
വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ജെമീമ റോഡ്രിഗസിന്റെ ബാറ്റിങ്. വിക്കറ്റ് കീപ്പര്‍ അലീസ ഹീലി സമീപം.
രണ്ടു കാലങ്ങള്‍. രണ്ടു ലോകകപ്പ് മല്‍സരങ്ങള്‍. രണ്ടു നിര്‍ണായക നിമിഷങ്ങള്‍. കളിക്കളത്തില്‍ നീട്ടിക്കിട്ടിയ അവസരം മുതലെടുത്ത് രണ്ടു താരങ്ങള്‍ സ്വന്തം ടീമുകളെ വിജയതീരത്തേക്ക് നയിച്ചപ്പോള്‍ കൈകളില്‍ തട്ടിത്തെറിച്ചു നഷ്ടമായത് ലോകകപ്പ് വിജയമാണെന്ന തിരിച്ചറിവില്‍ സ്വയം ശപിക്കേണ്ടി വന്ന മറ്റു രണ്ടു കളിക്കാര്‍. ചരിത്രത്തില്‍ ഇടം പിടിച്ച ഈ രണ്ടു മുഹൂര്‍ത്തങ്ങളിലും ബാറ്റേന്തിയവര്‍ ലോകകപ്പ് ചാംപ്യന്‍മാരായപ്പോള്‍ തലകുനിച്ച് ചരിത്രത്തിനു പുറത്തേക്ക് നടക്കാനായിരുന്നു മറ്റു രണ്ടു പേര്‍ക്ക് വിധി.
ഒക്ടോബര്‍ 30, 2025 - മുംബൈ
മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന വനിതാ ലോകകപ്പ് സെമി ഫൈനലില്‍ അപരാജിത സെഞ്ചുറിയുമായി ജെമീമ റോഡ്രിഗസ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ കയ്യില്‍ കിട്ടിയ ക്യാച്ച് നിലത്തിട്ടതിന് സ്വന്തം വിധിയെ പഴിക്കുകയായിരുന്നിരിക്കും ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന വിക്കറ്റ് കീപ്പര്‍ അലീസ ഹീലി.
കടുത്ത സമ്മര്‍ദത്തില്‍ ബാറ്റ് ചെയ്യുകയായിരുന്ന ജെമീമ ഇന്നിങ്സിലെ ആദ്യ ഘട്ടത്തിലെ തിളച്ചുമറിയലിനു ശേഷം തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരുന്നു. ബാറ്റിങ് പങ്കാളിയോട് ശബ്ദമുയര്‍ത്തി സംസാരിച്ചും സ്വയം സംസാരിച്ചുമെല്ലാം തളര്‍ച്ചയെയും സമ്മര്‍ദത്തെയുമെല്ലാം മറികടക്കാന്‍ ജെമീമ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. വിജയം പിന്നെയും 100 റണ്‍സിലേറെ അകലെ നില്‍ക്കുമ്പോഴാണ് ലെഗ് സ്പിന്നര്‍ അലാന കിങ്ങിനെ കൈകാര്യം ചെയ്യുന്നതില്‍ ജെമീമയ്ക്കു പിഴയ്ക്കുന്നത്. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് സ്ലോഗ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ടൈമിങ് പിഴച്ച് ടോപ് എഡ്ജ് എടുത്ത് പന്ത് ഷോര്‍ട് മിഡ് വിക്കറ്റ് ഏരിയയില്‍ ഉയര്‍ന്നു പൊങ്ങുന്നു. പന്തെറിഞ്ഞ കിങ്ങും വിക്കറ്റിനു പുറകില്‍ നിന്ന് ഹീലിയും പന്ത് പിടിക്കുന്നതിനായി ഒരുമിച്ച് കുതിച്ചു. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളുടെ ശ്വാസം ഒരു നിമിഷം നിലച്ചു. അവിശ്വാസികള്‍ പോലും ദൈവമേ എന്നു വിളിച്ച നിമിഷം. ഓടിയെത്തുന്ന ക്യാപ്റ്റനെ കണ്ട് കിങ് ക്യാച്ചിനായുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങി. ഒക്ടോബര്‍ 30ന് കളിദൈവങ്ങള്‍ ഹീലിക്കൊപ്പമായിരുന്നില്ല. ഗ്ലൗസിട്ട കൈകളില്‍ ഒതുങ്ങിയെന്നു തോന്നിയ പന്ത് പിടിയിലൊതുങ്ങാതെ തട്ടിത്തെറിച്ച് നിലത്തേക്ക് വീഴുന്നു. സ്റ്റേഡിയം മരവിപ്പില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ആര്‍ത്തുവിളിച്ചു. കമന്‍ററി ബോക്സില്‍ ഇതിഹാസ താരം മിതാലി രാജ് തുള്ളിച്ചാടി. കൈകളിലൂടെ വഴുതിപ്പോയത് ലോകകപ്പായിരുന്നുവെന്ന് ഹീലി ആ നിമിഷത്തില്‍ തിരിച്ചറിഞ്ഞുവോ?
