പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്. പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) സെപ്റ്റംബർ 10 -ന് ആരംഭിച്ച് സെപ്റ്റംബർ 15- ന് ഐപിഒ അവസാനിക്കുന്നു. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഈ മാസം ഒൻപതിനാണ്. സെപ്റ്റംബർ 18 -ന് ബിഎസ്ഇ, എൻഎൻഇ തുടങ്ങിയ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്യും.

To advertise here,

വീഗാലാൻഡ് ഡവലപ്പേഴ്‌സാണ് കേരളത്തിൽനിന്ന് ആദ്യമായി ഓഹരി വിപണിയിൽ എത്തുന്ന റിയൽ എസ്‌റ്റേറ്റ് ഡിവലപ്പർ കമ്പനി. ഇതോടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച മൂന്നാമത്തെ കമ്പനിയും ലിസ്റ്റ് ചെയ്യപ്പടുകയാണ്. വിഗാർഡ് ഇൻഡസ്ട്രീസ്, വണ്ടർലാ ഹോളിഡേയ്‌സ് എന്നീ കമ്പനികൾ നേരത്തെ തന്നെ ഈ നേട്ടം കൈവരിച്ചു.

placeholder

210 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഐ.പി.ഒ. നടത്തുന്നത്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്കായാവും ചെലവഴിക്കുക. അതായത് കമ്പനിയുടെ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാനും ഭൂമി വാങ്ങാനും മറ്റ് പൊതു ആവശ്യങ്ങൾക്കുമായി ഈ തുക വിനിയോഗിക്കും.

മിനിമം 107 ഓഹരികൾക്കായി അപേക്ഷിക്കാം

പത്ത് രൂപ മുഖവിലയുള്ള വീഗാലാൻഡ് ഡവലപ്പേഴ്‌സിന്റെ ഓഹരികളുടെ വിലനിലവാരം 130 -140 രൂപയാണ്. ഇതനുസരിച്ച് കമ്പനിയുടെ വിപണി മൂല്യം 682.5 കോടി രൂപയാണ്. ആകെ 1.50 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. 107 ഓഹരികളാണ് ചുരുങ്ങിയ ബിഡ് സൈസ്. അതാതയ് വീഗാലാൻഡ് ഡവലപ്പേഴ്‌സിന്റെ മിനിമം 107 ഓഹരികൾക്കായി അപേക്ഷിക്കാം. പിന്നീട് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് 17- ന് ഓഹരികൾ ലഭ്യമാകും.

വീഗാലാൻഡ് ഡവലപ്പേഴ്‌സ്

റേറ്റിങ് ഏജൻസിയായ 'ഇക്ര'യുടെ 2025 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും വേഗത്തിൽ വിൽക്കപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് ഡവലപ്പറാണ് വീഗാലാൻഡ്. 250.98 കോടി രൂപയാണ് 2025- 26 സാമ്പത്തികവർഷത്തെ വരുമാനം. കൊച്ചി ആസ്ഥാനമായി 2012-ൽ തുടങ്ങിയ വീഗാലാൻഡ് ഡിവലപ്പേഴ്‌സ് ഇതിനോടകം 10 പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്; 692 ഭവനങ്ങളാണ് വിറ്റത്. അവയുടെ ആകെ വിസ്തീർണം 18. 05 ലക്ഷം ചതുരശ്രയടിയാണ്. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 12 പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 18.57 ലക്ഷം ചതുരശ്രയടിയാണ് ഇവയുടെ മൊത്തം വിസ്തൃതി. മൊത്തം 987 ഭവനങ്ങളാണ് ഇതിലുള്ളത്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കെ. ചിറ്റിലപ്പിള്ളി ട്രസ്റ്റും പ്രമോട്ടർമാരായ വീഗാലാൻഡ് ഡവലപ്പേഴ്‌സ്, റെറ നിയമം വരും മുൻപേ തന്നേ അതേ നിലവാരത്തിലുള്ള പരിരക്ഷ നടപ്പാക്കി വന്നിരുന്ന സ്ഥാപനമാണ്. മിഡ്പ്രീമിയം, പ്രീമിയം, അൾട്രാ പ്രീമിയം ശ്രേണികളിലുള്ള അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളാണ് കമ്പനി പ്രധാനമായും നിർമിക്കുന്നത്. പ്രകൃതി സൗഹാർദപരമായ നിർമാണ രീതിയിലൂടെ ജലത്തിന്റെയും ഊർജത്തിന്റെയും സംരക്ഷണവും സാധ്യമാക്കുന്ന ബയോഫിലിക്ക് ലിവിങ് എന്ന ആശയമാണ് ആദ്യ സംരംഭം മുതൽ വീഗാലാൻഡ് നടപ്പിൽ വരുത്തിയത്. ബയോഫിലിക് അർബൻ ലിവിങ് രീതിയിൽ തന്നെ സ്വകാര്യതയ്ക്കും പ്രീമിയം സൗകര്യങ്ങൾക്കും മുൻതൂക്കം കൊടുത്തുകൊണ്ട് ബയോഫിലിക് ലക്‌സ് സീരീസ് എന്ന ആഡംബര പാർപ്പിട പദ്ധതിയും വീഗാലാൻഡ് നടപ്പാക്കി. ഇത്തരത്തിൽ സവിശേഷമായ നിരവധി പദ്ധതികളും ഓഹരിവിപണിയിലെ ലിസ്റ്റിങ്ങുമായി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണ് വീഗാലാൻഡ് ഡവലപ്പേഴ്‌സ്.