ഇതൊരു തുറന്നെഴുത്താണ്. കാലങ്ങൾക്ക് മുന്നേ, ക്ലാസ്സിന്റെ നടുക്കുള്ള ബെഞ്ചിലെ നടുക്ക് ഇരിക്കുന്ന  രണ്ടാം ക്ലാസ്സുകാരന്റെ ഉള്ളിൽ കലയുടെ വിത്ത് പാകിയതിന്റെ വിളവെടുപ്പ്. അന്ന് പഠിപ്പിന്റെ പുറകെ മാത്രം പോയിരുന്നെങ്കിൽ ഞാൻ ഇങ്ങനെയാവുമെന്ന് കരുതുന്നില്ല, ഒരുപക്ഷെ എന്റെ ലോകം ഇതിലും ചെറുതായി പോകുമായിരിക്കാം.
നിങ്ങളെന്നെ കവിത ചൊല്ലിച്ചു, കഥ എഴുതിച്ചു.
രണ്ടാം ക്ലാസിൽ എടുക്കാൻ പറ്റാത്ത വിഷയത്തിലെന്നെ കൊണ്ട് ആശയങ്ങൾ തുന്നിച്ചു കലാതിലകമാക്കി.
ഓർക്കാപ്പുറത്ത് കിട്ടിയ തിലകക്കുറി മായാതിരിക്കാൻ പത്തുവരെ ഞാൻ വായിച്ചും എഴുതിയും, പാടിയും ചൊല്ലിയും,സംവദിച്ചും നടന്നു.
വായിച്ച എഴുത്തുക്കളും, എഴുതിയ വാക്കുകളും, ചൊല്ലിയും പാടിയും പറഞ്ഞു പോയ ആശയങ്ങളും, ഉള്ളറിഞ്ഞു കനപ്പിച്ചു പറഞ്ഞ വിഷയങ്ങളും എന്നെ മനുഷ്യനാക്കി. ഒരു പിടി ക്ഷമയും, കരുണയും ഒടുങ്ങാത്ത ചിന്തയും എന്നിൽ വേരിടീച്ച്  കാമ്പുണ്ടെന്ന് ഉള്ളാലെ തോന്നിച്ച പ്രിയ രത്നമ്മ ടീച്ചറെ ഇങ്ങളില്ലായിരുന്നെങ്കിൽ,ന്റെ ലോകം ചുരുങ്ങി പോയേനെ!

To advertise here,