.
ഒരു കൊറിയൻ പോപ് ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് അനിഖ നായികയായി 'ഓ മൈ ഡാർലിങി'ലൂടെ മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. പ്രണയം, കുടുംബം, മാനസിക വൈകല്യം എന്നീ വിഷയങ്ങളെയെല്ലാം ഒറ്റ കഥയിലൂടെ പറയുന്നതോടൊപ്പം തന്നെ മലാള സിനിമ ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വിഷയം കൂടി പങ്കുവെക്കുകയാണ് ഓ മൈ ഡാർലിങ് എന്ന ചിത്രം.
കെ- പോപ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയാണ് ജിനി. കെ- പോപ് വസ്ത്രധാരണവും രീതികളുമൊക്കെയാണ് ജിനിക്ക് ഇഷ്ടം. അച്ഛന്റെ പ്രിയപ്പെട്ട മകൾ. ജോയൽ എന്ന യുവാവും ജിനിയും തമ്മിലുള്ള പ്രണയവും അവരുടെ പ്രണയവൈകാരിക നിമിഷങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ്. ജോ ആൻഡ് ജോ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ മെൽവിൻ ജി ബാബുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജിനിയും ജോയലും തമ്മിലുള്ള പ്രണയം പറയുന്നതുപോലെ തന്നെയാണ് അവരുടെ കുടുംബങ്ങളുടെ സ്നേഹബന്ധവും കെട്ടുറപ്പുമെല്ലാം പറയുന്നുണ്ട് ചിത്രത്തിൽ. ജിനിയുടെ അമ്മയായി ലെനയും അച്ഛനായി മുകേഷുമാണ് എത്തുന്നത്. ജോയലിന്റെ അമ്മയായി മഞ്ജുപിള്ളയും അച്ഛനായി ജോണി ആന്റണിയുമാണ് അഭിനയിച്ചിരിക്കുന്നത്. കൊറിയൻ ഗാനവും ചിത്രത്തിന്റെ പ്രത്യേകതയാണ്.

ചിത്രത്തിന്റെ ട്രെയിലറിൽ ജോയുടേയും ജിനിയുടേയും പ്രണയ രംഗങ്ങളും കിടിലം ലിപ്ലോക്ക് സീനുമൊക്കെയാണ് ഉള്ളത്. എന്നാൽ ട്രെയിലറിനപ്പുറത്താണ് ചിത്രത്തിന്റെ കഥയും ട്വിസ്റ്റുകളും നിറഞ്ഞിരിക്കുന്നത്. ഛോട്ടാ മുംബൈ എന്ന സിനിമയിൽ കണ്ട ഒന്നര വയസുകാരി ബേബി അനിഖയിൽ നിന്നും ജോയലിന്റെ കാമുകി ജിനിയായി മികച്ച നടിയായി വളർന്നിരിക്കുകയാണ് അനിഖ. ജിനിയുടെ പ്രണയവും മാനസികപ്രശ്നവുമെല്ലാം കൈയൊതുക്കത്തോടെ ചെയ്യാൻ അനിഖക്ക് കഴിഞ്ഞിട്ടുണ്ട്. നായികയായി അരങ്ങേറുന്ന അനിഖക്ക് കരിയറിൽ ചേർത്തുവെക്കാവുന്ന സിനിമയായിരിക്കും ഓ മൈ ഡാർലിങ്.
ജോയലിന്റേയും ജിനിയുടേയും പ്രണയത്തിൽ മാത്രമൊതുങ്ങുന്നില്ല ഓ മൈ ഡാർലിങ്. കുടുംബവും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. ഒരു പക്കാ ലൗ സ്റ്റോറി തന്നെയാണ് ആദ്യ പകുതി. രണ്ടാം പകുതി എത്തുന്നതോടെയാണ് ചിത്രം അൺപ്രഡിക്ടബിൾ ആകുന്നതും അതി സങ്കീർണമായ ഒരു മാനസിക വൈകല്യത്തെ റോമാന്റിക് കോമഡി എലമെന്റ്സിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതും. ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളോ അസുഖമോ മാനസികമായി അംഗീകരിക്കാൻ ചില വ്യക്തികൾക്ക് സാധിക്കാറില്ല. അവരുടെ മനസ് അത്തരമൊരു മാനസികാവസ്ഥയെ നിരാകരിക്കുകയാണ് ചെയ്യാറുള്ളത്. ഇതൊരു മാനസിക പ്രശ്നമാണ്. ഇത്തരമൊരു മാനസികാവസ്ഥയെ ഒട്ടും കോംപ്ലിക്കേറ്റഡ് ആക്കാതെ സിമ്പിളായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നതിനും സംവിധായകന് സാധിച്ചിട്ടുണ്ട്.
ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയും പാട്ടും വമ്പൻ ട്വിസ്റ്റും പുതുമയുള്ള കഥയും ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഓ മൈ ഡാർലിങ്ങിന് ടിക്കറ്റെടുക്കാം.
Content Highlights: O My Darling movie review,anikha surendran ,oh my darling,Alfred D' Samuel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..