ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ വിവാദമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ലീഗ് (ഐസിഎൽ). കപിൽ ദേവിനെ മുന്നിൽ നിർത്തി തുടങ്ങിയ ഈ ലീഗിന് അധികം ആയുസുണ്ടായിരുന്നില്ല. ബിസിസിഐയുടെ അംഗീകാരമില്ലാത്തതായിരുന്നു കാരണം. തൊട്ടടുത്ത വർഷം ഇതിന്റെ ചുവടുപിടിച്ച് ബിസിസിഐ ഐപിഎൽ തുടങ്ങുകയും ചെയ്തു. എന്നാൽ ഐസിഎല്ലിൽ കളിച്ചതിനെ തുടർന്ന് ഒരുപാട് താരങ്ങളുടെ കരിയർ എന്നെന്നേക്കുമായി അവസാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള താരം വി. ദേവേന്ദ്രനുമുണ്ടായിരുന്നു. തമിഴ്‌നാടിനായി രഞ്ജി ട്രോഫി കളിച്ചിരുന്ന ദേവേന്ദ്രൻ 2007-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി നേടിയ ടീമിലും അംഗമായിരുന്നു. അതൊന്നും ബിസിസിഐയുടെ വിലക്ക് മറികടക്കാനുള്ള മാനദണ്ഡങ്ങളായില്ല. പക്ഷേ അതിലൊന്നും തളരാതിരുന്ന ദേവേന്ദ്രൻ തന്റെ മകനിലൂടെ താൻ ആഗ്രഹിച്ച സ്വപ്‌നങ്ങളെല്ലാം നേടിയെടുക്കാൻ പ്രയത്‌നിച്ചു. ക്രിക്കറ്റ് വിദഗ്ദ്ധരെപ്പോലും അമ്പരപ്പിച്ച പേസ് ബൗളറായി മാറിയിരിക്കുകയാണ് ആ മകനിപ്പോൾ. ഇന്ത്യയുടെ അണ്ടർ 19 ടീമിൽ വൈഭവ് സൂര്യവംശിക്കൊപ്പം കളിച്ച 18-കാരൻ ദീപേഷാണ് ദേവേന്ദ്രൻ വളർത്തിയെടുത്ത ആ മകൻ.

To advertise here,

അണ്ടർ-19 ഏഷ്യാ കപ്പിൽ 14 വിക്കറ്റുകൾ വീഴ്ത്തി മികച്ച വിക്കറ്റ് വേട്ടക്കാരനായതോടെയാണ് ദീപേഷ് ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പിനുള്ള ടീമിലെത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ യുവതാരം പുറത്തെടുത്ത ബൗളിങ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഇപ്പോഴിതാ തമിഴ്‌നാട് പ്രീമിയർ ലീഗിൽ മധുര പാന്തേഴ്‌സിനായുള്ള ദീപേഷിന്റെ പ്രകടനം എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകായണ്. മണിക്കൂറിൽ 146 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ദീപേഷിന്റെ വീഡിയോ ഇതിനകം തന്നെ ക്രിക്കറ്റ് വിദഗ്ദ്ധർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ത്രിച്ചി ഗ്രാന്റ് ചോളാസിനെതിരായ മത്സരത്തിൽ ദീപേഷ് തുടർച്ചയായി 140 കിലോമീറ്ററിന് മുകളിൽ ബൗൾ ചെയ്തു. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും ആ മത്സരത്തിൽ വീഴ്ത്തി. ആറടി പൊക്കവും അതിവേഗ ബൗൺസറും തന്നെയാണ് 18-കാരന്റെ കരുത്ത്.

പേസ് ബൗളിങ്ങിൽ ആശ്രയിക്കാനൊരു താരമില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യക്ക് ഭാവിയിൽ ഈ പതിനെട്ടുകാരൻ ഒരു ആശ്വാസമായിരിക്കും. ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റതോടെ ഏറെക്കാലമായി ഇന്ത്യൻ ടീമിൽ കളിക്കാതിരുന്ന ഭുവനേശ്വർ കുമാറിനെ വരെ തിരിച്ചെടുക്കണമെന്ന ആവശ്യമുയർന്നിരുന്നു. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ അശ്വിനും ദിനേശ് കാർത്തികും അതിൽ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയിരുന്നു. മുഹമ്മദ് ഷമിയും കുറച്ചു കാലമായി ഇന്ത്യക്കായി കളിച്ചിട്ടില്ല. പിന്നീട് ശേഷിക്കുന്നത് മുഹമ്മദ് സിറാജ് മാത്രം. ഈ സാഹചര്യത്തിൽ ദീപേഷിനെപ്പോലെയുള്ള താരങ്ങളാകും ഇന്ത്യൻ ടീമിനെ വാർത്തെടുക്കാൻ സഹായിക്കുക. ഒപ്പം ഐപിഎൽ ഫ്രാഞ്ചൈസികളും ഈയൊരു പേസ് ബൗളർക്കായി പണമിറക്കാൻ സാധ്യത കൂടുതലാണ്.