ആയുസ്സ് നീട്ടിക്കിട്ടിയ ജെമീമ ദൃഢനിശ്ചയത്തോടെ ബാറ്റ് വീശി ചരിത്രത്തിന്‍റെ ഭാഗമായി. ആത്മവിശ്വാസത്തോടെയും ആധികാരികതയോടെയും ബാറ്റ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗർ പുറത്തായതോടെ കൂടുതല്‍ ഉത്തരവാദിത്തത്തോടെയാണ് പിന്നീട് ജെമീമ ബാറ്റ് ചെയ്തത്. കവിത വിരിയുന്നതു പോലെയോ പുഴയൊഴുകുന്നതു പോലെയോ ആയിരുന്നില്ല ആ ഇന്നിങ്സ്. സെഞ്ചുറി നേടിയ ഷോട്ട് പോലും ക്രിക്കറ്റ് സൗന്ദര്യശാസ്ത്രത്തിന്‍റെ സിദ്ധാന്തങ്ങള്‍ക്കു പുറത്തായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്തിനെ ലെഗ് സൈഡില്‍ ലോങ് ഓണ്‍ ഭാഗത്തേക്ക് വലിച്ചുനീട്ടി അടിക്കുമ്പോള്‍ തീര്‍ച്ചയായും ബാറ്റ് കൊണ്ട് കവിത രചിക്കാന്‍ ഉദ്ദേശിച്ചു കാണില്ല, ജെമീമ.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ഒരിക്കല്‍ പറഞ്ഞതുപോലെ, ‘കളിയെഴുത്തുകാര്‍ പറയുന്നതു പോലെയൊന്നും അല്ല ഞാന്‍ കളിക്കുന്നത്. അവര്‍ പറയും ഞാന്‍ ക്രീസിലേക്ക് നടക്കുമ്പോള്‍ എന്‍റെ കണ്ണുകളില്‍ അഗ്നിയായിരുന്നു എന്നൊക്കെ. ഞാന്‍ ആകെ ആലോചിക്കുന്നത് എങ്ങനെ വിക്കറ്റ് കളയാതെ കളി ജയിപ്പിക്കാന്‍ പറ്റും എന്നു മാത്രമായിരുന്നു. ’
പക്ഷേ, സെഞ്ചുറി തികച്ച ആ നിമിഷത്തില്‍ സ്റ്റേഡിയം നിറഞ്ഞ കാണികള്‍ ഇരമ്പിയാര്‍ത്തിട്ടും ജെമീമ ആവേശഭരിതയായില്ല. കളി ജയിപ്പിക്കാനായില്ലെങ്കില്‍ ലോകകപ്പ് സെമിഫൈനലില്‍ പൊരുതി നേടിയ സെഞ്ചുറി എന്ന നേട്ടം കൊണ്ട് ഒരു കാര്യവുമില്ല എന്ന് അവള്‍ക്കറിയാമായിരുന്നു. ഓസ്ട്രേലിയയുടെ സ്കോര്‍ മറികടന്ന വിജയനിമിഷത്തില്‍ മുട്ടു കുത്തി ഗ്രൗണ്ടില്‍ ചുംബിച്ച് തലയുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ഒരു അധ്യായത്തിലെ നായികയായിരുന്നു ജെമീമ. കയ്യില്‍ നിന്നു വഴുതിപ്പോയത് ഒരു വിജയം മാത്രമല്ല, ലോകകപ്പ് കൂടിയായിരുന്നു എന്ന തിരിച്ചറിവില്‍ തല കുനിച്ച് ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു അപ്പോള്‍ അലീസ ഹീലി.
