ജിദ്ദ: റിയാദ് മേഖലയിലെയും കിഴക്കൻ പ്രവിശ്യയിലെയും എണ്ണസ്ഥാപനങ്ങൾക്കും ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്കും നേരെ യെമനിലെയും ഇറാഖിലെയും ഇറാൻ പിന്തുണയുള്ള ഭീകര മിലീഷ്യകൾ നടത്തിയ ആക്രമണങ്ങളെ സൗദി മന്ത്രിസഭ അതിശക്തമായി അപലപിച്ചു.

To advertise here,

സൗദിയുടെ സുരക്ഷയ്ക്കും ദേശീയ താൽപര്യങ്ങൾക്കും ആസ്തികൾക്കും എതിരായ ഏതൊരു ആക്രമണവും രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ മറുപടി നൽകുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

ഇറാഖിന്റെ ഭൂപ്രദേശങ്ങൾ സൗദിക്കെതിരായ ആക്രമണങ്ങൾക്ക് താവളമായി ഉപയോഗിക്കപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിസഭ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു. സൗദിയുടെ പ്രതിരോധ സംവിധാനം ആക്രമണങ്ങളെ പ്രതിരോധിച്ചതിനെയും സംഭവത്തെ അപലപിച്ച വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നിലപാടുകളെയും മന്ത്രിസഭ അഭിനന്ദിച്ചു.

മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനുമായി സൗദി അറേബ്യ സഹോദര-സൗഹൃദ രാജ്യങ്ങളുമായി തുടർച്ചയായ ആശയവിനിമയവും കൂടിയാലോചനകളും നടത്തിവരികയാണ്. അറേബ്യൻ ഉൾക്കടലിലെയും ചെങ്കടലിലെയും സമുദ്രമാർഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുകയും ചെയ്യുന്നതായും മന്ത്രിസഭ യോഗത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയും ആക്ടിങ് വാർത്താവിനിമയ മന്ത്രിയുമായ യൂസഫ് അൽ-ബുന്യാൻ അറിയിച്ചു:

നയതന്ത്ര മാർഗം ശക്തിപ്പെടുത്താനും അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കാനുമുള്ള സൗദിയുടെ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ അടിസ്ഥാന തത്വങ്ങളായ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കൽ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, നല്ല അയൽബന്ധം പാലിക്കൽ, നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കൽ, അന്താരാഷ്ട്ര നിയമം പാലിക്കൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക ക്രമീകരണം നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിലാണ് മന്ത്രിസഭ യോഗം നടന്നത്. മന്ത്രിസഭാ യോഗം റിയൽ എസ്റ്റേറ്റ് ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട ഡിജിറ്റൽ, പ്രവർത്തന സേവനങ്ങൾ ആറുമാസത്തിനകം ജനറൽ റിയൽ എസ്റ്റേറ്റ് അതോറിറ്റിയിലേക്ക് കൈമാറാൻ അനുമതി നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏകീകൃത സംവിധാനത്തിന്റെ പ്രധാന ഘടകങ്ങളായ സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ, പ്രവർത്തനസംഘങ്ങൾ, ഡാറ്റ എന്നിവയും ഇതോടൊപ്പം അതോറിറ്റിയിലേക്ക് മാറ്റും.

2027-നെ 'ജലവർഷം' (Year of Water) ആയി ആചരിക്കാനും മന്ത്രിസഭ യോഗത്തിൽ അംഗീകാരം നൽകി. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം എന്നിവരുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങളിലെ പ്രധാന വിഷയങ്ങളും മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു.