റിയാദ്: മധ്യപൂർവേഷ്യയിലെ സംഘർഷം എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾക്കും കപ്പൽഗതാഗത ചെലവ് കുറയ്ക്കാനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കും ഇടയിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ ഒരു ശതമാനത്തിലധികം ഇടിവ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് നേരെയുള്ള ആക്രമണങ്ങൾ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് എണ്ണവില താഴ്ന്നത്.
സൗദി സമയം രാവിലെ 9.25-ഓടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.76 ഡോളർ അഥവാ 1.7 ശതമാനം കുറഞ്ഞ് 104.30 ഡോളറിലെത്തി. അമേരിക്കയുടെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ വില 1.06 ഡോളർ അഥവാ 1.1 ശതമാനം കുറഞ്ഞ് 94.03 ഡോളറിലുമെത്തി. കഴിഞ്ഞ വ്യാപാര സെഷനിൽ രേഖപ്പെടുത്തിയ നേട്ടങ്ങൾ ഇതോടെ ഇല്ലാതായി.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദി അരാംകോയുടെ ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയതും ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ ലക്ഷ്യമിടാൻ പുതിയ തന്ത്രങ്ങൾ സ്വീകരിക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതും കഴിഞ്ഞ ദിവസം എണ്ണവില ഉയരാൻ കാരണമായിരുന്നു. ഇതോടെ ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ വില മൂന്നാഴ്ചത്തെ ഉയർന്ന നിലയിലെത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിന് സമീപം കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ചരക്കുകപ്പലുകൾ ആക്രമണങ്ങളിൽ മുങ്ങിയതായി സമുദ്രഗതാഗത അധികൃതർ ബുധനാഴ്ച അറിയിച്ചു. പ്രൊജക്ടൈലുകൾ പതിച്ചതിനെ തുടർന്നാണ് കണ്ടെയ്നർ കപ്പലും ഡ്രൈ ബൾക്ക് കാരിയറും മുങ്ങിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ ജലപാതയ്ക്ക് ചുറ്റുമുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ ഉപരോധത്തിനും കഴിഞ്ഞ മാസം ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾക്കും മറുപടിയായാണ് ആക്രമണങ്ങൾ ശക്തമാക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ യുദ്ധം കപ്പൽഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചരക്കുനീക്ക ചെലവ് റെക്കോർഡ് ഉയരത്തിലെത്തിക്കുകയും ചെയ്ത സാഹചര്യത്തിൽ, എണ്ണവില കുറയ്ക്കുന്നതിനായി ഉപരോധം നേരിടുന്ന ചില കപ്പലുകൾക്ക് ഇളവ് നൽകുന്നത് അമേരിക്കൻ ഭരണകൂടം പരിഗണിക്കുന്നുണ്ട്. റഷ്യ, ഇറാൻ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്ന 'ഷാഡോ ഫ്ലീറ്റ്' കപ്പലുകൾക്ക് ഇളവ് നൽകുന്നതാണ് പരിഗണനയിലുള്ളത്.
മുമ്പ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ വഴി നിയമപരമായി എണ്ണ കൊണ്ടുപോകാൻ അനുവദിക്കുന്നതിനെക്കുറിച്ചാണ് പുതിയ ചർച്ചകളെന്ന് അമേരിക്കൻ ഉദ്യോഗസ്ഥൻ ബുധനാഴ്ച അറിയിച്ചു.
റഷ്യയിലെയും മധ്യപൂർവേഷ്യയിലെയും ഉൽപ്പാദന വർധനയും എണ്ണവില ഉയരുന്നത് ഒരു പരിധിവരെ തടയുന്നുണ്ട്. റഷ്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം സെപ്റ്റംബറിൽ പ്രതിദിനം 65,000 ബാരൽ വർധിച്ച് 84.3 ലക്ഷം ബാരലിലെത്തി. എന്നാൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഉൽപ്പാദനം പ്രതിദിനം 8.70 ലക്ഷം ബാരൽ കുറവാണെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) അറിയിച്ചു.
മധ്യപൂർവേഷ്യൻ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി സെപ്റ്റംബറിൽ പ്രതിദിനം 44 ലക്ഷം ബാരൽ വർധിച്ചതായും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലവാരത്തിന്റെ ഏകദേശം 75 ശതമാനത്തിലെത്തിയതായും ഐഇഎ വ്യക്തമാക്കി.
സമീപഭാവിയിൽ സമാധാന കരാർ ഉണ്ടാകുമെന്നതിന് വ്യക്തമായ തെളിവുകൾ കുറവാണെങ്കിലും ബദൽ പാതകളിലൂടെയും മറ്റ് ചരക്കുനീക്ക സംവിധാനങ്ങളിലൂടെയും എണ്ണ വിപണിയിലെത്തുന്നുണ്ടെന്ന് ഫിലിപ്പ് നോവയിലെ മാർക്കറ്റ് ഇൻസൈറ്റ്സ് മേധാവി പ്രിയങ്ക സച്ച്ദേവ് പറഞ്ഞു. ഇത്തരം ബദൽ സംവിധാനങ്ങൾ വലിയ തോതിലുള്ള വിതരണ പ്രതിസന്ധി ഒഴിവാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും ചെലവ് കൂടുതലാണെന്നും കൂടുതൽ തടസ്സങ്ങൾ നേരിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയിൽ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയിൽ, ഡിസ്റ്റിലേറ്റ് ശേഖരങ്ങൾ കുറഞ്ഞപ്പോൾ പെട്രോൾ ശേഖരം വർധിച്ചതായി വിപണി വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവന്നത്.
ഒക്ടോബർ ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരം 1.11 കോടി ബാരൽ കുറഞ്ഞു. റോയിട്ടേഴ്സ് നടത്തിയ സർവേയിൽ സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലിയ ഇടിവാണിത്.
എന്നാൽ എണ്ണശേഖരത്തിൽ ഇത്രയും വലിയ കുറവുണ്ടായിട്ടും വിലയിൽ കാര്യമായ പ്രതികരണമുണ്ടായില്ല. അനുകൂലമായ വാർത്തകൾ വന്നിട്ടും വില ഉയരാത്തത് നിലവിലെ വിലനിലവാരത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ നിക്ഷേപകർ ജാഗ്രത പുലർത്തുന്നതിന്റെ സൂചനയാണെന്ന് ഹൈതോങ് ഫ്യൂച്ചേഴ്സ് വിലയിരുത്തി.
അമേരിക്കൻ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ ഔദ്യോഗിക എണ്ണശേഖര കണക്കുകൾ സൗദി സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പുറത്തുവരും. തിങ്കളാഴ്ചയിലെ കൊളംബസ് ഡേ അവധിയെ തുടർന്നാണ് കണക്കുകൾ ഒരു ദിവസം വൈകിയത്.
Content Highlights: saudi news
Published: 16 Oct 2026, 01:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented