എന്റെ പേര് കെ.ആർ. രാജേഷ്. ഞാൻ ആലുവയിലെ ഒരു സ്വകാര്യസ്കൂളിലെ ചിത്രകലാ അധ്യാപകനാണ്  അധ്യാപനജീവിതത്തിൽ കണ്ടുമുട്ടിയ ഒരുപാട് വിദ്യാർഥികളെ കുറിച്ച് മനോഹരമായ ഓർമകളുണ്ട്. അതിലൊരു വിദ്യാർഥിയെ കുറിച്ച് ചെറിയൊരു കുറിപ്പ്. 

To advertise here,

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിപ്പിച്ച എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വിദ്യാർത്ഥിയാണ് കുര്യൻ ആദം. കേരള നിയമസഭ സ്പീക്കറായിരുന്ന എ.പി. കുര്യന്റെ  മകന്റെ മകനാണ് ആദം.

കഴിഞ്ഞദിവസം അവൻ എന്നെ വിളിച്ചു. എന്നോട് പറഞ്ഞു സാറേ ഞാൻ ഹയർ സ്റ്റഡീസിനായി  മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ പോവുകയാണ്.
പോകുന്നതിനു മുൻപ് സാറിനെ ഒന്നു കാണണം.  ലുലു മാളിൽ വച്ച്  ഞങ്ങൾ കണ്ടു. പഴയ കുസൃതിത്തരങ്ങളും വിശേഷങ്ങളും എല്ലാം പറഞ്ഞു. ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു, ഫോട്ടോ എടുത്തു.

ഒന്നാലോചിച്ചു നോക്കിക്കേ നമ്മൾ പഠിപ്പിച്ച വിദ്യാർത്ഥികൾ നമ്മളെ കാണാൻ വരുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം. അവന്റെ വീട്ടിൽ ഒരു റംബൂട്ടാൻ മരം ഉണ്ട്. വീട്ടിൽ എല്ലാവർക്കും കഴിക്കാൻ വേണ്ടി റംബൂട്ടാൻ പറിച്ചപ്പോൾ എന്നെ പഠിപ്പിച്ച സാറിനും കൊടുക്കണം എന്ന് അവൻ വീട്ടിൽ പറയുകയും ആ രാത്രി തന്നെ കോതമംഗലത്ത് നിന്ന് കാലടിയിൽ താമസിക്കുന്ന എനിക്ക് റംബൂട്ടാനുമായി എന്നെ കാണാൻ വരികയും ചെയ്തത് ഇപ്പോഴും ഓർമയിലുണ്ട്.  റമ്പൂട്ടാൻ കൊണ്ടുവന്ന് തന്നത് കൊണ്ടല്ല സാറിനെയും ഞാനോർത്തു എന്ന് ഒരു വിദ്യാർത്ഥി പറയുമ്പോൾ എപ്പോഴൊക്കെയോക്കെയോ നമ്മൾ ചെയ്ത നന്മ ആ വിദ്യാർഥി മനസ്സിലാക്കിയെന്നാണ് ഞാൻ കരുതുന്നത്. അതാണ് ശരിക്കും ഗുരുശിഷ്യബന്ധം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു അധ്യാപകൻ ആയതുകൊണ്ട് മാത്രം എനിക്ക് കിട്ടുന്ന അംഗീകാരങ്ങളും സന്തോഷങ്ങളും ആണ് ഇതെല്ലാം...!