പള്ളിക്കത്തോട്: കാഴ്ച ഇല്ലെങ്കിലും അകക്കണ്ണിലെ വെളിച്ചത്തിൽ ആയിരങ്ങൾക്ക് അറിവിന്റെ പ്രകാശം പകർന്ന് നൽകുന്നു ദാസ് സാർ. ആനിക്കാട് പ്രശാന്തിഭവനിൽ എം.എൻ.ദാസൻ അന്ധതയോട് പടവെട്ടിയാണ് ജീവിതം കരുപ്പിടിപ്പിക്കുന്നത്. ജോലി തേടിയെത്തുന്ന ചെറുപ്പക്കാരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്നതിനപ്പുറം ശുഭാപ്തി വിശ്വാസം പ്രസരിപ്പിക്കുന്ന വ്യക്തിയാണ് ദാസൻ.

To advertise here,

സാധാരണ കുടുംബത്തിൽ ജനിച്ച ദാസൻ ടൈപ്പ്‌റൈറ്റിങ്ങും ഷോർട്ട്ഹാൻഡും പഠിച്ചതാണ് ജീവിതത്തിൽ മാറ്റമായത്. 1980-ൽ പള്ളിക്കത്തോട്ടിലെ വാടക്കെട്ടിടത്തിൽ ടൈപ്പ് റൈറ്റിങ്ങും ഷോർട്ട്ഹാൻഡും പഠിപ്പിക്കുന്നതിന് പ്രകാശ് ടൈപ്പ്‌റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം ആരംഭിക്കുന്നു. അന്ന് കംപ്യൂട്ടർ പ്രചാരത്തിലായിരുന്നില്ല. ഇലക്ട്രോണിക് ൈടപ്പിങ് പ്രചാരത്തിൽ വന്നപ്പോൾ അതും ഹൃദിസ്ഥമാക്കി.

1989-ൽ എരുമേലി സ്വദേശി ജ്യോത്സന ഭാര്യയായി കൂട്ടിനെത്തി. ടൈപ്പ്‌റൈറ്റിങ് അറിയാത്ത ഭാര്യയെ അത് പഠിപ്പിച്ചു. കംപ്യൂട്ടർ പ്രചാരത്തിൽ വന്നപ്പോൾ അതും സ്വന്തമായി പഠിച്ചു.

ജീവിതം മുന്നോട്ട് പോകുപ്പോഴാണ് അപ്രതീക്ഷിതമായി ദാസന്റെ കാഴ്ച നഷ്ടമാകുന്നത്. ചെയ്യാവുന്ന ചികിത്സകൾ ചെയ്തു. അവസാനം ഡോക്ടർമാർ വിധിയെഴുതി കണ്ണിന് കാഴ്ച വീണ്ടെടുക്കാൻ സാധിക്കില്ല.

ഇരുട്ടുകയറിയ കണ്ണുമായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന് പകച്ചുനിന്ന ദാസന് പൂർണ പിന്തുണയുമായി ജ്യോത്സന കുടെനിന്നു.

2012-ൽ സ്വന്തം സ്ഥലത്ത് കൂടുതൽ കംപ്യൂട്ടറുകൾ വാങ്ങി സ്ഥാപനം വിപുലപ്പെടുത്തി. ജോത്സ്യന കംപ്യൂട്ടർ പ്രവർത്തിപ്പിക്കും. ദാസൻ ഓരോന്നും വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കും.

കംപ്യൂട്ടർകൂടി ഉൾപ്പെടുത്തി ടൈപ്പ്‌റൈറ്റിങ് സിലബസ് പരിഷ്‌കരിച്ചതിനുശേഷമുള്ള ആദ്യ പരീക്ഷയിൽ ഈ സ്ഥാപനത്തിലെ എല്ലാ വിദ്യാർഥികൾക്കും ഒന്നാം ക്ലാസ് ലഭിച്ചു.

ഇവിടെനിന്ന് പഠിച്ചിറങ്ങിയ നിരവധി കുട്ടികൾ വിദേശത്തുപോലും ജോലിചെയ്യുന്നു. കണ്ണിൽ നിറയുന്ന ഇരുട്ടിനോട് പടപൊരുതി 69-ാം വയസ്സിലും ജീവിതത്തെ നോക്കി പുഞ്ചിരിച്ചുതന്നെ മുന്നോട്ടുനീങ്ങുകയാണ് ദാസൻ