പ്രണയത്തിന്‍ കയ്യില്‍
മരണമുണ്ടെങ്കില്‍
മരണത്തിന്‍ കയ്യില്‍
പ്രണയവുമുണ്ടാം.

To advertise here,

അതു കൊണ്ടാകാം നാം
അടുത്തതിന്നലെ:
മഴകള്‍ രണ്ടിനു-
മിടയില്‍ പൊന്‍വെയി-
ലുദിച്ച പോല്‍,
 ഒരു
ജഡത്തിനുള്ളിലെ
ത്തുടിപ്പു പോല്‍, വൈകി-
പ്പകലിലെത്തിയ
കിനാവിന്‍ തുണ്ടുപോല്‍,
മരിച്ച ഭാഷത-
ന്നിരുട്ടില്‍ ബാക്കിയായ്
തിളങ്ങും വാക്കു പോല്‍.

 ഒരമ്പതു വര്‍ഷം
പിറകോട്ടോടി നാം
വരണ്ടു പോയൊരു
പുഴയില്‍ നീന്തി നാം
മുടിഞ്ഞ കാട്ടിലെ-
മരം കയറി നാം,
ഇടിഞ്ഞ പര്‍വ്വത-
മുടിയിലേറി നാം
തളിരണിഞ്ഞു നാം
കിളികളായി നാം.

 മനുഷ്യരിങ്ങിനെ:
പല കാലങ്ങളില്‍
കഴിയുവോര്‍ ഒരേ-
സമയം,
 എത്രയോ
ഉടലണിയുവോര്‍,
ചിരിക്കും പോല്‍ പൊട്ടി-
ക്കരയുവോര്‍, മിഴി
നിറയുവോളവും
ചിരിക്കുവോര്‍, പകല്‍
ഉറങ്ങുവോര്‍,
 രാവില്‍
ഉണര്‍ന്നിരിപ്പവര്‍,
മരണത്തിന്‍ കണ്ണില്‍
പ്രണയം കാണുവോര്‍.

 മനുഷ്യരിങ്ങിനെ.