മെല്‍ബണ്‍: ഐ.സി.സി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന താരമായി ഓസ്‌ട്രേലിയയുടെ അലീസ ഹീലി. വനിതാ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ 30 പന്തില്‍ 50 റണ്‍സ് പിന്നിട്ടായിരുന്നു ഓസീസ് താരത്തിന്റെ റെക്കോഡ്. 

To advertise here,

പുരുഷ താരങ്ങളുടെ ക്രിക്കറ്റിലും ഇതുവരെ ആരും ഐ.സി.സിയുടെ ഒരു ടൂര്‍ണമെന്റ് ഫൈനലില്‍ ഇത്രയും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടില്ല. ഇതുവരെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലായിരുന്നു റെക്കോഡ്. 2017-ല്‍ പാകിസ്താനെതിരായ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 32 പന്തില്‍ നിന്ന് ഹാര്‍ദിക് 50 റണ്‍സ് അടിച്ചിരുന്നു. 

ഇന്ത്യക്കെതിരായ ഫൈനലില്‍ പുറത്താകുമ്പോള്‍ 39 പന്തില്‍ നിന്ന് 75 റണ്‍സ് ഹീലി അക്കൗണ്ടിലെത്തിച്ചിരുന്നു. ഏഴു ഫോറും അഞ്ചു സിക്‌സും ഓസീസിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ഹീലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 

ഈ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി കണ്ടെത്തിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലും ഹീലിയുടെ പേരാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 26 പന്തില്‍ നിന്നാണ് ഹീലി അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. മറ്റൊരു മത്സരത്തില്‍ 34 പന്തില്‍ നിന്നായിരുന്നു ഹീലിയുടെ ഫിഫ്റ്റി.

Content Highlights: Alyssa Healy breaks Hardik Pandya’s record with brilliant fifty in Women’s T20 World Cup final