യു. ഷറഫലി
ഇന്ത്യന്‍ ഫുട്‌ബോളില്‍ പകരംവെക്കാനില്ലാത്ത പേരുകളിലൊന്നാണ് യു. ഷറഫലിയുടേത്. പ്രതിരോധ, മധ്യനിര താരമായി അമ്പതിലേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ദേശീയ ടീമിനുവേണ്ടി പന്തുതട്ടി. കേരള ഫുട്‌ബോളിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലെ ആദ്യ പേരുകാരിലൊരാള്‍. കേരള പോലീസില്‍ റാപിഡ് റെസ്‌പോണ്‍സ് റെസ്‌ക്യൂ ഫോഴ്സ് കമാന്‍ഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചു. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനെ മുന്‍നിര്‍ത്തി അദ്ദേഹവുമായി ആര്‍. ഗിരീഷ് കുമാര്‍ സംസാരിക്കുന്നു
പോളണ്ടിനെതിരായ അര്‍ജന്റീനയുടെ മത്സരത്തില്‍നിന്നുതന്നെ തുടങ്ങാം. അര്‍ജന്റീനയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു
അര്‍ജന്റീന ഓരോ കളികഴിയുന്തോറും മെച്ചപ്പെട്ടു വരുന്നുണ്ട്. മൂന്നാമത്തെ കളിയോടെ പ്രകടനം ഉന്നതനിലവാരത്തിലേക്കെത്തി എന്നുപറയാം. ജയം അനിവാര്യമായ മത്സരമായിരുന്നു അത്. അതിന്റേതായ സമ്മര്‍ദവുമുണ്ടായിരുന്നു. എന്നാല്‍, വളരെ അനുഭവസമ്പത്തുള്ള താരനിര സമ്മര്‍ദത്തെ അതിവേഗം അതിജീവിച്ചു. ആകെയൊരു പരിഭ്രമം വന്നത് മെസ്സിയെടുത്ത പെനാല്‍ട്ടി ഗോളി സേവ് ചെയ്തപ്പോഴാണ്. ആരാധകരാകെ നിരാശരായി.
പോളണ്ട് നിലവാരത്തിലേക്കുയര്‍ന്നില്ല. രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അവര്‍ സമ്മര്‍ദത്തിലായിരുന്നു. മറ്റൊന്ന് അവര്‍ക്ക് കളിക്കാനുള്ള സ്‌പേസ് അര്‍ജന്റീന മത്സരത്തില്‍ അനുവദിച്ചുമില്ല.
രണ്ട് ശൈലികളുടെ പോരാട്ടമെന്നാണ് മത്സരം വിലയിരുത്തപ്പെട്ടത്. ആ നിലവാരത്തിലേക്കുയര്‍ന്നോ
യൂറോപ്യനും ലാറ്റിനമേരിക്കനുമായ രണ്ട് ശൈലികള്‍ തമ്മിലായിരുന്നു മത്സരം. സാധാരണ യൂറോപ്യന്‍ ടീമും ലാറ്റിനമേരിക്കന്‍ ടീമും തമ്മില്‍ മത്സരിക്കുമ്പോള്‍ കളംനിറഞ്ഞുകളിക്കുന്നത് ലാറ്റിനമേരിക്കന്‍ ടീമാണെങ്കിലും കളിയുടെ ഫലം പലപ്പോഴും മറ്റൊന്നാകാറുണ്ട്. അതുപോലൊരു ഭീഷണി പോളണ്ടിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. മൂന്നോ നാലോ പാസുകള്‍ കൈമാറി ഒരുക്കുന്ന അതിവേഗ കൗണ്ടര്‍ അറ്റാക്ക് മത്സരത്തില്‍ പ്രതീക്ഷിച്ചു. അങ്ങനത്തെ ഒരു നീക്കംപോലും പോളണ്ട് നടത്തിയില്ല. മത്സരഫലം അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും സന്തോഷം പകരുന്നതുതന്നെ, പക്ഷേ, ഫുട്‌ബോള്‍പ്രേമികളെ മത്സരം നിരാശപ്പെടുത്തി. അര്‍ജന്റീനയുടെ കളി അതിമനോഹരമായിരുന്നു. പക്ഷേ, എതിരാളികളുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കമുണ്ടായതേയില്ല.
