മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ശ്രമിച്ചിരുന്നുവെന്നാണ് പാട്ടീലിന്റെ വെളിപ്പെടുത്തൽ. 2012-ലെ സച്ചിന്റെ മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി.
ഈ വിവരം നേരിട്ട് അറിയിച്ചപ്പോൾ സച്ചിൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. സച്ചിൻ വിരമിക്കുന്നതിന് ഒരു വർഷം മുമ്പ്, അതായത് 2012-ലാണ് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ ആലോചിച്ചിരുന്നതെന്നാണ് സന്ദീപ് പാട്ടീൽ പറഞ്ഞത്. ഒരു അഭിമുഖത്തിലായിരുന്നു പാട്ടീലിന്റെ വെളിപ്പെടുത്തൽ.
ഭാവി പദ്ധതികളെക്കുറിച്ച് പാട്ടീൽ സച്ചിനോട് ചോദിക്കുകയും, കമ്മിറ്റി പകരക്കാരനെ തിരയുകയാണെന്ന് അറിയിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. 'നിങ്ങൾ ഇത് ഗൗരവമായി പറയുന്നതാണോ?' എന്ന് അദ്ദേഹം വീണ്ടും ചോദിച്ചതായും പാട്ടീൽ പറഞ്ഞു.
സച്ചിനെ സംബന്ധിച്ചിടത്തോളം 2012 ഒരു മോശം വർഷമായിരുന്നു. ആ വർഷം ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വെറും 23.80 ശരാശരി മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു സെഞ്ചുറി പോലും ഉണ്ടായിരുന്നില്ല. 10 ഏകദിനങ്ങളിൽ 31.50 മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശരാശരി.
അതേസമയം സെലക്ടർമാർക്ക് ഒരു കളിക്കാരനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കഴിയുമെങ്കിലും വിരമിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് പാട്ടീൽ വ്യക്തമാക്കി. സച്ചിൻ തുടരാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ സെലക്ഷൻ കമ്മിറ്റി അത് അംഗീകരിക്കുകയായിരുന്നുവെന്നും പാട്ടീൽ പറഞ്ഞു.
തന്റെ കാലയളവിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലെത്തിയ കാര്യം ആളുകൾ ഓർക്കുന്നില്ലെന്നും സച്ചിനെ മാറ്റാൻ ശ്രമിച്ച കാര്യമാണ് എല്ലാവരും ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടുവിൽ 2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷമാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
Content Highlights: Sandeep Patil reveals BCCI planned to replace Sachin Tendulkar in 2012., Sachin was shocked to learn about the board's intentions., The decision was based on Sachin's poor form during the 2012 season., Selectors cannot force a player to retire, only drop them from the squad., Sachin eventually retired in November 2013 after a stellar career.
Published: 12 Mar 2026, 01:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented