്മദ് ഷാനുവും ആൽഫി ഫ്രാൻസിസ് ജോണും ചേരുന്ന ബാറ്റിങ് നിരയും കരുത്തുറ്റത് തന്നെ. ലേലത്തിലൂടെ മികച്ച ഓൾറൗണ്ടർമാരെ നിലനിർത്തിയും പുതുതായി ടീമിലെത്തിച്ചും മധ്യനിരയും ലോവർ ഓർഡറും ശക്തമാക്കിയിട്ടുണ്ട്. ടോപ്പ് ഓർഡർ മുതൽ ഒൻപതാം നമ്പർ വരെ ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളുണ്ടെന്നതാണ് കൊച്ചി ടീമിന്റെ ഏറ്റവും വലിയ സവിശേഷത. ട്വന്റി-20 ക്രിക്കറ്റിന് അനുയോജ്യമായ രീതിയിൽ വലിയ ഷോട്ടുകൾ കളിക്കാൻ ശേഷിയുള്ള പവർ ഹിറ്റേഴ്സിന്റെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു കരുത്ത്.
മുൻ സീസണുകളിൽ തിളങ്ങിയ മനു കൃഷ്ണൻ, അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ. തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ സ്വന്തമാക്കാനായത് ടൂർണമെന്റിൽ ടീമിന് മുതൽക്കൂട്ടാവും. പവൻ ശ്രീധർ, സച്ചിൻ സുരേഷ് എന്നിവരിലൂടെ വിക്കറ്റ് കീപ്പിങ് മേഖലയും ശക്തം. ഏതെങ്കിലുമൊരു താരത്തിന് വേണ്ടി മാത്രം വലിയൊരു തുക ചെലവഴിക്കാതെ കൃത്യമായ പ്ലാനിങ്ങിലൂടെ മികച്ചൊരു കോമ്പിനേഷൻ ഉണ്ടാക്കാൻ ലേലത്തിലൂടെ കൊച്ചി ടീമിനായിട്ടുണ്ട്. ഒരു ടൂർണമെന്റ് ജയിക്കാൻ ആവശ്യമായ ബാറ്റിങ് ലൈനപ്പും വൈവിധ്യമാർന്ന ബൗളിങ് ഓപ്ഷനുകളും യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയൊരു ടീം തന്നെയാണ് ഇത്തവണ കൊച്ചിയുടേത്.
കൊച്ചി ബ്ലൂ ടൈഗേഴ്സ്
സാലി സാംസൻ (7.50 L), മുഹമ്മദ് ആഷിഖ് (1.50 L), അക്ഷയ് ചന്ദ്രൻ (1.50 L), ഈഡൻ ആപ്പിൾ ടോം (3.40 L), മനു കൃഷ്ണൻ (2.60 L), മിഥുൻ പി. കെ. (1.50 L), വിനൂപ് മനോഹരൻ (3.20 L), കെ. എം. ആസിഫ് (4.80 L), ബേസിൽ തമ്പി (5.40 L), പവൻ ശ്രീധർ (1.50 L), ജെറിൻ പി. എസ്. (2.30 L), സച്ചിൻ സുരേഷ് (1.90 L), ആൽഫി ഫ്രാൻസിസ് ജോൺ (1.50 L), ആദി അഭിലാഷ് (1.35 L), അനന്ദു സുനിൽ (1.00 L), മുഹമ്മദ് ഷാനു (1.45 L), ജോബിൻ ജോബി (1.15 L), അനീഷ് രാജൻ (0.75 L), കാർത്തിക് ബി. നായർ (2.70 L), വിപുൽ ശക്തി (3.00 L).
Content Highlights: Defending champions Kochi Blue Tigers built a balanced squad for KCL 2026., Key retentions include captain Saly Samson and Mohammed Ashiq., Basil Thampi returns to the squad for 5.40 Lakhs.
Published: 11 Jul 2026, 10:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented