സ്ഫടികം പോസ്റ്റർ | photo: facebook/mohanlal
ഏറ്റുമാനൂരിലെ ഒരു ഓഡിറ്റോറിയത്തില്‍ കല്യാണം കൂടാന്‍ ചെന്ന സംവിധായകന്‍ ഭദ്രനെ കണ്ട രണ്ട് യുവാക്കള്‍ ഒരാവശ്യം മുന്നോട്ട് വെച്ചു. 'ഞങ്ങളുടെ നാട്ടിലെ ഒരു തിയേറ്ററില്‍ 'സ്ഫടിക'ത്തിന്റെ ഫിലിം പെട്ടിയുണ്ട്. അതൊന്ന് കാണാന്‍ വേണ്ടി വിട്ട് തരാന്‍ പറയുമോ. പ്രൊജക്ടറില്ലാത്ത കാലത്ത് അതെങ്ങനെ കാണുമെന്ന് ഭദ്രന്‍ ചോദിച്ചു. പ്രൊജക്ടറൊക്കെ റെഡിയാണ്. തുണി വലിച്ച് കെട്ടി കണ്ടുകൊള്ളാം.
ആ രണ്ട് ചെറുപ്പക്കാരുടെ ആവേശമാണ് സംവിധായകനെ പുതിയ സ്ഫടികത്തില്‍ എത്തിച്ചതിന് പിന്നിലെ വലിയ പ്രചോദനം. ഇതിനൊപ്പം വലിയ സ്‌ക്രീനില്‍ 'സ്ഫടികം' കാണാനുള്ള അനേകമാളുകളുടെ മോഹങ്ങള്‍ കൂടി പൂവണിയിക്കാമെന്ന ചിന്തയില്‍ നിന്നാണ് പുതിയ സ്ഫടികം പൊടി തട്ടിയെടുത്തതെന്ന് ഭദ്രന്‍ പറയുന്നു.
4K ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയുമാണ് 'സ്ഫടികം' വീണ്ടും എത്തിയത്. സിനിമയില്‍ കുറച്ച് സീനുകള്‍ റീഷൂട്ട് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂട്ടി. പാട്ടുകള്‍ പുതിയതായി ആലപിച്ച് ചേര്‍ത്തു. പശ്ചാത്തലസംഗീതവും മാറ്റി.
'സ്ഫടികം ഒരു സിനിമയല്ല. അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികള്‍ക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങള്‍ ചേരുന്നൊരു ബൃഹദ് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ', പറയുന്നത് ഒരു ടീച്ചറാണ്. ഞാന്‍ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിത് പറഞ്ഞത്. യാദൃച്ഛികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലില്‍ ലഭിച്ചപ്പോള്‍ ഏറെ അര്‍ഥവത്തായ ആ വരികള്‍ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറേ പ്രണാമം',- ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'പുതിയ രൂപത്തിലുള്ള സിനിമയ്ക്ക് പണം മാത്രം പോരായിരുന്നു. സാങ്കേതികമായി ഒരുപാട് മാറ്റങ്ങളും ആവശ്യമുണ്ട്. കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപ ചെലവിട്ടാണ് പുതിയ സ്ഫടികം തിയേറ്ററില്‍ എത്തിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെ ഫലമായി സ്ഫടികം എത്തുമ്പോഴും അത് ഒട്ടും സാധ്യമെന്ന് ആദ്യം കരുതിയില്ല. 1995-ല്‍ റിലീസായ സിനിമ പുന:സൃഷ്ടിക്കാന്‍ സാങ്കേതികമായി ഒരുപാട് മാറ്റങ്ങള്‍ ആവശ്യമായിരുന്നു. ആ ലക്ഷ്യ യാത്രയില്‍ ആദ്യം കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സിനിമയുടെ നെഗറ്റീവ് തേടി ചെന്നൈയിലെ ലാബില്‍ എത്തിയപ്പോള്‍ പല സിനിമകളുടെ നെഗറ്റീവുകള്‍ക്കൊപ്പം പൊടിപിടിച്ച് സ്ഫടികത്തിന്റെ ഫിലിം. കൂടുതല്‍ പരിശോധിച്ചപ്പോള്‍ അവസാനത്തെ കുറേ റീലുകള്‍ ആകെ മോശമായിരിക്കുന്നു. ഇക്കാര്യം പറയാനായി നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹനെ വിളിച്ചപ്പോഴാണ് ഒരു ആശ്വാസ വിവരം കിട്ടിയത്. ചിത്രം പൂര്‍ണമായി ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റി അദ്ദേഹം സൂക്ഷിച്ചിരിക്കുന്നു. ശേഷം ചിത്രം പുനര്‍നിര്‍മിക്കാനുള്ള തീരുമാനം ഉറപ്പിച്ചു.
ആട് തോമയേയും ചാക്കോ മാഷിനേയും സ്‌നേഹിക്കുന്ന കുറെ ആളുകള്‍ ഇന്നുമുണ്ട്. ഇന്നും ചില സ്ത്രീകള്‍ എന്നെ കാണുമ്പോള്‍ 'സ്ഫടിക'ത്തെക്കുറിച്ച് വാചാലരാകും. അവര്‍ക്ക് സിനിമ കാണാപാഠമാണ്. എന്നാലും ഓരോ രംഗങ്ങള്‍ക്കായും അവര്‍ പേടിയോടെയാണ് കാത്തിരിക്കുന്നത്. അപ്പന് തോമായെ ഒന്ന് തിരികെ വിളിച്ചൂടെ, ആശുപത്രിക്കിടക്കയില്‍ അപ്പന്‍ മരിക്കരുതേ, സിനിമ കാണുന്ന ഓരോ തവണയും അവര്‍ ഈ വിധം പ്രാര്‍ഥിച്ചു കൊണ്ടിരിക്കും. ഓരോ രംഗത്തിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതാണ് സിനിമയെ കുറേപ്പേര്‍ക്കെങ്കിലും കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്',- ഭദ്രന്‍ പറഞ്ഞു.
Content Highlights: mohanlal bhadran spadikam movie 4k released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..