ഓടുമേഞ്ഞ ,നീളൻ വരാന്തയുള്ള വലിയ മുറ്റം..അതിനപ്പുറം മരങ്ങളും, ഇൻറർ സമയങ്ങളിൽ മരക്കൊമ്പുകളിൽ കയറിയും തൂങ്ങിയും കുട്ടികൾ പൊട്ടിച്ചിരിക്കുന്ന ഒരു ഗവൺമെൻറ് എൽ.പി സ്കൂൾ  ആയിരുന്നു ഞങ്ങളുടേത്. അഴികളില്ലാത്ത മര ജനലിന്റെ ചട്ടയിലൂടെ ടോട്ടോച്ചാനെ ഓർമ്മിപ്പിക്കുന്ന വണ്ണം ഒഴിവു സമയങ്ങളിൽ കുട്ടികളും, മഴക്കാലങ്ങളിൽ മഴയും പെരുമ്പുന്ന സ്‌കൂളിലെ ക്ലാസ് റൂമിലേക്കും മുറ്റത്തേക്കും അനുസരണയില്ലാതെ ഇറങ്ങിയും ചാടിയും കളിച്ചു.

To advertise here,

നാലുമണിയുടെ കൂട്ടബെല്ലിന്‌ കാതോർത്തിരുന്ന ഞങ്ങളുടെ ക്ലാസിലേക്ക് ചുവന്ന ബൈക്കിൽ സുന്ദരനായ ഒരു മാഷ് ആദ്യമായി വന്നു. എങ്ങനെ കൂട്ടിയാലും ഒരേ സംഖ്യ കിട്ടുന്ന ബിജു മാഷ് പഠിപ്പിച്ചു തന്ന മാന്ത്രികച്ചതുരoപോലെ  ഏതൊക്കെ സ്കൂളിൽ പഠിച്ചാലും ഓർമ്മ വരിക  മാഷിനെ തന്നെയാണ്.  കണക്കിന്റെ എളുപ്പവഴികൾ പോലെ ഞങ്ങളുടെ ഉള്ളിലേക്ക് വളരെ എളുപ്പത്തിൽ മാഷ് കയറിപ്പോയി.

എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മൂന്നര ആകുമ്പോൾ എന്തു പഠിപ്പിച്ചു കൊണ്ടിരുന്നാലും മാഷത് നിർത്തും. പതിയെ ചോക്ക് വെട്ടിയിട്ട് കൈകൾ രണ്ടും തടവി ചോക്കുപൊടി കളഞ്ഞ് മാഷിന്റെ മേശയുടെ മുന്നിൽ ചാരി നിന്ന് തലേദിവസത്തെ കഥയുടെ ബാക്കി പറയാൻ തുടങ്ങും.ഞങ്ങൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി താടിക്ക് കൈകൊടുത്ത് മാഷിനെ തന്നെ ഉറ്റുനോക്കും.അപ്പോഴേക്കും ഞങ്ങൾ റഷ്യയിലെ മറ്റേതെങ്കിലും രാജ്യത്തോ എത്തിയിട്ടുണ്ടാവും.

ണിം ണിം ണിം ണിം... ആ നാലു മണി ബെല്ലിനെ വെറുക്കും. 'ബാക്കി നാളെ...' പതിയെ ചിരിച്ച് രജിസ്റ്റർ എടുത്ത് മാഷ് നടന്നുപോകും. നാളെ ആവാൻ, നാളെ വൈകുന്നേരം ആവാൻ ഹക്കിൽ ബറീഫിന് എന്തു പറ്റിയിട്ടുണ്ടാവും എന്ന് ആകുലപ്പെട്ടു ഞങ്ങൾ കാത്തിരിക്കും. 

കഥകളായിരുന്നു ബിജു മാഷ്.
മാഷിൻറെ പ്രിയപ്പെട്ട കണക്കിനെക്കാളും
പി.ടി പിരീഡിൽ ഞങ്ങളോടൊപ്പം വന്ന് കളിക്കുന്ന ഷട്ടിൽ ബാറ്റ് കളിയെക്കാളും, 
ശാസ്ത്രമേളയിൽ സ്ഥിരം സമ്മാനം വാങ്ങിത്തരുന്ന മാഷിൻ്റെ പ്രവർത്തനങ്ങളെക്കാളുമൊക്കെ ഞാൻ ഇപ്പോഴും ഓർക്കുന്നത് മാഷിൻറെ കഥകളാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ...വൈകുന്നേരങ്ങളിലെ കഥകൾ


കൈയ്യിലെ ചോക്കുപൊടി പതിയെ പറന്നു പോകും പോലെ ക്ലാസിലെ മുഴുവൻ കുട്ടികളെയും പതിയെ മറ്റെങ്ങോട്ടോ കൊണ്ടുപോകുന്ന കഥകൾ.  പൊടിപ്പും തൊങ്ങലും വെച്ച് ആകാംക്ഷ നിറച്ച് ഒരേ താളത്തിൽ പതിയെ ചിരിച്ച് കഥ പറയുന്ന മാഷ്...പിന്നെ വലുതായപ്പോൾ കഥ പറഞ്ഞു തരാൻ ബിജു മാഷ് ഇല്ലാത്ത ക്ലാസ്സ് മുറിയിൽ നിന്നും തനിയെ പുസ്തകം വായിക്കാൻ തുടങ്ങിയത് ആ നാലുമണി പലഹാരം പോലത്തെ കഥകൾ കൊണ്ട് മാത്രമാണ്.

മാഷേ...,ഒരുപക്ഷേ നിങ്ങളില്ലായിരുന്നെങ്കിൽ പുസ്തകങ്ങളൊന്നും ഞാൻ ഇത്ര ആവേശത്തോടെ  ഇന്നും വായിക്കില്ലായിരുന്നു.

ടീച്ചറെ ഒരു കഥ പറഞ്ഞു തരുവോ എന്ന് പുറകിലെ ബെഞ്ചിലെ തിളങ്ങുന്ന കണ്ണുള്ള നാലാം ക്ലാസുകാരി വിളിച്ചു ചോദിക്കുമ്പോൾ
കൈയ്യിലെ ചോക്കുപൊടി പതിയെ തട്ടി ബെഞ്ചിൽ ചാരിൽനിന്ന് ഞാൻ ബിജു മാഷെ ഓർക്കും...എന്നിട്ട് പറഞ്ഞു തുടങ്ങും;

പണ്ട്.. കൈയ്യിൽ കുറച്ചു മെഴുകുതിരികളുമായി 
ഗുഹയിൽ നിധിയെടുക്കാൻ പോയ ഒരു കുട്ടി ഉണ്ടായിരുന്നു