ജൂണ്‍ 13, 1999, ഹെഡിങ്ലി (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ആത്മവിശ്വാസത്തിന്‍റെ അധിത്യകയിലായിരുന്നു ദക്ഷിണാഫ്രിക്ക. ടൂര്‍ണമെന്‍റിലെ ഏറ്റവും സന്തുലിതമായ ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം മറ്റു ടീമുകളെക്കാള്‍ മികവ്. എല്ലാറ്റിനും മീതെ ക്ളൂസ്നറുടെ വെടിക്കെട്ട് ഓൾറൗണ്ട് പ്രകടനങ്ങളും. വിജയമുറപ്പിച്ചുകൊണ്ടാണ് ഹെഡിങ്ലിയില്‍ ക്രോണിയെയും സംഘവും ഓസ്ട്രേലിയയ്ക്കെതിരായ സൂപ്പര്‍ സിക്സിലെ അവസാന മല്‍സരത്തില്‍ കളിക്കാനിറങ്ങുന്നത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്സ് സെഞ്ചുറിയോടെ മുന്നില്‍ നിന്നു പൊരുതി. അന്നത്തെ നിലയ്ക്ക് വലിയ സ്കോര്‍ ആണ്. വിശേഷിച്ചും, ദക്ഷിണാഫ്രിക്കയുടെ ബൗളിങ് കരുത്ത് കണക്കിലെടുക്കുമ്പോള്‍.
ഓസ്ട്രേലിയയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 48 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു മുന്‍നിര ബാറ്റര്‍മാരെയാണ് അവര്‍ക്കു നഷ്ടമായത്. ചേസ് ചെയ്യുന്നതാവട്ടെ വലിയ സ്കോറും. റിക്കി പോണ്ടിങ്ങിനൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ സ്റ്റീവ് വോ സ്കോര്‍ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു. കളിയില്‍ സാവധാനം മേല്‍ക്കൈ നേടിക്കൊണ്ടിരിക്കെ, സ്വന്തം സ്കോര്‍ 56 ആയിരുന്ന സ്റ്റീവ് വോ ക്ളൂസ്നറിന്‍റെ പന്തില്‍ ഒരു ഫ്ളിക് കളിക്കുന്നു. മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗിബ്സ് പന്ത് കയ്യിലൊതുക്കുന്നതിനു മുന്‍പേ ആഘോഷത്തിനു ശ്രമിച്ചത് വിനയായി. മേല്‍പ്പോട്ടെറിയാനുള്ള ശ്രമത്തില്‍ പന്ത് കയ്യില്‍ നിന്നു ചാടിപ്പോയി.
ഈ സംഭവത്തെക്കുറിച്ച് പിന്നീട് പല കഥകളും പ്രചരിച്ചു. ക്യാച്ച് നിലത്തിട്ട ഗിബ്സിനോട് വോ ‘ഏയ് ഹെര്‍ഷെല്‍, നീ നിലത്തിട്ടത് ലോകകപ്പാണ്. എന്തു തോന്നുന്നു ?’ എന്നു ചോദിച്ചു എന്ന കഥയാണ് വ്യാപകമായി പ്രചരിച്ചത്. ഈ കഥയ്ക്ക് വലിയ പ്രചാരം ലഭിച്ചെങ്കിലും രണ്ടു കളിക്കാരും ഇതു നിഷേധിച്ചിരുന്നു.
സ്റ്റീവ് വോയുടെ കൂടെ കളിച്ചവരും അദ്ദേഹത്തിന്‍റെ സ്വഭാവം നന്നായി അറിയാവുന്നവരും വോ എന്തെങ്കിലും പറഞ്ഞുകാണും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല എന്നു പല സന്ദര്‍ഭത്തിലും പറഞ്ഞിട്ടുണ്ട്. ‘നീ തിരിച്ചറിയുന്നുണ്ടോ ഈ ക്യാച്ച് പാഴാക്കിയതിലൂടെ നിന്‍റെ ടീമിന് ഈ മല്‍സരം നഷ്ടമാക്കുകയായിരുന്നു’ എന്നാണ് വോ യഥാര്‍ഥത്തില്‍ പറഞ്ഞതെന്നും പറയുന്നുണ്ട്.
