റിയാദ്: സർക്കാർ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ നിർമിതബുദ്ധി (എ.ഐ) അധിഷ്ഠിത വ്യക്തിഗത സഹായിയെ ഓരോ പൗരനും ലഭ്യമാക്കുന്ന പദ്ധതിയുമായി സൗദി അറേബ്യ. 2027-ന്റെ ആദ്യ പാദത്തിൽ പദ്ധതി ആരംഭിക്കുന്നതോടെ ശബ്ദനിർദേശങ്ങളിലൂടെ വിവിധ സർക്കാർ സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇടപാടുകൾ പൂർത്തിയാക്കാനും സാധിക്കും. പാസ്പോർട്ട് പുതുക്കൽ, വാക്സിനേഷൻ സേവനങ്ങൾ, കുട്ടികളുടെ സ്‌കൂൾ പ്രവേശന രജിസ്ട്രേഷൻ തുടങ്ങിയ നടപടികൾ ഇനി സംസാരിച്ചുകൊണ്ട് പൂർത്തിയാക്കാനാകും.

To advertise here,

2027-ലെ ബജറ്റ് ഫോറത്തിൽ സംസാരിക്കവെ വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി അബ്ദുല്ല അൽസ്വാഹയാണ് നൂതന പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയായ സ്ദായയുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ഭാഷാഭേദങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കഴിയുന്ന രീതിയിലാണ് എ.ഐ സഹായിയെ വികസിപ്പിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പരീക്ഷണത്തിൽ 500 പേർ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.

ഡിജിറ്റൽ ഗവൺമെന്റ് സംവിധാനത്തിൽനിന്ന് എ.ഐ അധിഷ്ഠിത ഭരണസംവിധാനത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിതെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോജനം സാധാരണക്കാരിലേക്ക് നേരിട്ടെത്തിക്കുന്നതിനൊപ്പം സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

സൗദിയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ മൂല്യം അരലക്ഷം കോടി റിയാലിനടുത്തെത്തിയിട്ടുണ്ട്. നിർമിതബുദ്ധി രംഗത്ത് ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളിലൊന്നായി മാറുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ ഗവൺമെന്റ് സൂചികയിൽ ആഗോളതലത്തിൽ നാലാം സ്ഥാനത്തെത്താനും വിഷൻ 2030ന്റെ ഭാഗമായി നിശ്ചയിച്ച ലക്ഷ്യം നാലുവർഷം മുമ്പുതന്നെ കൈവരിക്കാനും സൗദിക്ക് കഴിഞ്ഞതായി അൽസ്വാഹ വ്യക്തമാക്കി.

ഡിജിറ്റൽ സേവനങ്ങളുടെ വ്യാപ്തി വർധിക്കുന്നതിന്റെ ഭാഗമായി നുസുക് പ്ലാറ്റ്ഫോമിന്റെ ഉപയോക്താക്കളുടെ എണ്ണം ഏഴ് കോടിയിലെത്തി. തവക്കൽന ആപ്പിലൂടെ 1,800ലധികം സേവനങ്ങളാണ് ലഭ്യമാക്കുന്നത്. സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ എണ്ണം 800ൽനിന്ന് 450 ആയി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. വിവിധ സേവനങ്ങൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഡിജിറ്റൽ വ്യാപാര മേഖലയിലും ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പാദത്തിൽ 30 ശതമാനം വളർച്ചയോടെ മേഖലയുടെ വ്യാപാരമൂല്യം 100 ബില്യൺ റിയാലിലെത്തി. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം 95 ശതമാനമായി ഉയർന്നതായും മന്ത്രി അറിയിച്ചു.

2026-ൽ സാങ്കേതികവിദ്യാ വിപണിയിൽ 9.4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ദേശീയ സാങ്കേതികവിദ്യാ വികസന പദ്ധതിയിലൂടെ 1,500ലധികം ടെക്‌നോളജി കമ്പനികൾക്ക് പിന്തുണ നൽകാനും കഴിഞ്ഞിട്ടുണ്ട്.

എ.ഐ രംഗത്തെ ആഗോള മത്സരത്തിൽ മുന്നിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അടിസ്ഥാനസൗകര്യ വികസനത്തിനും സൗദി വലിയ പ്രാധാന്യമാണ് നൽകുന്നത്. ഡാറ്റാ സെന്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ അന്തർവാഹിനി കേബിൾ ശൃംഖല 20ലധികം കേബിളുകളായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിനായി രാജ്യത്തെ 20ലധികം കേന്ദ്രങ്ങളിലായി 80 ചതുരശ്ര കിലോമീറ്റർ ഭൂമിയും നീക്കിവെച്ചിട്ടുണ്ട്.