മസ്‌കറ്റ്: ഒമാനില്‍ അനധികൃത പണപ്പിരിവിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍. ഒമാനില്‍ പൊതുജനങ്ങളില്‍ നിന്നും ലൈസന്‍സില്ലാതെ പണം പിരിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ ഇടയ്ക്കിടെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. മതിയായ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ തടവും കനത്ത പിഴയും അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി ഒമാന്‍ പീനല്‍ കോഡിലെ 299, 300 വകുപ്പുകള്‍ എടുത്ത് പറഞ്ഞാണ് മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമമായ എക്‌സിലാണ് അധികൃതര്‍ ഇത് സംബന്ധിച്ചുള്ള കുറിപ്പിറക്കിയത്. അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് സാധുവായ ലൈസന്‍സില്ലാതെ സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയോ പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ, 200 മുതല്‍ 600 റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ പണം കോടതിക്ക് കണ്ടുകെട്ടാനും സാധിക്കുമെന്നും നിയമം പറയുന്നു. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ശിക്ഷ ഇരട്ടിയാക്കും. 300-ാം വകുപ്പ് പ്രകാരം, പണം ശേഖരിച്ച് ഒമാന് പുറത്തേക്ക് അയയ്ക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴയും ലഭിക്കും. ഈ പണവും കോടതിക്ക് കണ്ടുകെട്ടാമെന്നാണ് നിയമം. നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ സംഭാവനകള്‍ നല്‍കാവൂ എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിയന്ത്രിതവുമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. വിശുദ്ധ റമദാന്‍ മാസത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അനധികൃത പണപ്പിരിവ് ഉണ്ടാവാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിപ്പ്.

To advertise here,