എന്തായാലും സ്റ്റീവ് വോ സെഞ്ചുറി നേടി പുറത്താവാതെ നിന്ന് ആ മല്‍സരം വിജയിപ്പിച്ച് ഓസ്ട്രേലിയയ്ക്ക് സെമി ഫൈനല്‍ പ്രവേശനം നേടിക്കൊടുത്തു.
സെമിയില്‍ വീണ്ടും ഇതേ ടീമുകള്‍ തന്നെ ഏറ്റുമുട്ടിയപ്പോള്‍ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒരു മല്‍സരമായി മാറുകയും ചെയ്തു. ഇരു ടീമുകളും 213 റണ്‍സെന്ന സ്കോറില്‍ ‘ടൈ’ ആയി ഇന്നിങ്സ് അവസാനിപ്പിച്ചപ്പോള്‍ സൂപ്പര്‍ സിക്സില്‍ മികച്ച റണ്‍ റേറ്റോടെ ഗ്രൂപ്പ് ചാംപ്യന്‍മാരായി എന്ന സാങ്കേതികതയിലൂന്നി ഓസ്ട്രേലിയ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
സൂപ്പര്‍ സിക്സില്‍ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്താവും എന്ന നിലയിലായിരുന്നു ഓസീസ്. രണ്ടു തവണ തുടര്‍ച്ചയായി ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് ഫൈനലിലെത്തിയ ഓസീസ് പാക്കിസ്ഥാനെ വീഴ്ത്തി ചാംപ്യന്‍മാരാവുകയും ചെയ്തു.
സ്റ്റീവ് വോ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അന്ന് ഗിബ്സ് നിലത്തിട്ടത് ലോകകപ്പ് തന്നെയായിരുന്നു. മികച്ച താരനിര ഉണ്ടായിട്ടും ലോകകപ്പ് നേടാന്‍ കഴിയാതെ ക്രോണിയെയും സംഘവും നാട്ടിലേക്ക് മടങ്ങി. ഇനിയും ഒരു ലോകകപ്പ് വിജയം ദക്ഷിണാഫ്രിക്കയ്ക്ക് സ്വപ്നം മാത്രമായി തുടരുകയും ചെയ്യുന്നു.
‘കൈ വിട്ടത്’ ലോകകപ്പ്
മിഡ് വിക്കറ്റ് ഏരിയ എന്ന ശപ്തസ്ഥലിയില്‍ നഷ്ടമാക്കിയ രണ്ടു ക്യാച്ചുകള്‍. അനായാസമായി പിടിക്കാമായിരുന്ന രണ്ടു ക്യാച്ചുകള്‍. മറ്റേതൊരു ദിവസമാണെങ്കിലും കണ്ണുമടച്ച് കയ്യിലൊതുക്കാമായിരുന്ന പന്തുകള്‍. പക്ഷേ, വിധി നിശ്ചയം മറ്റൊന്നായിരുന്നു. ചരിത്രം അടയാളപ്പെടുത്തിയ രണ്ടു കളിക്കാര്‍ തങ്ങളുടെ ദൗത്യം വിജയത്തിലെത്തിച്ചപ്പോള്‍, നഷ്ടപ്പെടുത്തിയ അവസരത്തെ ഓര്‍ത്ത് അകമേ വിലപിക്കാനായിരുന്നു മറ്റു രണ്ടു പേരുടെ വിധി. നിര്‍ണായകമായ രണ്ടു മല്‍സരങ്ങളിലും ക്യാച്ച് നഷ്ടമായത് മിഡ് വിക്കറ്റ് ഏരിയയില്‍ തന്നെയായതും കൗതുകമുള്ള യാദൃച്ഛികതയായി. കൈവിട്ടു പോയത് ലോകകപ്പായിരുന്നു എന്ന വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം ഗിബ്സിനെയും ഹീലിയെയും ജീവിതകാലം മുഴുവന്‍ പിന്‍തുടരുമെന്ന കാര്യം ഉറപ്പാണ്.
Published: 05 Nov 2025, 09:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented