മലയാളത്തെയും ഈ മണ്ണിനെയും ഇത്രമാത്രം സ്‌നേഹിച്ച മറ്റൊരു പ്രവാസിവ്യവസായിയെ ഞാന്‍ കണ്ടിട്ടില്ല. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനകീയനായ വ്യക്തിയെന്ന വിശേഷണവും ഡോ. എം. അനിരുദ്ധന് സ്വന്തം. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്റെ സംഘാടകമികവുകൂടിയായിരുന്നു. ഷിക്കാഗോയിലാണ് താമസിച്ചതെങ്കിലും അമേരിക്കയില്‍ എവിടെയുമുള്ള മലയാളികളെ ഒരു ചരടില്‍ കോര്‍ത്തിണക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങള്‍. ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റെന്ന നിലയില്‍ ആഴത്തിലുള്ള സാമൂഹികബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അനായാസം സാധിച്ചതും സഹൃദയത്വംതുളുമ്പുന്ന അത്തരം ഇടപെടലുകളായിരുന്നു.

To advertise here,

കേരളവുമായി ബന്ധപ്പെട്ട ഏതുവിഷയമായാലും ഡോ. അനിരുദ്ധനെ സമീപിച്ചാല്‍ അദ്ദേഹം അതിനായി ഏതറ്റംവരെയും കൂടെനില്‍ക്കുമായിരുന്നു. അമേരിക്കയില്‍ ഞാനെത്തിയെന്നറിഞ്ഞാല്‍പ്പോലും അദ്ദേഹം എന്നെ കാണാന്‍ ഞാനുള്ളിടത്ത് എത്തുമായിരുന്നു. ന്യൂട്രീഷ്യന്‍ സംബന്ധമായുള്ള അദ്ദേഹത്തിന്റെ അറിവ് ആഴത്തിലുള്ളതായിരുന്നു. കോഴിക്കോട്ട് രാമനാട്ടുകരയിലുള്ള കിന്‍ഫ്ര പാര്‍ക്കില്‍ അദ്ദേഹം ന്യൂട്രീഷ്യന്‍ യൂണിറ്റ് ആരംഭിച്ചത് വെറുമൊരു വ്യവസായിയെന്ന നിലയിലായിരുന്നില്ല. ന്യൂട്രീഷ്യന്‍ മേഖലയിലുള്ള ഉള്‍ക്കാഴ്ചയാണ് അദ്ദേഹത്തിന്റെ ഓരോ നീക്കത്തിലും പ്രതിഫലിച്ചത്. കേരളത്തോടുള്ള സ്‌നേഹംമാത്രമാണ് അദ്ദേഹത്തിന്റെ ഓരോ ഇടപെടലിലും പ്രതിഫലിച്ചിട്ടുള്ളത്. കോഴിക്കോട്ട് ന്യൂട്രീഷ്യന്‍ യൂണിറ്റ് തുടങ്ങുന്നതിലും അതാണ് നാം കണ്ടത്. അമേരിക്കയില്‍ ഏതെങ്കിലും ബിസ്‌കറ്റ് കമ്പനിയില്‍ നിക്ഷേപിച്ചാല്‍പ്പോലും വലിയ ലാഭമുണ്ടാക്കാമായിരുന്ന ഡോ. അനിരുദ്ധന്, കേരളത്തില്‍ ഇത്രമാത്രം നിക്ഷേപം നടത്താനുള്ള പ്രേരണയെന്താണെന്ന് ചോദിച്ചാല്‍ അത് കേരളത്തോടുള്ള പ്രതിബദ്ധത ഒന്നുമാത്രമായിരുന്നു.