മൂന്ന് പതിറ്റാണ്ടായി കൃഷിമാത്രമാണ് പുലിയാനാംകുന്ന് ഒടുങ്ങാട്ട്കുന്ന് ശ്രീധരന്റെ ജീവിതം. രാത്രിയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ത്തന്നെയാണ് ഒരു ഷെഡ്ഡ് കെട്ടി കിടത്തം. ഒരുനിമിഷം കണ്ണുതെറ്റിയാല്‍ കാട്ടുപന്നികള്‍ കൃഷിയിടത്തിലെത്തും. വര്‍ഷത്തിനിടെ ശ്രീധരന്‍ ചെയ്യാത്ത കൃഷിയൊന്നുമില്ല. മൂന്നുപതിറ്റാണ്ടുകള്‍ക്കുമുമ്പ് ഒന്നര ഏക്കര്‍ പാട്ടത്തിനെടുത്താണ് കൃഷിതുടങ്ങിയത്. കുറച്ച് നെല്ലും ചേനയും കൃഷിചെയ്താണ് തുടക്കം.

To advertise here,

തകരാത്ത ആത്മവിശ്വാസം മാത്രമാണ് കൈമുതലായുണ്ടായിരുന്നത്. പച്ചക്കറികള്‍നട്ട് രാവും പകലും കഷ്ടപ്പെട്ടതോടെ കൃഷിയും വിജയമായി. ഇതോടെ കൂടുതല്‍സ്ഥലത്ത് കൃഷിയിറക്കാന്‍ തുടങ്ങി. അതിന് കുടുംബക്കാരും നാട്ടുകാരും സഹായിച്ചതോടെ കൃഷിചെയ്ത പാടങ്ങളില്‍ പച്ചക്കറികള്‍ നന്നായി വിളഞ്ഞു. സ്വന്തമായും പാട്ടത്തിനെടുത്തും ഒപ്പം കൃഷിചെയ്തിരുന്ന പലരും കൃഷി ഉപേക്ഷിച്ചു. പക്ഷേ, ശ്രീധരന്‍ ഉപേക്ഷിച്ചില്ല. ഇടയ്ക്ക് കാലാവസ്ഥയും വന്യമൃഗശല്യവും കാരണം കുറേ നശിച്ചെങ്കിലും കൃഷിയോടുള്ള സ്നേഹത്തിന് ഇപ്പോഴും കുറവില്ല.

പാട്ടഭൂമിയില്‍ത്തന്നെ ചെറിയ ഷെഡ്ഡ് കെട്ടി മുഴുവന്‍സമയവും കൃഷിസ്ഥലത്താണ് ജീവിതം. ചേന, ഇഞ്ചി, മഞ്ഞള്‍, വള്ളിക്കിഴങ്ങ്, ചേമ്പ്, കൂവ, പയര്‍, നെല്ല്, മധുരക്കിഴങ്ങ്, നെല്ല്, പയര്‍, വാഴ തുടങ്ങിയവയാണ് ശ്രീധരന്‍ പാട്ടത്തിനെടുത്ത ആറേക്കര്‍ സ്ഥലത്ത് ഇപ്പോഴുള്ള കൃഷി. മണ്ണ് വിളവെപ്പോഴും തരും. പക്ഷേ, കാലാവസ്ഥയും വന്യമൃഗശല്യവുമൊക്കെയാണ് കര്‍ഷകരെ ചതിക്കുന്നതെന്ന് ശ്രീധരന്‍ പറയുന്നു.