ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്സിന്റെ പരിഷ്‌കരിച്ച ഗ്രാൻഡ് ഐ10 നിയോസ് ഇന്ത്യൻ വിപണിയിൽ എത്തി. ഇറ, മാഗ്ന, സ്‌പോർട്‌സ്, ആസ്റ്റ എന്നീ നാല് വേരിയന്റുകൾ 5,68,500 ലക്ഷം രൂപ മുതൽ 8,46,500 വരെ വിലയിലാണ് എത്തിച്ചിരിക്കുന്നത്.
യുവത്വം തുടിക്കുന്ന ന്യൂ എയ്ജ് ഡിസൈനിലുള്ള ഗ്രാൻഡ് ഐ10 നിയോസിന് തികച്ചും മോഡേൺ അപ്പീൽ ആണ്. കറുത്ത വലിയ ഗ്രില്ലുകളോടു കൂടിയ ആകർഷകമായ ബംബറാണ് മുന്നിലെ പ്രധാന മാറ്റം. പുതിയ 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും കണക്റ്റിംഗ് ബാറുള്ള എൽഇഡി ടെയിൽലാമ്പുകളും ഇതിനുണ്ട്. രണ്ട് പുതിയ ഡ്യുവൽ-ടോൺ ഷേഡുകൾക്കൊപ്പം ആറ് നിറങ്ങളിൽ ഗ്രാൻഡ് ഐ10 നിയോസ് വാങ്ങാം. പുതിയ സ്പാർക്ക് ഗ്രീൻ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫെയറി റെഡ് എന്നിവയാണ് കളർ ഓപ്ഷനുകൾ. ബ്ലാക് റൂഫോടു കൂടിയ സ്പാർക്ക് ഗ്രീൻ, ബ്ലാക് റൂഫോടു കൂടിയ പോളാർ വൈറ്റ് എന്നിവയാണ് രണ്ട് ഡ്യുവൽ-ടോൺ ഓപ്ഷനുകൾ.
35 അഡ്വാൻസ്ഡ് സെയ്ഫ്റ്റി ഫീച്ചറുകളാണ് പുതിയ ഗ്രാൻഡ് ഐ10 നിയോസിലുള്ളത്. നാല് എയർബാഗുകൾ (ഡ്രൈവർ, പാസഞ്ചർ, സൈഡ് എയർബാഗുകൾ) ഉൾപ്പെടെ നിരവധി ഫസ്റ്റ്-ഇൻ-സെഗ്മെന്റ് സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടോപ്പ് എൻഡ് വേരിയന്റിന് കർട്ടൻ എയർബാഗുകളോട് കൂടിയ ആറ് എയർബാഗുകളുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, റിയർ പാർക്കിംഗ് സെൻസറുകളോട് കൂടിയ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, പാർക്കിംഗ് അസിസ്റ്റ് - റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ഓഡിയോ ഡിസ്പ്ലേയുള്ള റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, തുടങ്ങിയ ഒട്ടനവധി ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ക്യൂയിസ് കൺട്രോൾ, ഫാസ്റ്റ് യുഎസ്ബി ചാർജർ (ടൈപ്പ് സി), സ്മാർട്ട് ഫോൺ കണക്ടിവിറ്റി (ആപ്പിൾ കാർപ്ലേ & ആൻഡ്രോയ്ഡ് ഓട്ടോ), റിയർ എസി വെന്റ്‌സ് തുടങ്ങിയവയും ഇതിലുണ്ട്.
ഗ്രാൻഡ് ഐ10 നിയോസിന്റെ പുതിയ മോഡലിൽ മുമ്പത്തെ മോഡലിലേത് പോലെ 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണ് ഉള്ളത്. ഇത് 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നിവയാണ് ഗിയർ ഓപ്ഷനുകൾ. പെട്രോളിന് പുറമേ സിഎൻജി ഉള്ള 1.2-ലിറ്റർ എഞ്ചിനും ഉണ്ട്. 69 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കും സിഎൻജി പതിപ്പിനുണ്ട്.
വില (എക്‌സ്‌ഷോറൂം)
1.2 പെട്രോൾ എംടി
ഇറ - 5,68500 രൂപ.
മാഗ്ന - 6,61,000 രൂപ
സ്‌പോർട്‌സ് -7,19,900 രൂപ
ആസ്റ്റ - 7,92,700 രൂപ
1.2 പെട്രോൾ എഎംടി
മാഗ്ന - 7,22,700 രൂപ
സ്‌പോർട്‌സ് -7,73,700 രൂപ
ആസ്റ്റ - 8,46,500 രൂപ
1.2 പെട്രോൾ + സിഎൻജി
മാഗ്ന- 7,56,00 രൂപ
സ്‌പോർട്‌സ് - 8,11,400 രൂപ
മൂന്ന് വർഷത്തെ വാറന്റിയോടെ എത്തുന്ന ഗ്രാൻഡ് ഐ10 നിയോസിന്റെ വാറന്റി ഏഴ് വർഷം വരെ ദീർഘിപ്പിക്കാവുന്നതാണ്. ലോ കോസ്റ്റ് മെയ്ന്റനൻസ്, അഡ്വാൻസ്ഡ് സെയ്ഫ്റ്റി, കംഫർട്ട്, വാല്യൂ എന്നിവയെല്ലാം പുതിയ ഗ്രാൻഡ് ഐ10 നിയോസിനൊടൊപ്പം ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നു
Content Highlights: Hyundai i10 NIOS
Published: 20 Mar 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