അങ്ങ് ഒരു ബ്രസീല്‍ ആരാധകനാണ്. കഴിഞ്ഞ മത്സരങ്ങള്‍ വിലയിരുത്തിയാല്‍ ബ്രസീലിന്റെ പ്രകടനം എങ്ങനെയുണ്ട്
ഫുട്‌ബോള്‍പ്രേമികളും നിരീക്ഷകരുമൊക്കെ വിലയിരുത്തിയതുപോലുള്ള ഉന്നതനിലവാരമുള്ള പ്രകടനം ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടില്ല. നെയ്മറുടെ അഭാവം കഴിഞ്ഞ മത്സരത്തില്‍ അവരെ ബാധിച്ചു. നെയ്മറില്ലാത്തത് പലരീതിയിലാണ് ബാധിക്കുന്നത്. നെയ്മറെപ്പോലെ ഗ്യാരണ്ടിയുള്ള ഒരു കളിക്കാരന്‍ ഗ്രൗണ്ടിലുണ്ടാകുമ്പോള്‍ അത് കളിയെ വല്ലാതെ സ്വാധീനിക്കും. നെയ്മര്‍ ഗോളടിക്കുന്നത് തടയുന്നതിനായി എതിരാളികള്‍ ശ്രമിക്കുമ്പോള്‍, മറ്റു മുന്നേറ്റ താരങ്ങള്‍ക്ക് ഗോളടിക്കാനുള്ള വഴികള്‍ പലതു തുറക്കും. നെയ്മര്‍ ഇല്ലാതായതോടെ ആ തലവേദന എതിരാളികള്‍ക്ക് ഇല്ലാതായി എന്നുപറയാം.
യൂറോപ്യന്‍ ലീഗുകള്‍ക്കിടയ്ക്കാണ് ലോകകപ്പ്. അത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടോ
ചില കളിക്കാരുടെ പ്രകടനം കാണുമ്പോള്‍ അവരിലൊരു 'മടുപ്പ്' ബാധിച്ചിട്ടുണ്ടോ എന്ന് തോന്നാറുണ്ട്. മുതിര്‍ന്ന പല താരങ്ങളുടെയും കളിയിലൊരു ഫ്രഷ്നെസ് കുറഞ്ഞതുപോലെ. സാധാരണ ലോകകപ്പുവരുമ്പോള്‍ കളിക്കാര്‍ കൂടുതല്‍ ആവേശത്തോടെ പുതിയൊരു ടൂര്‍ണമെന്റെന്നപോലെ അതിനെ സമീപിക്കാറുണ്ട്. ഇക്കുറി യുവതാരങ്ങളുടെ പ്രകടനത്തില്‍ ആ ഫ്രഷ്‌നെസും ആവേശവും അനുഭവപ്പെടാറുണ്ട്. എന്നാല്‍, സീനിയര്‍ താരങ്ങളുടെ പ്രകടനത്തില്‍ അതു കാണുന്നില്ല.
നോക്കൗട്ട് റൗണ്ടിലൊന്നും എത്തില്ലെന്ന് കരുതുന്ന, ചെറിയ ടീമുകളുടെയൊക്കെ പ്രകടനത്തില്‍ അത്തരമൊരു കുറവ് തോന്നുന്നുണ്ടോ
ഇത്തരം ടീമുകളില്‍നിന്നൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം കാണാറില്ല. ചിലകളികളില്‍ വമ്പന്‍ ടീമുകളെ അവര്‍ അട്ടിമറിക്കും. പിന്നീട് അത്തരമൊരു പ്രകടനമുണ്ടാകാറില്ല. പരുക്കന്‍ കളിയിലൂടെ കുറേതാരങ്ങള്‍ കാര്‍ഡുകള്‍ വാങ്ങും. ഇതോടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരമാകുമ്പോള്‍ ലൈനപ്പ് തന്നെ മാറും. ഇതായിരുന്നു മുമ്പത്തെ സ്ഥിതി. ഇപ്പോള്‍ കുറെയൊക്കെ മാറ്റംവന്നിട്ടുണ്ട്. ആഫ്രിക്കന്‍ ടീമുകള്‍പോലും ക്വാര്‍ട്ടറിനപ്പുറത്തേക്ക് പോകുന്ന തലത്തിലേക്ക് ഉയര്‍ന്നിട്ടില്ല. ഖത്തറില്‍ ഇതിനും മാറ്റം വന്നേക്കാം.
ഖത്തറില്‍ കിരീടം നേടുന്നതാരാവും എന്നാണ് കരുതുന്നത്
ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ മൂന്ന് ടീമുകളെയാണ് ഞാന്‍ കാണുന്നത്. ഫ്രാന്‍സിനാണ് കൂടുതല്‍ സാധ്യത.
വാര്‍ വന്നത് കളിയെ എങ്ങനെ ബാധിച്ചു
ഗോളടക്കമുള്ള തീരുമാനങ്ങള്‍ മാറുന്നത് കളിയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. പക്ഷേ, സ്‌പോര്‍ട്‌സില്‍ തീരുമാനങ്ങള്‍ സത്യസന്ധമാകണം. നമുക്കത് അംഗീകരിച്ചേ മതിയാകൂ. എങ്കിലും ഗോളടിക്കുമ്പോഴുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്കുപോലും റഫറി സ്‌ക്രീനില്‍നോക്കി അതുറപ്പ് വരുത്തേണ്ടിവരുന്നത് കളിയുടെ സ്വാഭാവിക ഭംഗിയെ ബാധിച്ചിട്ടുണ്ടെന്ന് പറയാതെവയ്യ.
Content Highlights: Interview with former football player sharaf Ali


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..